മലപ്പുറം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറത്ത് വിജയിച്ചാൽ മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാർത്ഥി എൻ. ശ്രീപ്രകാശിന്റെ പ്രസ്താവന ഏതു സാഹചര്യത്തിലായിരുന്നുവെന്നു വിശദീകരണം തേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

എന്നാൽ, ഇതൊരു ചർച്ചയാക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ബീഫ് വിഷയത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പാണെന്ന ശിവസേന നേതൃത്വത്തിന്റെ നിലപാടിൽ പ്രതികരിക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര നേതൃത്വത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം പ്രസ്‌ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ബിജെപി സ്ഥാനാർത്ഥി ബീഫ് വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. മണ്ഡലത്തിൽ ഗുണമേന്മയുള്ള ബീഫ് കടകൾ തുടങ്ങാൻ മുൻകൈയെടുക്കും. ബീഫ് നിരോധനമുള്ള സംസ്ഥാനങ്ങളിൽ പശുവിനെ കൊല്ലുന്നതാണു നിയമലംഘനമാകുന്നത്. പല സംസ്ഥാനങ്ങളിലും ചത്ത കന്നുകാലികളെപോലും ഭക്ഷണമാക്കുന്നുണ്ട്. ബീഫ് നിരോധനത്തെ അനുകൂലിക്കുന്നയാൾ എന്ന നിലയിൽ തനിക്കാരും വോട്ടുതരാതിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യർത്ഥിച്ചിരുന്നു.

ഇതു രാഷ്ട്രീയ വിവാദമാകുകയും രാഷ്ട്രീയ പാർട്ടികൾ ബിജെപിക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. മലപ്പുറത്ത് ബീഫ് നിരോധനത്തെക്കുറിച്ചു പറയാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്നു ചോദിച്ച് ശിവസേനയും രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണു വിശദീകരണം തേടാൻ ബിജെപി നേതൃത്വം തീരുമാനിച്ചത്.