ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ കേന്ദ്രസർക്കാർ മിസോറാമിലെ ഗവർണറാക്കാൻ തീരുമാനിച്ചു. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വന്ന ഇത്തരമൊരു തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ് കേരളത്തിലെ ബിജെപി നേതൃത്വം. ആർക്കും ഒരു സൂചനയും നൽകാതെ മോദിയും അമിത്ഷായും ഉൾപ്പെടെ നേരിട്ടെടുത്ത തീരുമാനമാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. കുമ്മനത്തെ മിസോറാം ഗവർണറായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി.

മിസോറാമിൽ ഇപ്പോഴുള്ള ഗവർണർ നിർഭയ് ശർമ്മയുടെ കാലാവധി ഈ മാസം 28ന് അവസാനിക്കും. അതിന് തൊട്ടുമുമ്പാണ് തിടുക്കത്തിൽ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. കേരളത്തിലെ പാർട്ടി നേതൃത്വത്തിൽ അമിത്ഷായും മോദിയും സമഗ്രമായ അഴിച്ചുപണി നടത്തുമെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ തീരുമാനം.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ ചൂടിൽ ബിജെപി കടുത്ത മത്സരം കാഴ്ചവയ്ക്കുമെന്ന നിലയിൽ ആദ്യഘട്ടത്തിൽ കാര്യങ്ങൾ ചർച്ചചെയ്യപ്പെ്‌ട്ടെങ്കിലും കേരളത്തിൽ പാർട്ടിയുടെ പ്രവർത്തനത്തിൽ അമിത്ഷായ്ക്കും കേന്ദ്ര നേതൃത്വത്തിനും വലിയ തൃപ്തിയില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നീക്കം. കുമ്മനത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയെന്ന ആക്ഷേപം ഉയരാതിരിക്കാൻ അദ്ദേഹത്തെ ഉയർന്ന പദവി നൽകി കേന്ദ്രം നിയോഗിച്ചു എന്ന നിലയിൽ കാര്യങ്ങൾ എത്തിക്കാനുള്ള തന്ത്രമാണ് കേന്ദ്രം നടപ്പാക്കുന്നത്.

ഇതോടൊപ്പം കേരളത്തിൽ പുതിയ സംസ്ഥാന അധ്യക്ഷൻ ആരാകുമെന്ന ചർച്ചയും തുടങ്ങിക്കഴിഞ്ഞു. ആർഎസ്എസ് നേതൃത്വത്തിന്റെ കൂടെ ഇടപെടലോടെയാണ് കുമ്മനത്തെ മാറ്റിയത്. കേന്ദ്രത്തിൽ മോദിയും അമിത്ഷായും അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് ആറന്മുള സമരനായകനെന്ന നിലയിൽ ശ്രദ്ധേയനായ കുമ്മനത്തെ പാർട്ടി സംസ്ഥാന അധ്യക്ഷനായി തീരുമാനിച്ചത്. അതിൽ സംസ്ഥാന നേതാക്കളിൽ പലർക്കും അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കേരളത്തിൽ മൊത്തത്തിൽ ബിജെപിയെ ഒരുമിച്ച് നിർത്താനോ ദേശീയ വികാരത്തിന്റെ കൂടെ നിർത്താനോ കേരളത്തിൽ പാർട്ടിക്ക് അകത്തുണ്ടായ രാഷ്ട്രീയ വടംവലികളുടെ സാഹചര്യത്തിൽ കുമ്മനത്തിന് കഴിഞ്ഞില്ല.

ഇപ്പോൾ കർണാടകത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും കേരളമുൾപ്പെടെ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ നില മോശമാണ്. കർണാടകത്തിലും ദളും കോൺഗ്രസും ഒരുമിച്ച് നിൽക്കുന്ന സാഹചര്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉണ്ടായാൽ അത് പാർട്ടിക്ക് വലിയ ക്ഷീണമാകും. ഇതോടെ ദക്ഷിണേന്ത്യയിൽ ബിജെപി പ്രതീക്ഷിക്കുന്ന സീറ്റുകൾ കിട്ടാത്ത സാഹചര്യവും ഉണ്ടാകും. അതിനെ മറികടക്കാൻ പാർട്ടി തലത്തിൽ മൊത്തത്തിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരനെ അടുത്തിടെ എംപിയാക്കി മാറ്റിക്കൊണ്ട് ബിജെപി മറ്റൊരു നീക്കവും നടത്തിയിരുന്നു. സംസ്ഥാനത്തെ മുൻനിര നേതാക്കളെ വെറുപ്പിക്കാതെ തന്നെ ഇത്തരത്തിൽ സ്ഥാനങ്ങൾ നൽകി മാറ്റുകയെന്ന നിലപാടിലേക്ക് കാര്യങ്ങൾ നീക്കുകയാണ് ബിജെപി കേന്ദ്രനേതൃത്വം.

ഏതായാലും കുമ്മനത്തെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി തന്നെ മാറ്റുന്നതോടെ വലിയ സന്ദേശമാണ് പാർട്ടി സംസ്ഥാനത്തെ പ്രവർത്തകർക്ക് നൽകാൻ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. ഒരു ഹൈന്ദവ മുന്നേറ്റം കേരളത്തിൽ സൃഷ്ടിക്കാൻ ഇപ്പോഴത്തെ സംസ്ഥാന നേതാക്കൾക്ക് കഴിയുന്നില്ലെന്ന വിലയിരുത്തലാണ് അതിൽ പ്രധാനം. നേമത്ത് ഒ രാജഗോപാൽ വിജയിച്ചതൊഴിച്ച് തിരഞ്ഞെടുപ്പിൽ വലിയ വിജയങ്ങളിലേക്ക് തുടർന്ന് കാര്യങ്ങളെത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. കുമ്മനത്തിന്റെ സംസ്ഥാന അധ്യക്ഷ പദവിയിലേക്കുള്ള നിയമനം പോലും മുൻനിര നേതാക്കളെ തഴ്ഞ്ഞു്ള്ള കെട്ടിയിറക്കലെന്ന നിലയിലുള്ള വിലയിരുത്തലിലേക്ക് കാര്യങ്ങൾ എത്തിച്ചിരുന്നു. ഇനിയാര് എന്ന ചോദ്യം ബാക്കി നിർത്തി കുമ്മനത്തെ മാറ്റുമ്പോഴും ബിജെപി ദേശീയ നേതൃത്വം കേരളത്തിൽ വലിയൊരു അഴിച്ചുപണിക്ക് കളമൊരുക്കുന്നു എന്ന സൂചനകളാണ് സംസ്ഥാന നേതാക്കളും പങ്കുവയ്ക്കുന്നത്.