തിരുവനന്തപുരം: ബിജെപിയെ പൊതുശത്രുവായിക്കണ്ട് എൽഡിഎഫും യുഡിഎഫും ഒന്നിച്ച് പ്രവർത്തിച്ചുവെന്ന് മുതിർന്ന ബിജെപി നേതാവും നേമത്തെ സ്ഥാനാർത്ഥിയുമായ കുമ്മനം രാജശേഖരൻ. ഒത്തുകളി രാഷ്ട്രീയമാണ് നേമത്ത് നടന്നത് എന്ന് വ്യക്തമാണ്. എല്ലാവർക്കും ഒരു ലക്ഷ്യമേ ഉണ്ടായിരുന്നൊള്ളൂ. ബിജെപിയെ പരാജയപ്പെടുത്തണം എന്നതായിരുന്നു അത്.

ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസും പറഞ്ഞത് അത്തരത്തിലാണ്. എല്ലാവർക്കും തോൽപ്പിക്കേണ്ടത് ആരെ ആയിരുന്നുബിജെപിയെ തോൽപ്പിക്കുക എന്നതായിരുന്നു എല്ലായിപ്പോഴും രണ്ടുകൂട്ടരുടേയും ലക്ഷ്യം. കേരളത്തിലുടനീളം ബിജെപിയെ തോൽപ്പിക്കുക എന്ന് പറയുമ്പോൾ ശത്രുവിന്റെ ശത്രു മിത്രമാവുക സ്വാഭാവികമാണ്. നേമത്തെ പരാജയത്തെപ്പറ്റി ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ട്. ഓരോ ബൂത്തിലെയും വോട്ടുകളുടെ വിവരങ്ങൾ ലഭിച്ചശേഷം പാർട്ടി ഒന്നിച്ച് ചർച്ചചെയ്ത് വിലയിരുത്തൽ നടത്തും.

സിപിഎമ്മിലേക്ക് കോൺഗ്രസിന്റെ വോട്ട് എങ്ങനെ പോയെന്ന് കോൺഗ്രസുകാരാണ് പറയേണ്ടത്. കെ മുരളീധരൻ കരുത്തനായ സ്ഥാനാർത്ഥിയെന്ന് പറഞ്ഞ് മത്സരിച്ചിട്ട് ശശി തരൂരിന് കിട്ടിയ വോട്ടെവിടെ എന്നും കുമ്മനം ചോദിച്ചു.