കൊച്ചി: കർണാടകയിലെ സ്‌കൂൾ പാഠപുസ്തകത്തിൽ നൽകിയ പോസ്റ്റുമാനെ 'തിരിച്ചറിഞ്ഞ്' നടൻ കുഞ്ചാക്കോ ബോബൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കർണാടകയിൽ നിന്നുള്ള ഒരു ചാർട്ടിലെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്. ഇതിൽ ജനങ്ങളെ സഹായിക്കുന്നവരുടെ ചിത്രത്തിനൊപ്പമാണ് ചാക്കോച്ചന്റെ പടവും അച്ചടിച്ച് വന്നിരിക്കുന്നത്. നഴ്‌സ്, പൊലീസ്, ഡോക്ടർ തുടങ്ങിയവരുടെ കൂട്ടത്തിൽ പോസ്റ്റ്മാന്റെ പേരിനൊപ്പം നടന്റെ ചിത്രം അച്ചടിച്ചിരിക്കുന്നത് കാണാനാകും.

'അങ്ങനെ കർണാടകയിൽ സർക്കാർ ജോലിയും സെറ്റായി.. പണ്ട് കത്തുകൾ കൊണ്ടുതന്നിരുന്ന പോസ്റ്റുമാന്റെ പ്രാർത്ഥന', എന്ന രസകരമായ കുറിപ്പും ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബൻ പങ്കുവച്ചിട്ടുണ്ട്. 2010ൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ 'ഒരിടത്തൊരു പോസ്റ്റ്മാൻ' സിനിമയിലെ ഫോട്ടോയാണ് ചാർട്ടിലുള്ളത്. ഷാജി അസീസ് ആയിരുന്നു ചിത്രത്തിന്റ സംവിധായകൻ.

പൊലീസ്, ടീച്ചർ, ടിക്കറ്റ് ചെക്കർ, നേഴ്‌സ്, ഡ്രൈവർ തുടങ്ങിയ ജോലികൾ പരിചയപ്പെടുത്തുന്ന കന്നഡ സചിത്രമാലയിലാണ് പോസ്‌റ്മാന്റെ മുഖമായി ഇപ്പോൾ കുഞ്ചാക്കോ ബോബൻ വരുന്നത്.കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ഒരിടത്തൊരു പോസ്റ്റുമാൻ എന്ന സിനിമയിലെ ചിത്രമാണ് കർണാടക സർക്കാർ പാഠപുസ്തകത്തിൽ 'പോസ്റ്റുമാൻ' എന്ന പേരിൽ പരിചയപ്പെടുത്തുന്നത്.

സിനിമാ താരങ്ങൾ അടക്കമുള്ളവർ പോസ്റ്റിന് കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 'അപ്പോൾ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ ചിലവുണ്ട്', എന്നാണ് നടൻ ആന്റണി വർഗീസ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ അഭിനയിച്ച ഓർഡറി എന്ന ചിത്രത്തിലെ ഫോട്ടോ പങ്കുവച്ച് 'തെലങ്കാനയിലെ കണ്ടക്ടർ' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും പങ്കുവച്ച് നിമിഷ നേരം കൊണ്ടുതന്നെ കുഞ്ചാക്കോയുടെ 'പോസ്റ്റ്മാൻ' ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ എത്തി ചോക്ക്ളേറ്റ് ഹീറോ ആയിമാറിയ താരം തന്റെ അഭിനയ ജീവിതം തുടർന്നു കൊണ്ടിരിക്കയാണ്.