- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിജീവിതയ്ക്ക് ഒപ്പം എന്നതിനേക്കാൾ, സത്യത്തിന് ഒപ്പം നിൽക്കുക എന്നതാണ് തന്റെ നിലപാട്; സത്യം ആരുടെ കൂടെയാണോ അവർ ആത്യന്തികമായി വിജയിക്കും; സത്യം എന്തായാലും പുറത്ത് വരുക തന്നെ ചെയ്യും; അതിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്; നടിയെ ആക്രമിച്ച കേസിൽ നിലപാട് പറഞ്ഞ് കുഞ്ചാക്കോ ബോബൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പല സാക്ഷികളും കൂറു മാറിയപ്പോഴും തന്റെ നിലപാട് കോടതിയിൽ വ്യക്തമാക്കിയ നടനാണ് കുഞ്ചാക്കോ ബോബൻ. ഈ വിഷയത്തിൽ തുടക്കത്തിൽ സ്വീകരിച്ച നിലപാടിൽ പിന്നീട് ഉറച്ചു നിൽക്കുകയും തനിക്കറിയാവുന്ന കാര്യങ്ങൾ കൃത്യമായി പറയുകയും ചെയ്തിരുന്നു കുഞ്ചാക്കോ. ഇപ്പോൾ തന്റെ നിലപാട് ഒരിക്കൽ കൂടി ആവർത്തിച്ചിരിക്കയാണ് അദ്ദേഹം.
ന്നാ താൻ പോയി കേസ് കൊട് എന്ന സിനിമയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിലായിരുന്നു നടൻ തന്റെ നിലപാട് അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് അതിജീവിത കോടതിയിൽ ആശങ്ക അറിയിച്ചയതിനെ കുറിച്ചുള്ള ചോദ്യമാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ എന്ന ചോദ്യത്തിന് സത്യത്തിനൊപ്പം മാത്രമാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുഞ്ചാക്കോയുടെ വാക്കുകൾ ഇങ്ങനെ: 'നടിക്കൊപ്പം എന്നതിനേക്കാൾ ഉപരി ഞാൻ സത്യത്തിനൊപ്പം ആണ് നിന്നിട്ടുള്ളത്. സത്യം വിജയിക്കും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അത് ആരുടെ ഭാഗത്താണ് എങ്കിലും. അത് മാത്രമാണ് എനിക്ക് ഇപ്പോൾ പറയാൻ ഉള്ളത്. എന്റെ ഭാഗത്ത്, എനിക്കറിയാവുന്ന കാര്യങ്ങൾ, അല്ലെങ്കിൽ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ അത് അതേപോലെയാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അതിന്റെ പരിണിതഫലം എന്തുതന്നെയാണ് എങ്കിലും സത്യം വിജയിക്കും. അതിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്, അത് ആരുടെ ഭാഗത്താണ് എങ്കിലും,'- കുഞ്ചാക്കോ ബോബൻ പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കഴിയില്ലെന്ന് ഇന്നലെ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. സമാന ആക്ഷേപവുമായി അതിജീവിതയും വിചാരണകോടതിയെ സമീപിച്ചിട്ടുണ്ട്. ജഡ്ജി ഹണി എം വർഗീസിന് മുന്നിലാണ് ഇരുകൂട്ടരും അപേക്ഷ സമർപ്പിച്ചത്. സി ബി ഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നതെന്നാണ് നടിയും പ്രോസിക്യൂഷനും വാദിക്കുന്നത്. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹണി എം വർഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായപ്പോൾ കേസ് രേഖകൾ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യത്തിൽ പ്രതികളുടെ ആക്ഷേപം സമർപ്പിക്കാൻ കോടതി സമയം നൽകി. കേസ് ഈ മാസം 11 നാണ് വീണ്ടും പരിഗണിക്കുക. നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായ ഹണി എം വർഗീസിനെ തന്നെ ആക്രമിച്ച കേസിന്റെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത തന്നെ മുന്നോട്ടു വന്നിരുന്നു.
ഇതിന് പിന്നാലെ ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലം അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ