കൊല്ലം: കുണ്ടറയിൽ വോട്ടെടുപ്പ് ദിവസം ഇഎംസിസി എംഡി ഷിജു വർഗ്ഗീസിന്റെ കാർ കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഉന്നത രാഷ്ട്രീയ ഗൂഢാലോചന നടന്നതായും കേരളത്തിലെ 33 നിയമസഭ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പദ്ധതിയിട്ടതായും പൊലീസ് കണ്ടെത്തി. അതിനിടെ, കേസിൽ ഗോവയിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇ.എം.സി.സി. ഡയറക്ടർ ഷിജു വർഗീസിന്റെയും സഹായി ശ്രീകാന്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വൈകാതെ കേരളത്തിലെത്തിക്കും.

ക്വട്ടേഷൻ സംഘത്തിലെ അംഗമാണ് പിടിയിലായിരിക്കുന്നത്. നാലുപേർ ഉൾപ്പെട്ട സംഘമാണ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്നാണ് സൂചന. ആക്രമണത്തിനു ശേഷം സംഘം രക്ഷപ്പെട്ട വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വന്തം കാർ കത്തിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഷിജു വർഗീസ് തന്നെയാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഗോവയിൽവെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെയാണ് ഉന്നത ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്.

കേരളത്തിലെ ഒരു വിവാദനായകനായ ദല്ലാളും ഷിജു വർഗീസും ചേർന്നാണ് കാർ കത്തിക്കൽ അടക്കം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിവരം. എറണാകുളം കാക്കനാട്ടെ ഫ്‌ളാറ്റിൽവച്ചായിരുന്നു ഗൂഢാലോചന. ദല്ലാൾ എന്നറിയപ്പെടുന്നയാളും ഷിജു വർഗീസും ദീർഘനാളായി സുഹൃത്തുക്കളാണ്. സരിത എസ് നായരാണ് ദല്ലാളിനെ ഷിജു വർഗീസിന് പരിചയപ്പെടുത്തിയതെന്നാണ് സൂചന. കുണ്ടറയിലെ സംഭവമുൾപ്പെടെ കേരളത്തിലെ 33 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇവർ പദ്ധതിയിട്ടെന്നാണ് വിവരം.

കാർ കത്തിക്കൽ കേസിൽ നേരത്തെ അറസ്റ്റിലായ വിനുകുമാറാണ് കാറിന് നേരേ പെട്രോൾ ബോംബെറിഞ്ഞത്. ഇയാൾ സരിതയുടെ അംഗരക്ഷകനും ക്വട്ടേഷൻ സംഘാംഗവുമാണ്. ഇയാളെ പിടികൂടിയതിന് പിന്നാലെയാണ് കാർ കത്തിക്കലിന് പിന്നിലെ കൂടുതൽ രഹസ്യങ്ങൾ ചുരുളഴിഞ്ഞത്. നേരത്തെ ഷിജുവർഗീസിന്റെ ഡ്രൈവറിൽനിന്നാണ് പൊലീസിന് നിർണായകവിവരങ്ങൾ ലഭിച്ചത്. ഈ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിനുകുമാർ ഉൾപ്പെടെയുള്ളവർ പിടിയിലായത്. ഷിജു വർഗീസിന്റെ കാർ കത്തിച്ച കേസിൽ ഇതുവരെ അദ്ദേഹം ഉൾപ്പെടെ നാല് പ്രതികളാണുള്ളത്.

കേസിൽ ഷിജുവിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഷിജുവിനെ കസ്റ്റഡിയിൽ എടുത്തത്. ഷിജുവിന്റെ മാനേജർ ശ്രീകാന്തും അറസ്റ്റിലായി. കുണ്ടറ നിയമസഭ മണ്ഡലം പരിധിയിൽ ഉൾപ്പെട്ട കണ്ണനല്ലൂർ കുരീപ്പള്ളി റോഡിൽ വച്ച് പോളിങ് ദിവസം പുലർച്ചെ തന്റെ കാറിന് നേരെ മറ്റൊരു കാറിൽ വന്ന സംഘം പെട്രോൾ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വർഗീസിന്റെ പരാതി. എന്നാൽ ഷിജു വർഗീസ് പറഞ്ഞ സമയത്ത് ഈ തരത്തിലൊരു വാഹനം കടന്നു പോയതിന്റെ സൂചനകളൊന്നും പൊലീസിന് കിട്ടിയിരുന്നില്ല. നാട്ടുകാരിൽ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളിലും ഈ തരത്തിലൊരു ആക്രമണം നടന്നുവെന്ന തരത്തിലുള്ള മൊഴികൾ ലഭ്യമായിരുന്നില്ല.ഷിജു വർഗീസ് ഷിജു വർഗീസ് താൻ ആക്രമിക്കപ്പെട്ടെന്ന് വെളിപ്പെടുത്തിയെന്നതിനുപിന്നാലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണതെന്ന് ആരോപിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്തെത്തിയിരുന്നു

ഷിജുവർഗീസ് തന്നെയാണ് പെട്രോൾ കൊണ്ടുവന്ന് കാർ കത്തിക്കാൻ ശ്രമിച്ചതെന്നും പൊലീസ് ഇടപെട്ട് ഇത് തടഞ്ഞുവെന്നുമായിരുന്നു മന്ത്രിയുടെ ആരോപണം.