കണ്ണൂർ: കുമ്മനം രാജശേഖരന്റെ യാത്ര സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിലൂടെ പോകുമ്പോൾ സിപിഎമ്മിന് പകയ്ക്കേണ്ട കാര്യമുണ്ടോ? കണ്ണൂരിലെ രാഷ്ട്രീയം അറിയാവുന്നവർ പറയും ഒരു കാര്യവും ഇല്ലെന്ന്. അമിത് ഷായും കേന്ദ്ര മന്ത്രിമാരും ബിജെപി മുഖ്യ മന്ത്രിമാരും ഒക്കെ ഒരുമിച്ചെത്തി കരിംപൂച്ചകളുടെ സഹായത്തോടെ കടന്നു പോകുന്നതിൽ ആർക്കാണ് അതിശയം? അന്യ ജില്ലകളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരെ ആളെ കൊണ്ടു വന്നാണ് ബിജെപി ആൾക്കൂട്ടത്തെ സൃഷ്ടിക്കുന്നതതെന്ന് കണ്ണൂരുകാർക്കറിയാം. കുമ്മനം കണ്ണൂർ വിട്ടാൽ പതിന്മടങ്ങ് ആളുകളുമായി കുമ്മനം നടന്ന വീഥികൾ എല്ലാം രക്തശോഭിതം ആക്കാനും സിപിഎമ്മിന് ഒരു ദിവസം മതിയാകും.

എന്നിട്ടും എന്തിനാണ് സി.പി.എം ഇങ്ങനെ വിളറി പിടിക്കുന്നത് എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഈ വിറളിയുടെ ഏറ്റവും വലിയ ലക്ഷണമായി ചൂണ്ടിക്കാട്ടുന്നത് ഇന്നലത്തെയും ഇന്നത്തെയും ദേശാഭിമാനി പത്രങ്ങൾ ആണ്. ഓണം പ്രമാണിച്ച് കുമിഞ്ഞു കൂടുന്ന പരസ്യങ്ങൾ ചേർക്കാൻ ആണ് സാധാരണ പത്രങ്ങൾ രണ്ടു ഒന്നാം പേജുകൾ ഉണ്ടാക്കുന്നത്. മനോരമയുടെ മാർക്കറ്റിങ്ങ് വിഭാഗം കണ്ടെത്തിയ നമ്പർ ആണിത്. എന്നാൽ കുമ്മനത്തിന്റെ ജാതിയെ പ്രതിരോധിക്കാൻ രണ്ടു ദിവസമായി ദേശാഭിമാനി ഇറങ്ങുന്നത് രണ്ടു ഒന്നാം പേജുകളുമായാണ്. രണ്ടു പേജുകളും നിറയെ ആർഎസ്എസുകാർ കൊന്ന സിപിഎമ്മുകാരുടെ ചിത്രങ്ങളും ബിജിപി സംസ്ഥാനങ്ങളിലെ ദയനീയ സ്ഥിതിയുമൊക്കെയാണ്. ഇത് ബിജെപി യാത്രയെ സി.പി.എം ഭയക്കുന്നതിന് തെളിവായി സംഘപരിവാറുകാർ ആരോപിക്കുന്നു. സോഷ്യൽ മീഡിയയിൽ ഈ പ്രചരണവും സജീവമാവുകയാണ്.

അഞ്ചാം തീയതിയിലെ ദേശാഭിമാനിയുടെ ആദ്യ പേജിൽ ഇതോ ബിജെപിയുടെ ജനരക്ഷയെന്ന തലക്കെട്ടാണുള്ളത്. ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവും ഒടുവിൽ പുറത്തു വന്ന നേർ ചിത്രങ്ങൾ ഇതാ... ഝാർഖണ്ഡിലും മധ്യപ്രദേശിലും ഗുജറാത്തിലും രാജസ്ഥാനിലും കഴിഞ്ഞ ദിവസം നടന്ന മനുഷ്യത്വ രഹിതവും നിഷ്ഠൂരുവുമായ ആക്രമങ്ങൾ, പീഡനങ്ങൾ, നീതിക്കായുള്ള പോരാട്ടങ്ങൾ... ഇങ്ങനെ കാര്യങ്ങൾ വിശദീകരിക്കുന്നു. മധ്യപ്രദേശിൽ കർഷകരുടെ തുണിയിരിഞ്ഞു, കൗമരാക്കാരായ സഹോദരിമാരെ കൂട്ട ബലാത്സംഗം ചെയ്ത ജാർഖണ്ടിലെ വാർത്ത. രാജസ്ഥാനിൽ നിന്ന് ശവസംസ്‌കാര സത്യഗ്രമെന്ന റിപ്പോർട്ട്. പിന്നെ ഗുജറാത്തിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ദളിത വാർത്ത. അങ്ങനെ ദേശാഭിമാനം വ്യാഴാഴ്ച പത്രം മുഴുവൻ ബിജെപി യാത്രയുടെ പരസ്യത്തിനായി മാറ്റി വച്ചു.

പിണറായിയിൽ നടക്കാൻ ധൈര്യമില്ലാത്തതു കൊണ്ട് അമിത് ഷാ ഡൽഹിക്ക് മടങ്ങിയെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. അങ്ങനെ പുച്ഛിക്കുന്ന യാത്രയെ രാഷ്ട്രീയമായി നേരിടാനാണ് ദേശാഭിമാനി ഇങ്ങനെ ശ്രമിക്കുന്നത്. ഇന്നത്തെ പത്രത്തിനും രണ്ട് ഒന്നാം പേജുകളുണ്ട്. പത്രത്തിന്റെ ആദ്യ പേജിൽ ബിജെപി അജണ്ടകളെ പൊളിക്കാനാണ് ശ്രമം. എന്തിനെടുത്തു ഇവരുടെ ജീവൻ? എന്നതാണ് ചോദ്യം. പെരുനുണ പൊലിപ്പിച്ചെടുക്കുക. അത് സത്യമെന്ന പോലെ അവതരിപ്പിക്കുക. ആർഎസ്എസിന്റെ രാഷ്ട്രീയ തന്ത്രം ഇതാണെന്ന് ദേശാഭിമാനി പറയുന്നു. ആർഎസ്എസ് കൊലപ്പെടുത്തി സി.പി.എം പ്രവർത്തകരുടെ ചിത്രമാത്രമാണ് ആദ്യ പേജിലുള്ളത്. കുമ്മനത്തിന്റെ സിപിഎമ്മിനെതിരായ ബലിദാനി മുദ്രാവാക്യത്തെ പൊളിക്കാനുള്ള നീക്കം.

രണ്ടാമത്തെ ഒന്നാം പേജിൽ കുമ്മനത്തെ പെരുവഴിയിലാക്കി അമിത് ഷാ മുങ്ങിയെന്നും വിശദീകരിക്കുന്നു. യോഗി ആദിത്യനാഥിന്റെ യുപി ഭരണത്തെ കുറ്റപ്പെടുത്തുന്ന മറ്റൊരു വാർത്തയുമുണ്ട്. അങ്ങനെ ബിജെപി വിരുദ്ധത നിറയ്ക്കാനാണ് ദേശാഭിമാനി ശ്രമിക്കുന്നത്. യുഡിഎഫ് ഹർത്താൽ മാറ്റിയത് ബിജെപിക്ക് വേണ്ടിയാണെന്ന കോടിയേരിയുടെ പ്രസ്താവനയും ഉണ്ട്. സി.പി.എം ഇത്രയും അങ്കലാപ്പ് പ്രകടിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യവും സജീവമാകുകയാണ്. വെറും സാധാരണ യാത്രയാണ് കുമ്മനം നയിക്കുന്നത്. അതിന് പ്രതീക്ഷച്ചതിലും അധികം ശ്രദ്ധ നേടിക്കൊടുക്കുകയാണ് ദേശാഭിമാനി പറയുന്നത്. കേരളത്തിൽ സി.പി.എം ഭയക്കുന്നത് ബിജെപിയെയാണെന്ന് വ്യക്തമാക്കുന്ന തരത്തിലെ വാർത്തകൾ. ഇത് ബിജെപിയുടെ വളർച്ചയ്‌ക്കേ ഗുണം ചെയ്യൂ. കോൺഗ്രസ് നടത്തുന്ന കേരളാ യാത്രയ്ക്ക് പോലും ഇത്രയേറെ കുരതൽ ദേശാഭിമാനിയോ സിപിഎമ്മോ എടുത്തിട്ടില്ല. ഇത് ഉയർത്തിയാണ് ബിജെപിക്കാരുടെ സോഷ്യൽ മീഡിയ പ്രചരണങ്ങൾ.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സംസ്ഥാന നേതാക്കളെയാകെ വെട്ടിലാക്കി ജനരക്ഷായാത്രയിൽനിന്ന് മുങ്ങി. ചുവപ്പൻ കോട്ടകൾ ഇളക്കിമറിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി റോഡ്‌ഷോ പിണറായിയിലെത്തുമ്പോൾ വെടിതീർന്നതുപോലെയായി. കേരള മുഖ്യമന്ത്രിയുടെ പ്രബുദ്ധമായ നാട് ഇളകിയുമില്ല, മറിഞ്ഞുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം കുലുക്കുന്നതിനായി അമിത് ഷാ മണ്ഡലത്തിൽ മുഴുനീളം പദയാത്ര നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അവസാനനിമിഷം കുമ്മനത്തെയും കൂട്ടരെയും പെരുവഴിയിലാക്കി അമിത് ഷാ നാടകീയമായി വിട്ടുനിന്നു. പയ്യന്നൂരിലെ ഉദ്ഘാടനച്ചടങ്ങു മുതൽ തനിക്കു ലഭിച്ച തണുപ്പൻ സ്വീകരണവും കൊട്ടിഘോഷിച്ച് നടത്തുന്ന യാത്രയെ ജനങ്ങൾ പാടേ അവഗണിച്ചതും അമിത്ഷായെ ചൊടിപ്പിച്ചിരുന്നു. ദേശീയശ്രദ്ധ കേരളത്തിലേക്ക് തിരിച്ചുവിടാൻ ബിജെപി നടത്തുന്ന പ്രചാരണങ്ങളും കുതന്ത്രങ്ങളും ചെലവാകുന്നില്ലെന്ന തിരിച്ചറിവും ദേശീയ നേതൃത്വത്തിനുണ്ടായി. യാത്രയുടെ ജനപിന്തുണ സ്വകാര്യ ഏജൻസിയെവച്ച് ബിജെപി നേതൃത്വം പരിശോധിക്കുന്നുണ്ട്. അതിന്റെ ഫലം നിരാശാജനകമായതും അമിത് ഷായെ സ്ഥലംവിടാൻ പ്രേരിപ്പിച്ചു.-ഇങ്ങനെയാണ് ദേശാഭിമാനിയിലെ വാർത്ത.

അമിത് ഷാ എത്തില്ലെന്ന വിവരം സംസ്ഥാന നേതൃത്വം നേരത്തെ അറിഞ്ഞിരുന്നു. എന്നിട്ടും രാവിലെ കരിപ്പൂർ വിമാനത്താവളം വഴിയെത്തി പിണറായിയിൽവച്ച് ജാഥയ്‌ക്കൊപ്പം ചേരുമെന്ന് പ്രചരിപ്പിച്ചു. മമ്പറത്തുനിന്ന് യാത്ര തുടങ്ങുമ്പോഴാണ് കുമ്മനം അമിത് ഷാ ഇല്ലെന്ന് വെളിപ്പെടുത്തിയത്. അങ്ങേയറ്റം പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് പിണറായിയിലൂടെ യാത്ര കടന്നുപോയത്. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെയും പേരെടുത്തു പറഞ്ഞ് കൊലവിളി നടത്തി. തൃക്കരിപ്പൂർമുതൽ ധർമടംവരെയുള്ള അഞ്ച് മണ്ഡലങ്ങളിലുള്ളവരെ അണിനിരത്തുമെന്നാണ് പറഞ്ഞതെങ്കിലും മംഗളൂരുമുതൽ പാലക്കാടുവരെയുള്ളവരും തമിഴ്‌നാട്ടുകാരും ആർഎസ്എസ് ക്രിമിനലുകളുടെ വലിയ സംഘവും യാത്രക്ക് അകമ്പടി സേവിച്ചു. ആളൊഴിഞ്ഞ റോഡുകളും അടഞ്ഞുകിടന്ന കടകളും സ്ഥാപനങ്ങളുമാണ് യാത്രയെ എതിരേറ്റതെന്നും പറയുന്നു. എന്നാൽ പിന്നെ ദേശാഭിമാനി ഇത്രയേറെ എതിർപ്രചരണം നടത്തേണ്ടതുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. കണ്ണൂരിലൂടെയുള്ള കുമ്മനത്തിന്റെ നടത്തം സിപിഎമ്മിനെ അങ്കലാപ്പിലാക്കിയതിന് തെളിവാണ് ദേശാഭിമാനിയിൽ പ്രതിഫലിക്കുന്നതെന്നാണ് ബിജെപി പറയുന്നത്.

കൊട്ടിഘോഷിച്ചാരംഭിച്ച ജനരക്ഷായാത്ര ചീറ്റിയതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ആഭ്യന്തരക്കുഴപ്പവും മൂർഛിച്ചു. യാത്രയുടെ ഭാവിതന്നെ ത്രിശങ്കുവിലാണ്. യാത്ര കണ്ണൂർ കടന്നുപോകുന്നതുവരെ മിണ്ടാതിരിക്കാനാണ് ഒരുവിഭാഗത്തിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട് പിടിച്ചുകുലുക്കുമെന്ന് പ്രഖ്യാപിച്ച് നടത്തുന്ന യാത്രയിൽനിന്ന് അമിത്ഷാ പിൻവാങ്ങിയതോടെ പാർട്ടിക്കുള്ളിൽ രൂക്ഷമായ തർക്കമാണുടലെടുത്തത്. കേരളഘടകത്തോടുള്ള കടുത്ത അതൃപ്തി അമിത്ഷാ പരസ്യമായി പ്രകടിപ്പിച്ചുവെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. പാർട്ടിയിലെ വിഴുപ്പലക്കൽ കാരണം രണ്ടു തവണ മാറ്റിവച്ച യാത്ര തുടങ്ങി മൂന്നാം ദിവസംതന്നെ അവമതിപ്പിനിടയാക്കിയത് നേതൃത്വത്തിന്റെ കഴിവുകേടായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 'വെളുക്കാൻ തേച്ചത് പാണ്ടായി' എന്ന അവസ്ഥയാണിപ്പോഴെന്നാണ് നേതാക്കളുടെ പ്രതികരണമെന്നാണ് ദേശാഭിമാനി പറയുന്നത്.

ആർഎസ്എസ്സിനെയാണ് അവർ പ്രതിസ്ഥാനത്ത് നിർത്തുന്നത്. ജനരക്ഷായാത്രയുടെ ആസൂത്രണം മുഴുവൻ ആർഎസ്എസ്സിനായിരുന്നു. സിപിഐ എം കേന്ദ്രങ്ങൾലക്ഷ്യമിട്ടുള്ള സംസ്ഥാന ജാഥ കേട്ടുകേൾവിയില്ലാത്തതാണെന്നും ബിജെപി നേതാക്കൾ പറയുന്നു. കണ്ണൂർ ജില്ലയിൽ നാല് ദിവസം പദയാത്ര. ബാക്കി ജില്ലകളിൽ വാഹനജാഥ. യാത്രയുടെ വിശ്വാസ്യത അതോടെ ചോദ്യം ചെയ്യപ്പെട്ടുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിലെ യാത്ര സിപിഐ എം ശക്തി കേന്ദ്രങ്ങളിലൂടെയായതിനാൽ ദിവസവും ജില്ലക്ക് പുറത്തുനിന്ന് ആളെ കൊണ്ടുവരേണ്ട ഗതികേട്. വിജനമായ തെരുവുകളിലൂടെ, ഒരു 'പൂച്ചക്കുട്ടി' പോലും സ്വീകരിക്കാനില്ലാതെ യാത്ര കടന്നുപോകേണ്ടിവന്നത് അതിലേറെ ക്ഷീണമായെന്നും വിശദീകരിക്കുന്നു. എന്നാൽ ഇത്തരം നെഗറ്റീവ് വാർത്തകളെ പോസിറ്റീവാക്കി മാറ്റി സിപിഎമ്മിനെതിരെ ആയുധമാക്കാനാണ് പരിവാറുകാരുടെ തീരുമാനം.