കോട്ടയം: ബിജെപിയിലെ മുതിർന്ന നേതാവായ സികെ പത്മനാഭനെ പാർട്ടിയിൽ നിന്ന് ചാടിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം തകർക്കണമെന്ന് പാർട്ടിയിലെ വിശ്വസ്തർക്ക് കുമ്മനം രാജശേഖരൻ നിർദ്ദേശം നൽകി. സികെ പത്മനാഭനെ വേദനിപ്പിക്കുന്നതൊന്നും പുറത്ത് പറയരുതെന്നാണ് നിർദ്ദേശം. സികെപിയെ പ്രകോപിപ്പിച്ച് സിപിഐ(എം) ക്യാമ്പിലെത്തിക്കുന്നത് ബിജെപിക്ക് ദോഷം ചെയ്യുമെന്നാണ് കുമ്മനത്തിന്റെ നിലപാട്. ഭാവിയിൽ തെറ്റ് സംഭവിക്കാതെ നേതാക്കൾ പെരുമാറണം. ഇതുവരെ സംഭവിച്ചതെല്ലാം പഴയ കാര്യങ്ങളെന്നാണ് കുമ്മനത്തിന്റെ പക്ഷം. ചെഗുവേരയെ ഉയർത്തിക്കാട്ടി സികെപിക്കെതിരെ നടപടി ആവശ്യപ്പെട്ട ആർഎസ്എസ് നേതൃത്വത്തിലെ ഒരു വിഭാഗത്തേയും കുമ്മനം അനുനയിപ്പിച്ചിട്ടുണ്ട്. ആരേയും സിപിഎമ്മിന് വിട്ടുകൊടുക്കരുതെന്നാണ് കുമ്മനത്തിന്റെ നിലപാട്.

കണ്ണൂരിൽ ചുമതലുണ്ടായിരുന്ന പത്മകുമാറനെന്ന ആർഎസ്എസ് പ്രചാരകനെ അടർത്തിയെടുത്ത് സിപിഐ(എം) പത്രസമ്മേളനം നടത്തി. എന്നാൽ രണ്ട് ദിവസങ്ങൾക്കുള്ളിൽ പത്മകുമാറിനെ കൊണ്ട് തിരുത്തിച്ചതും ബിജെപി ക്യാമ്പിലെത്തിച്ചതും കുമ്മനത്തിന്റെ ഇടപെടലായിരുന്നു. ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് ആരും പോകരുതെന്ന് ഉറപ്പാക്കണമെന്ന നിർദ്ദേശം എല്ലാവർക്കും നൽകി. എന്നാൽ തിരുവനന്തപുരത്ത് ബിജെപി ശക്തി കേന്ദ്രത്തിൽ നിന്ന് ചിലർ സിപിഎമ്മനൊപ്പം ശനിയാഴ്ച ചേർന്നിരുന്നു. പല നേതാക്കളേയും സിപിഐ(എം) ലക്ഷ്യമിടുന്നുമുണ്ട്. അതുകൊണ്ട് കരുതലോടെ നീങ്ങണം. ചെഗുവേര പ്രസംഗത്തേയും സികെപിയേയും മുഖ്യമന്ത്രി പുകഴ്‌ത്തിയതും പോലും വ്യക്തമായ ലക്ഷ്യത്തോടെയാണ്. അതിനാൽ സികെപിയെ സിപിഎമ്മിന് വിട്ടുകൊടുക്കരുത്. ഇതാണ് കുമ്മനത്തിന്റെ നിലപാട്.

എന്നാൽ പിപി മുകുന്ദനേയും സിപിഎമ്മും കോൺഗ്രസും നോട്ടമിടുന്നുവെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ ഒരു നിലപാട് കുമ്മനം സ്വീകരിക്കുന്നതുമില്ല. കൃഷ്ണദാസ്-മുരളീധഥര പക്ഷങ്ങൾ മുകുന്ദനെ എടുക്കുന്നതിന് എതിരാണ്. ഈ സാഹചര്യത്തിൽ താൻ ഒന്നും പറയില്ലെന്നാണ് കുമ്മനത്തിന്റെ നിലപാട്. ആർഎസ്എസ് നേതൃത്വം മുകുന്ദനുമായി ബന്ധപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ചില ആർഎസ്എസ് നേതാക്കൾ മുകുന്ദനുമായി ആശയ വിനിമയവും നടത്തി. എന്നാൽ അത് രാഷ്ട്രീയകാര്യങ്ങളായിരുന്നില്ല. ആർഎസ്എസ് ക്യാമ്പ് വിട്ടുപോകില്ലെന്ന വ്യക്തമായ സൂചന മുകുന്ദൻ അവർക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിജെപി ഇക്കാര്യം ചർച്ച ചെയ്യില്ല. എന്നാൽ ബിജെപിക്കാരുടെ അവഗണനയിൽ കടുത്ത അതൃപ്തിയിലാണ് മുകുന്ദനെന്നാണ് സൂചന.

ഏതായാലും വിവാദമായ കമൽ,എംടി,ചെഗുവേര പരാമർശങ്ങളിൽ ബിജെപി നേതാക്കളായ എഎൻ രാധാകൃഷ്ണനും സികെ പത്മനാഭനുമെതിരെ നടപടിയുണ്ടായേക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. വിവാദങ്ങൽ അവസാനിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണം. മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിക്കെതിരെ നടത്തുന്ന പ്രസ്താവനകൾ അസഹിഷ്ണുതയിൽ നിന്നാണ് ഉയരുന്നത്.ആശയപരമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ സാധിക്കാത്തതിനാലാണ് വിവാദങ്ങളുണ്ടാക്കാൻ സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നത്-കുമ്മനം പറഞ്ഞു.

കമൽ, എം ടി വാസുദേവൻനായർ, ചെഗുവേര എന്നിവർക്കെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. തുടർന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം സികെ പത്മനാഭൻ രാധാകൃഷ്ണന്റെ പ്രസ്താവനകളെ തള്ളുകയും ഇവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കമൽ രാജ്യദ്രോഹിയാണെന്നും രാജ്യം വിടണമെന്നുമായിരുന്നു രാധാകൃഷ്ണന്റെ പ്രസ്താവന. സംസ്ഥാനത്ത് ആക്രമണങ്ങൽ വർധിക്കാൻ കാരണം ചെഗുവേരയാണെന്നും അതിനാൽ ചെഗുവേരയുടെ ചിത്രങ്ങൾ എടുത്തുമാറ്റണമെന്നും രാധാകൃഷ്ണൻ പറഞ്ഞിരുന്നു.

ഇതിനെ തള്ളിയാണ് സികെ പത്മനാഭൻ രംഗത്തുവന്നത്. കമലിനോട് രാജ്യംവിടാൻ പറയാൻ ആർക്കാണ് അധികാരമെന്നും, ചെഗുവേരയെ അറിയാത്തവർ ബൊളീവിയൻ ഡയറി വായിക്കണമെന്നുമായിരുന്നു സികെ പത്മനാഭന്റെ പ്രതികരണം. അച്ചടക്ക നടപടി ഒഴിവാക്കണമെങ്കിൽ സി.കെ പത്മനാഭൻ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കണമെന്ന് ഇന്നലെ ചേർന്ന ബിജെപി ഉന്നത നേതൃയോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ അതിന് ശേഷം ചേർന്ന കോർകമ്മിറ്റിയോഗത്തിൽ സി.കെ പത്മനാഭന് അനുകൂലമായ നിലപാടാണ് രൂപപ്പെട്ടത്. ബിജെപി എംഎ‍ൽഎ ഒ രാജഗോപാലും കുമ്മനം രാജശേഖരനും പത്മനാഭനെ പിന്തുണയ്ക്കുകയും എ.എൻ രാധാകൃഷ്ണനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. പത്മനാഭനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടായിരുന്നു ഇരുനേതാക്കളും സ്വീകരിച്ചത്.

രാധാകൃഷ്ണന്റെ പ്രസ്താവന മാദ്ധ്യമ ശ്രദ്ധയ്ക്ക് വേണ്ടി ആണെന്നായിരുന്നു കുമ്മനം അഭിപ്രായപ്പെട്ടത്. എന്നാൽ ചെഗുവേരയെ പ്രകീർത്തിച്ച സികെ പത്മനാഭന്റെ നിലപാട് തങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടായിരുന്നു നേരത്തെ ആർഎസ്എസ് നേതൃത്വം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ പിണറായിയുടെ നീക്കത്തെ പ്രതിരോധിക്കാൻ സികെപിയെ കൂടെ നിർത്തണമെന്നാണ് കുമ്മനത്തിന്റെ പക്ഷം.