തിരുവനന്തപുരം: ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേയാണ് പ്രചരണം നയിച്ച് ബിജെപി അധ്യക്ഷൻ കുമ്മരം രാജശേഖരനെ മിസോറാം ഗവർണറാക്കി നിയമിച്ച് ഉത്തരവിടുന്നത്. ഈ തീരുമാനം ഫലത്തിൽ മണ്ഡലത്തിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. എൻഡിഎ മുന്നണി എന്ന നിലയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ ഏറെ പ്രതീക്ഷകൾ മണ്ഡലത്തിൽ ബിജെപിക്കുണ്ടായിരുന്നു. എന്നാൽ, ആ നിലയിൽ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് കുമ്മനം രാജശേഖരനെ മാറ്റാനുള്ള തീരുമാനം ബിജെപി കേന്ദ്ര നേതൃത്വം കൈക്കൊണ്ടതെന്നാണ് പൊതു വിലയിരുത്തൽ.

ആരെയും അറിയിക്കാതെയുള്ള ബിജെപി നീക്കം സംസ്ഥാന നേതാക്കളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതു കൊണ്ടാണ് കുമ്മനത്തെ കെട്ടുകെട്ടിക്കുന്നത് എന്നാണ് കോൺഗ്രസും സിപിഎമ്മും പ്രചരിപ്പിക്കുന്നത്. അതേസമയം ഇത് നേട്ടമാണെന്ന് ബിജെപി നേതാക്കളും പറയുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പുലിയൂരിലെ പൊതുയോഗത്തിൽ പ്രസംഗിച്ചു കൊണ്ടിരുന്ന കുമ്മനം തന്നെ ഇക്കാര്യം മുൻകൂട്ടിയറിഞ്ഞോയെന്ന സംശയമാണു നേതാക്കൾ പങ്കുവയ്ക്കുന്നത്. ഗവർണർ പദവി കുമ്മനത്തിന് അംഗീകാരമാണ്. ആദ്യമായാണു കേരളത്തിൽനിന്നൊരു നേതാവിനെ ബിജെപി ഗവർണറായി നിയമിക്കുന്നത്.

എന്നാൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പട നയിക്കുന്ന ഘട്ടത്തിൽത്തന്നെ അമരത്തുനിന്നു നായകനെ മാറ്റുന്നതു സമ്മിശ്ര പ്രതികരണം പാർട്ടിയിൽ സൃഷ്ടിച്ചിരിക്കുന്നു. ആരാണു പുതിയ പ്രസിഡന്റ് എന്ന ചോദ്യത്തിന് ആർക്കും വ്യക്തമായ ഉത്തരമില്ല. എത്രയും വേഗം അതുണ്ടായേക്കുമെന്നു മാത്രം പ്രതീക്ഷിക്കുന്നു. ഉപതിരഞ്ഞെടുപ്പിനുശേഷം കേരള നേതൃത്വത്തിൽ അഴിച്ചുപണിയെന്ന മുന്നറിയിപ്പു നേരത്തേ കേന്ദ്ര നേതൃത്വം അനൗപചാരികമായി നേതാക്കൾക്കു നൽകിയിരുന്നു. ഭേദപ്പെട്ട പ്രകടനം ഉണ്ടായില്ലെങ്കിൽ സംസ്ഥാന നേതൃനിരയെ അപ്പാടെ മാറ്റുമെന്ന പ്രതീതിയാണു നിലനിന്നത്. ഇപ്പോൾ വോട്ടെടുപ്പിനു മുമ്പുതന്നെ ആ മാറ്റം ഉണ്ടായതിനു പല വ്യാഖ്യാനങ്ങൾ നേതാക്കൾ നൽകുന്നു. ഉപതിരഞ്ഞടുപ്പിലെ പ്രകടനത്തിന്റെ പേരിൽ മാറ്റിയെന്ന തോന്നൽ ഒഴിവാക്കാനാണ് ഇതെന്ന വാദമാണു ശക്തം.

ഉപതിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ കേരള നേതാവിനു പദവി നൽകി സംസ്ഥാന ഘടകത്തെ അംഗീകരിച്ചതാണെന്ന് അവകാശപ്പെടുന്നവരുമുണ്ട്. വി.മുരളീധരനു രാജ്യസഭാംഗത്വം നൽകിയതോടെ പാർട്ടിയിൽ കുമ്മനം നയിക്കുന്ന ഔദ്യോഗിക ചേരിയിൽ ചില നീരസങ്ങളുണ്ടായിരുന്നു. ഇപ്പോൾ കുമ്മനത്തിനുതന്നെ അതിലും വലിയ പദവി കേന്ദ്രം സമ്മാനിച്ചിരിക്കുന്നു എന്നു വിലയിരുത്തലുണ്ട്.

അതേസമയം നരേന്ദ്ര മോദി സർക്കാരിന്റെ നാലാം വാർഷികവേളയിലാണ് കുമ്മനം രാജശേഖരനെത്തേടി ഗവർണർപദവിയെത്തുന്നത്. മുതിർന്ന നേതാവായ ഒ. രാജഗോപാലിന്റെ പേരിനൊപ്പം മുൻപ് പലവട്ടംകേട്ട ഈ പദവി കുമ്മനത്തെ തേടിയെത്തുന്നത് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ നടുവിലാണെന്ന പ്രത്യേകതയുമുണ്ട്. ഇതോടെ കുമ്മനം രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. എന്നാൽ, വി. മുരളീധരന്റെ മന്ത്രിസഭാ പ്രവേശനസാധ്യതയേറുകയും ചെയ്തു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വേരോട്ടമുറപ്പിക്കാൻ യത്നിക്കുന്ന ബിജെപി.ക്ക് മിസോറം നിർണായകസംസ്ഥാനമാണ്. കോൺഗ്രസിന്റെ കൈവശമിരിക്കുന്ന മിസോറമിൽ മോദിയും അമിത് ഷായും കണ്ണുവെച്ചിട്ടുണ്ട്. കുമ്മനത്തെ അവിടെ നിയോഗിക്കാനുള്ള തീരുമാനത്തിനുപിന്നിൽ ഇതുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയാലോചനകൾക്കും സാധ്യതയുണ്ട്.

ബിജെപി. സംസ്ഥാനഘടകത്തിലെ പടലപ്പിണക്കങ്ങൾ അതിരുകടന്നപ്പോഴാണ് പ്രത്യക്ഷ രാഷ്ട്രീയപ്രവർത്തകനല്ലാത്ത കുമ്മനത്തെ ആർഎസ്എസ്. കേരളത്തിൽ സംസ്ഥാനാധ്യക്ഷനായി നിയമിച്ചത്. എന്നാൽ, കുമ്മനം സ്ഥാനമേറ്റശേഷവും ഗ്രൂപ്പുപോരിന് കാര്യമായ ശമനമുണ്ടായില്ല. വൻ കോളിളക്കമുണ്ടാക്കിയ മെഡിക്കൽ കോളേജ് കോഴക്കേസിൽ കുമ്മനത്തിന്റെ ഡൽഹിയിലെയും നാട്ടിലെയും സഹായികളുടെ പേരുകൾ പാർട്ടിയിലെ ഒരുപക്ഷം ഉയർത്തിയത് അദ്ദേഹത്തിന് ഏറെ ക്ഷീണമുണ്ടാക്കി. കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനാ സമയത്ത് കുമ്മനത്തെ രാജ്യസഭാംഗമാക്കി മന്ത്രിസഭയിലെത്തിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ, മുൻ സംസ്ഥാനാധ്യക്ഷൻ വി. മുരളീധരനാണ് രാജ്യസഭാംഗമായത്.

നിലവിലെ ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസ്സോറാം സംസ്ഥാനത്തിന്റെ വർണറായി നിയമിച്ചതോടെ കേരള ബിജെപിയുടെ അധ്യക്ഷനായി പുതിയൊരാൾ എത്തുമെന്ന് ഉറപ്പായി. കുമ്മനത്തിന്റെ പിൻഗാമിയെ അമിത് ഷാ ഉടൻ പ്രഖ്യാപിക്കും എന്നാണ് ബിജെപി കേന്ദ്രനേതൃത്വം നൽകുന്ന സൂചന. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾ മാത്രം അവശേഷിക്കേ വലിയ വെല്ലുവിളികളാണ് പുതിയ അധ്യക്ഷനെ കാത്തിരിക്കുന്നത്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് കുമ്മനത്തെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. നിലവിലെ മിസ്സോറാം ഗവർണർ മെയ് 28-ന് വിരമിക്കും എന്നിരിക്കെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് കേരളം വിടേണ്ടി വരും. വെള്ളിയാഴ്‌ച്ച രാത്രി എട്ടരയോടെയാണ് കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയത്.

മുരളീധരൻപക്ഷവും കൃഷ്ണദാസപക്ഷവും എന്നിങ്ങനെ രണ്ടായി തിരിഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം പരസ്പരം ഏറ്റുമുട്ടുന്നതിനിടെയാണ് 2015-ൽ കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി അമിത് ഷാ നിയമിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നായിരുന്നു ആർഎസ്എസ് താത്പര്യം കൂടി കണക്കിലെടുത്ത് അമിത് ഷാ കുമ്മനത്തെ ബിജെപിയിലേക്ക് കൊണ്ടു വന്നത്. അത്തരമൊരു നീക്കം അമിത് ഷാ ഇക്കുറിയും നടത്തുമോ എന്നത് കണ്ടറിയണം.

നിലവിൽ കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കളിൽ വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ്,സി.കെ.പത്മനാഭൻ, പി.എസ്.ശ്രീധരൻപ്പിള്ള...എന്നിവർ ഇതിനോടകം ബിജെപി അധ്യക്ഷ സ്ഥാനത്ത് ഇരുന്നവരാണ്. അതല്ല പുതിയൊരാളെയാണ് അമിത് ഷാ ആഗ്രഹിക്കുന്നതെങ്കിൽ കെ.സുരേന്ദ്രൻ, എം ടി.രമേശ്,ശോഭാ സുരേന്ദ്രൻ,കെ.പി.ശ്രീശൻ.... തുടങ്ങിയ സീനിയർ നേതാക്കളിൽ ആരെയെങ്കിലും പരിഗണിക്കാം. അതല്ല ആർഎസ്എസ് നേതൃത്വത്തിൽ നിന്നോ ഇതരസംഘപരിവാർ സംഘടനകളിൽ നിന്നോ ഒരാൾ വന്നാലും അത്ഭുതപ്പെടാനില്ല.