വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിൽ താൻ തനി കൂതറയായാണ് വേഷമിട്ടതെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ജീവിതത്തിൽ താൻ ഇതുവരെ ചെയ്യാത്ത പല അലമ്പുകളും 'വർണ്യത്തിൽ ആശങ്ക' എന്ന ചിത്രത്തിനു വേണ്ടി ചെയ്യേണ്ടി വന്നുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ചിത്രത്തിന്റെ സംവിധായകൻ സിദ്ധാർഥ് ഭരതിനൊപ്പം ഫേസ്‌ബുക്ക് ലൈവിൽ എത്തിയാണ് ചാക്കോച്ചൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ചിത്രത്തിൽ ചാക്കോച്ചനെ ഏറ്റവും വൃത്തികേട്ട രീതിയിൽ അവതരിപ്പിക്കണമെന്നായിരുന്നു ഈ സിനിമയുടെ സംവിധായകനായ സിദ്ധാർത്ഥ് ഭരതന്റെ ആവശ്യം. ഇത് ചാക്കോച്ചൻ ശിരസ്സാ വഹിക്കുകയും ചെയ്തു. മുഴുവൻ സമയവും മദ്യപാനം, മുറുക്കൽ തുടങ്ങിയ പല അലമ്പ് കാര്യങ്ങളും ചെയ്തതായി ചാക്കോച്ചൻ പറയുന്നു. റിലീസിന് മുൻപായി ഫേസ്‌ബുക്ക് ലൈവിൽ എത്തിയാണ് ചാക്കോച്ചൻ ആരാധകരുമായി ഇക്കാര്യങ്ങൾ പങ്കുവച്ചത്. ഇന്ന് സിനിമ റിലീസ് ആവുകയാണ്.

ജീവിതത്തിൽ ആദ്യമായി ഒരു ബിവറേജിന് മുന്നിൽ ചെന്ന് ക്യൂ നിന്ന് ഇടികൊണ്ട് വഴക്കുമുണ്ടാക്കി. കുടിയന്മാരുടെ ശരിക്കുമുള്ള ബുദ്ധി മനസിലായത് അപ്പോഴാണ്. ഒന്നര മണിക്കൂർ വർക്ക് ഔട്ട് ചെയ്യുന്ന അതേ ഇഫക്ടാണ് ബിവറേജിന് മുന്നിൽ ക്യൂ നിന്ന് ഇടിയും കൊണ്ട് മൂന്ന് ബോട്ടിൽ വാങ്ങി വരുന്നതെന്നും ചാക്കോച്ചൻ പറഞ്ഞു. തനി ലോക്കൽ കൂതറയായിട്ടാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്നും സിദ്ധുവിന്റെ ആവശ്യം ശിരസാ വഹിച്ചിട്ടുണ്ടെന്നും ചാക്കോച്ചൻ പറഞ്ഞു.

ചിത്രത്തിൽ കൗട്ട ശിവനെന്ന കഥാപാത്രത്തെയാണ് ചാക്കോച്ചൻ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, ചെമ്പൻ വിനോദ്, ഷറഫുദ്ദീൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മികച്ച് അഭിപ്രായം നേടിയാണ് തിയറ്ററുകളിൽ ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്നത്.