പത്തനംതിട്ട: ക്ഷേത്രവരുമാനം സർക്കാർ എടുക്കുന്നുവെന്ന് നാളിതുവരെ ഒരു ഹിന്ദുസംഘടനയും പറഞ്ഞിട്ടില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജന: സെക്രട്ടറി കുമ്മനം രാജശേഖരൻ. ക്ഷേത്രങ്ങളോടു സർക്കാർ കാട്ടുന്ന അവഗണനയും നിഷേധാത്മക നിലപാടുകളും മൂടിവയ്ക്കുന്നതിന് കോൺഗ്രസ് നേതാക്കളായ ദേവസ്വം മന്ത്രി വി എസ് ശിവകുമാറും വി ഡി സതീശനും നിയമസഭയിൽ കപട നാടകമാടുകയായിരുന്നു എന്നും കുമ്മനം രാജശേഖരൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

പ്രത്യേക ആക്ട് പ്രകാരം രൂപീകൃതമായ ദേവസ്വം ബോർഡ് സ്വതന്ത്ര പരമാധികാര സ്ഥാപനങ്ങളാണ്. അവരുടെ പണം സർക്കാരിന് ആവശ്യമില്ലെന്ന സാമാന്യബോധം ഹിന്ദുക്കൾക്കുണ്ട്. 129 ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരു നിവേദനം മൂന്നു വർഷം മുമ്പ് മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. അതിലൊരിടത്തും ക്ഷേത്രഫണ്ട് സർക്കാർ എടുക്കുന്നുവെന്ന് പരാമർശിച്ചിട്ടില്ല. പക്ഷേ, അങ്ങനെ പറഞ്ഞുവെന്ന് പ്രചരിപ്പിച്ച് ക്ഷേത്രങ്ങൾക്ക് വേണ്ടി സർക്കാർ സഹായം ചെയ്തതായി വരുത്തിത്തീർത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശിവകുമാറും സതീശനും ശ്രമിച്ചത്. ക്ഷേത്രസ്വത്തും ഭരണവും കൈയടക്കി വച്ചിട്ടുള്ള സർക്കാർ ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകളുമായി വന്നതിൽ ദുരൂഹതയുണ്ട്. 2012 വരെ മാത്രമേ ദേവസ്വം കണക്ക് ഓഡിറ്റ് ചെയ്തിട്ടുള്ളു.

സിറ്റ്‌കോ പോലുള്ള സ്ഥാപനങ്ങൾക്ക് ക്ഷേത്രഫണ്ട് കൊടുത്തിട്ടുള്ളതായി കാണുന്നു. ഗുരുവായൂർ കുടിവെള്ള പദ്ധതിക്ക് 78 ലക്ഷം രൂപ അടച്ചതിലും ക്രമക്കേടുണ്ട്. മുടക്കിയ പണത്തിന്റെ കണക്ക് കേന്ദ്രത്തിന് നൽകാത്തതു കൊണ്ടാണ് പമ്പാ ആക്ഷൻ പ്ലാൻ മുടങ്ങിയത്. ശബരിമലയിൽ യൂണിറ്റിന് 10 മുതൽ 15 രൂപ വരെ ഈടാക്കി കെ.എസ്.ഇ.ബി കൊള്ള നടത്തുന്നു. നാട്ടിലുള്ള മുഴുവൻ ജനങ്ങളും ഉപയോഗിക്കുന്ന റോഡുകൾ നന്നാക്കിയത് ശബരിമലയ്ക്ക് വേണ്ടിയാണെന്ന് ദേവസ്വം മന്ത്രി വീമ്പിളക്കുകയാണ്. ക്ഷേത്രവിഷയങ്ങളെ കുറിച്ച് ഒരു പരസ്യ സംവാദത്തിനോ ധവളപത്രം പുറപ്പെടുവിക്കാനോ മന്ത്രി തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ഹിന്ദുസംഘടനകൾ എക്കാലവും എതിർത്തു പോന്നിട്ടുള്ളത് ക്ഷേത്രഭരണ വ്യവസ്ഥയെയാണ്. ഒരു മതേതര സർക്കാർ ഹിന്ദുക്കളുടെ ക്ഷേത്രം മാത്രം എന്തിന് ഭരിക്കുന്നുവെന്ന ചോദ്യത്തിൽ നിന്നും കോൺഗ്രസുകാർ ഒഴിഞ്ഞു മാറുകയാണ്. ക്ഷേത്രം ഭരിക്കേണ്ടത് ദർശനത്തിന് എത്തുന്ന വിശ്വാസികളാണ്. ഈ അടിസ്ഥാനതത്വം അംഗീകരിച്ച് രാഷ്ട്രീയ വിമുക്തമായി പുതിയ ക്ഷേത്രഭരണ വ്യവസ്ഥിതിക്ക് രൂപം നൽകണമെന്ന് കെ.പി. ശങ്കരൻ നായർ കമ്മിഷൻ 1983 ൽ ശിപാർശ ചെയ്തു.

അതിന് ശേഷം അനുകൂലമായ കോടതി വിധിയുണ്ടായി. അതിനെ മറികടക്കാൻ സർക്കാർ കണ്ട മാർഗം ബോർഡംഗമാക്കുന്ന രാഷ്ട്രീയക്കാരനെ പാർട്ടിയിൽ നിന്ന് രാജിവയ്പിക്കുക എന്നതാണ്. 13,000 ക്ഷേത്രങ്ങൾ കേരളത്തിലുള്ളതിൽ രണ്ടായിരം മാത്രമാണ് ദേവസ്വം ബോർഡുകളുടെ കീഴിലുള്ളത്. ശബരിമല വരുമാനം 1300 ക്ഷേത്രങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നുവെന്നും അതിൽ 30 എണ്ണം മാത്രമാണ് സ്വയം പര്യാപ്തതയുള്ളതെന്നും മന്ത്രി പറയുന്നു. എങ്കിൽ നഷ്ടമുള്ള ക്ഷേത്രങ്ങൾ അതാത് പ്രദേശത്തെ ജനങ്ങനെ ഏൽപിച്ചു കൂടേയെന്നും കുമ്മനം ചോദിച്ചു.

ക്ഷേത്രങ്ങൾക്ക് സർക്കാർ നൽകുന്നത് ഗ്രാന്റല്ല. ക്ഷേത്രംവക ഭൂമിക്ക് നഷ്ടപരിഹാരമായി നിശ്ചയിച്ച വർഷാശനമാണ്. സർക്കാർ ഏറ്റെടുത്ത റവന്യൂ ഭൂമിയുടെ അമ്പതു ശതമാനവും ക്ഷേത്രങ്ങളുടേതാണ്. ആ നിലയ്ക്ക് വർഷാശനം അഞ്ചരക്കോടി രൂപയെങ്കിലും ക്ഷേത്രങ്ങൾക്ക് സർക്കാർ നൽകണം. ഹിന്ദുക്കളോട് സർക്കാർ കാണിക്കുന്ന വിവേചനം അവർ തിരിച്ചറിഞ്ഞപ്പോൾ പിടിച്ചു നിൽക്കാൻ വേണ്ടിയുള്ള കപടനാടകമാണ് മന്ത്രിയും സതീശനും ചേർന്ന് നടത്തിയത്. സർക്കാർ അടക്കം കൈയേറിയിട്ടുള്ള ക്ഷേത്രഭൂമി തിരിച്ചു പിടിക്കാൻ ഹിന്ദുഐക്യവേദി പ്രക്ഷോഭം ശക്തമാക്കുമെന്നും കുമ്മനം പറഞ്ഞു.

ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനത്തിൽ നിന്നും ഒരു രൂപപോലും സർക്കാർ എടുക്കുന്നില്ലെന്നാണ് മന്ത്രി വി എസ് ശിവകുമാർ ഇന്നലെ നിയമസഭയിൽ അറിയിച്ചത്. ക്ഷേത്രങ്ങളുടെ വികസനത്തിനായി സർക്കാർ അങ്ങോട്ട് കോടിക്കണക്കിന് രൂപ നൽകിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കിയാണ് വി.ഡി.സതീശന്റെ സബ്മിഷന് ദേവസ്വംവകുപ്പ് മന്ത്രി മറുപടി നൽകിയത്. ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ എടുക്കുന്നുണ്ടെന്നത് അവാസ്തവ പ്രചരണമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 231.38 കോടി രൂപ ക്ഷേത്രങ്ങളുടെ വികസനത്തിനായി ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. കൊച്ചി ദേവസ്വം ബോർഡിനു മാത്രമായി രണ്ടുകോടി രൂപയും, പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി 61 കോടി രൂപയും നൽകിയിട്ടുണ്ടെന്ന വ്യക്തമായ കണക്കുകൾ മന്ത്രി നിയമസഭയിൽ അറിയിച്ചു. ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ കൈക്കലാക്കി വകമാറ്റി ചെലവഴിക്കുന്നുവെന്ന രീതിയിൽ വർഗീയ പ്രചരണങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും ഇതെല്ലാം അവാസ്തവമാണെന്നും മന്ത്രി ശിവകുമാർ പറഞ്ഞു.

സമുദായ ഭിന്നത രൂക്ഷമാക്കുന്നതിന് വേണ്ടി വെള്ളാപ്പള്ളി നടേശന്റെ യാത്രയിൽ ഇക്കാര്യം ഊന്നിപ്പറഞ്ഞതോടെയാണ് സതീശൻ ഈവിഷയം സബ്മിഷനായി നിയമസഭയിൽ ഉന്നയിക്കുകയും മന്ത്രി അതിന് വ്യക്തമായ മറുപടി നൽകുകയും ചെയ്യുകയും ഉണ്ടായത്. മന്ത്രിയുടെ മറുപടി കൂടിയായപ്പോൾ ഈ വിഷയം സജീവ സർച്ചയ്ക്ക് ഇടയായിരുന്നു. വി ടി ബൽറാം എംഎൽഎ അടക്കമുള്ളവരും വിഷയം ഉയർത്തി രംഗത്തുവന്നിരന്നു. സംഘപരിവാറിന്റെ കുപ്രചരണങ്ങളെ ചെറുക്കണമെന്നാവശ്യപ്പെട്ട് ബൽറാം മന്ത്രി ശിവകുമാർ നിയമസഭയിൽ പറഞ്ഞ വിവരങ്ങൾ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടു. ഈ സാഹചര്യത്തിലാണ് കുമ്മനം രാജശേഖൻ പ്രതികരണവുമായി രംഗത്തെത്തിയത്.