കോട്ടയം: കമൽ, എംടി വിഷയങ്ങളിൽ ബിജെപിക്കുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷമായി. കമലിനും എംടിക്കും എതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ നിലപാടിനെ പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കൾ വിമർശിച്ചു. സംവിധായകൻ കമൽ രാജ്യം വിടണമെന്ന പരാമർശം രാഷ്ട്രീയ നേതാവിനു യോജിച്ചതല്ലെന്നതടക്കമുള്ള വിമർശനമാണ് ബിജെപി നേതൃയോഗത്തിൽ ഉയർന്നത്. ഇത്തരത്തിലുള്ള പരാമർശങ്ങൾ വെറും മാദ്ധ്യമശ്രദ്ധയ്ക്കുവേണ്ടിയുള്ളതാണെന്നും അഭിപ്രായം ഉണ്ടായി.

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സാഹിത്യകാരനായ എംടിക്കും സംവിധായകൻ കമലിനും എതിരേ രാധാകൃഷ്ണൻ നടത്തിയ പ്രസ്താവനകൾ സംസ്ഥാനതലത്തിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചുവെന്ന നിലപാടിലാണ് നേതാക്കൾ വിമർശനം ചൊരിഞ്ഞത്. വിഷയത്തിൽ ഇടതുപാർട്ടികളും യുഡിഎഫും ഒരുമിച്ചുനിന്നതു ബിജെപിക്കു വലിയ ക്ഷീണം ചെയ്തുവെന്നും വിലയിരുത്തപ്പെടുന്നു.

നേരത്തേ മുതിർന്ന നേതാവ് എ.എൻ. രാധാകൃഷ്ണനും എം.എസ്. കുമാറും രാധാകൃഷ്ണന്റെ നിലപാടുകളെ തള്ളി രംഗത്തെത്തിയിരുന്നു. കൈരളി ചാനലിനു നല്കിയ അഭിമുഖത്തിൽ ക്യൂബൻ വിപ്ലവനായകൻ ചെഗുവേരയെ അടക്കം പ്രശംസിക്കുന്ന നിലപാടാണ് സി.കെ. പത്മനാഭൻ കൈക്കൊണ്ടത്. ഇതിനു പിന്നാലെ എം.എസ്. കുമാർ തന്റെ ഫേസ്‌ബുക് പേജിൽ നല്കിയ കുറിപ്പിലും സമാന നിലപാടാണു സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനമടക്കമുള്ളവരും വിമർശനം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം, ചെഗുവേരയെ പ്രകീർത്തിച്ച ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭന്റെ നടപടി അനവസരത്തിലായിരുന്നെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടു. പത്മനാഭന്റെ പരാമർശത്തിൽ ആർഎസ്എസ് അതൃപ്തി രേഖപ്പെടുത്തി. സിപിഎമ്മിൽ ചേരുന്നതിനു കളമൊരുക്കാനാണു സികെപിയുടെ നീക്കമെന്ന ആക്ഷേപവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.

അതേസമയം ഉടനടി സികെപിക്കെതിരെ പരസ്യനടപടി വേണ്ടെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന നേതൃത്വം. തൃപ്തികരമായ വിശദീകരണം നൽകി ക്ഷമാപണം നടത്താൻ അദ്ദേഹം തയാറായില്ലെങ്കിൽ സംഘടനാ നടപടികൾ അനിവാര്യമാകുമെന്നാണ് വിലയിരുത്തൽ.

രാവിലെ ചേർന്ന നേതൃയോഗത്തിലും കോർ കമ്മിറ്റിയിലും സി.കെ. പത്മനാഭന്റെ പരസ്യപ്രതികരണങ്ങൾ ചർച്ചയായി. ഉച്ചയ്ക്കുശേഷം കോർ കമ്മിറ്റിയിൽ പത്മനാഭൻ പങ്കെടുക്കാൻ എത്തിയപ്പോൾ വിവാദ പരാമർശങ്ങൾ നടത്തിയ എ.എൻ. രാധാകൃഷ്ണൻ പുറത്തേക്ക് ഇറങ്ങി വന്നാണ് സ്വീകരിച്ചതെന്നും ശ്രദ്ധേയമാണ്. ഇരുവരും നിറഞ്ഞ ചിരിയോടെ തോളിൽ കൈയിട്ടാണ് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയതും.

സി.കെ. പത്മനാഭൻ തന്റെ നേതാവാണെന്നായിരുന്നു എ.എൻ. രാധാകൃഷ്ണന്റെ പ്രതികരണം. എന്നാൽ തനിക്ക് വ്യത്യസ്ത്യ അഭിപ്രായമുണ്ടെന്നാണ് സി.കെ പത്മനാഭൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. സംഘപരിവാറിലും നേരെചൊവ്വെ ചിന്തിക്കുന്നവരുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സി.കെ. പത്മനാഭന്റെ പരാമർശങ്ങളെക്കുറിച്ച് ഇന്ന് പറഞ്ഞത്.