തിരുവനന്തപുരം: പുത്തൻ സാങ്കേതിക വിദ്യയിൽ പരിഷ്‌കരിച്ച ജി അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക്. വിഖ്യാത ചിത്രം 'കുമ്മാട്ടി' ഡിജിറ്റൽ റെസ്റ്റൊറേഷന് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.ക്യാമറ നെഗറ്റീവുകൾ ലഭ്യമല്ലാത്തതിനാൽ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ സൂക്ഷിച്ചിരുന്ന, ചിത്രത്തിന്റെ പ്രിന്റുകളിൽ നിന്നാണ് റെസ്റ്റൊറേഷൻ നടപ്പാക്കുന്നത്.

ഡിജിറ്റൽ റെസ്റ്റൊറേഷൻ പൂർത്തിയാക്കിയ ചിത്രം ഈ മാസം ഇറ്റലിയിലെ ബൊലോഗ്‌നയിൽ തന്നെ നടക്കുന്ന ഇൽ സിനിമ റിട്രൊവാറ്റൊ ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യും. ചലച്ചിത്രകലയുടെ ചരിത്രത്തിന് പ്രാധാന്യം നൽകുന്ന ചലച്ചിത്രോത്സവമാണ് ഇത്. ലോകമെമ്പാടുനിന്നുമുള്ള ക്ലാസിക്കുകളും റെട്രോസ്‌പെക്റ്റീവുകളും ഡിജിറ്റൽ റെസ്റ്റൊറേഷൻ നടത്തിയ ചിത്രങ്ങളുമാണ് ഈ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കാറ്.

ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്‌കോർസെസെയുടെ ദി ഫിലിം ഫൗണ്ടേഷൻ, ഇറ്റലിയിലെ ബൊലോഗ്‌ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്‌ന എന്നിവരുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് റെസ്റ്റൊറേഷൻ നടപ്പാക്കുന്നത്. ചിത്രത്തിന്റെ ഒറിജിനൽ ക്യാമറ നെഗറ്റീവുകളൊന്നും നിലവിൽ ലഭ്യമല്ലാത്തതിനാൽ ഡിജിറ്റൽ റെസ്റ്റോറേഷൻ പ്രയാസമേറിയതാണെന്ന് ഫിലിം ഹെറിറ്റേഡ് ഫൗണ്ടേഷൻ അറിയിച്ചു.

ജനറൽ പിക്‌ചേഴ്‌സിന്റെ ബാനറിൽ കെ രവീന്ദ്രൻ നായർ നിർമ്മിച്ച്, ജി അരവിന്ദൻ രചനയും സംവിധാനവും നിർവ്വഹിച്ച കുമ്മാട്ടി 1979ൽ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ്. കാവാലം നാരായണ പണിക്കർ വരികളെഴുതിയ പന്ത്രണ്ട് പാട്ടുകൾ ചിത്രത്തിലുണ്ടായിരുന്നു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ചിത്രത്തിന് ലഭിച്ചിരുന്നു.