- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി ശശീന്ദ്രൻ ശ്രമിച്ചത് എല്ലാം അറിഞ്ഞിട്ട് പീഡന പരാതി ഒതുക്കി തീർക്കാൻ; ഫോണിൽ വിളിച്ചപ്പോൾ ഭീഷണി സ്വരമായിരുന്നു; പരാതി പിൻവലിക്കാൻ എന്തു വേണമെങ്കിലും നൽകാമെന്ന് വീട്ടിലെത്തിയ എൻസിപി നേതാക്കൾ പറഞ്ഞു; മന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കുണ്ടറയിലെ പരാതിക്കാരി
തിരുവനന്തപുരം: എല്ലാം അറിഞ്ഞിട്ട് പീഡന പരാതി ഒതുക്കി തീർക്കാനാണ് മന്ത്രി ശ്രമിച്ചതെന്ന് കുണ്ടറയിൽ പീഡന പരാതി ഉന്നയിച്ച യുവതി. ഫോണിൽ വിളിച്ചപ്പോൾ ഭീഷണി സ്വരമായിരുന്നു മന്ത്രിക്ക്. അത് കേൾക്കുന്നവർക്ക് മനസിലാകും. അനുഭവിക്കാൻ തയ്യാറായിക്കോ എന്ന തരത്തിലായിരുന്നു അതെന്നും യുവതി പറഞ്ഞു.
മന്ത്രിസ്ഥാനത്ത് തുടരാൻ എകെ ശശീന്ദ്രൻ അർഹനല്ലെന്നും ആ പദവിയിൽ ഇരുന്ന് ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തതെന്നും പരാതി നൽകിയ യുവതി വ്യക്തമാക്കി. ശശീന്ദ്രൻ തുടരണമോയെന്ന് സംസ്ഥാന ഭരണകൂടമാണ് തീരുമാനിക്കേണ്ടതെന്നും പരാതിക്കാരി റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് അവറിൽ പറഞ്ഞു. പൊലീസിൽ മൊഴി കൊടുക്കുന്നതിൽ നിന്ന് താൻ ഒഴിഞ്ഞുമാറിയിട്ടില്ലെന്നും താൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പൊലീസ് എത്തിയതെന്നും പരാതിക്കാരി പറഞ്ഞു.
പരാതിക്കാരി പറഞ്ഞത്: ''മൊഴി കൊടുക്കുന്നതിൽ നിന്ന് ഞാൻ ഒഴിഞ്ഞു നിന്നിട്ടില്ല. ഒരു ആവശ്യത്തിന് വേണ്ടി അരമണിക്കൂർ പുറത്ത് പോയിരുന്നു. അ സമയത്താണ് പൊലീസ് മൊഴിയെടുക്കാൻ എത്തിയത്. ഞാൻ സ്ഥലത്ത് ഇല്ലെന്ന് അറിഞ്ഞപ്പോൾ അവർ പോയി. അവരെ നേരിട്ട് കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. പിന്നെ അന്വേഷിച്ചിട്ടുമില്ല.''
''എല്ലാം അറിഞ്ഞിട്ട് പീഡന പരാതി ഒതുക്കി തീർക്കാനാണ് മന്ത്രി ശ്രമിച്ചത്. മന്ത്രിക്കെതിരെ പരാതി കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്്. ചെയ്യാൻ പാടില്ലത്ത കാര്യമാണ് മന്ത്രി ചെയ്തത്. ഫോണിൽ വിളിച്ചപ്പോൾ ഭീഷണി സ്വരമായിരുന്നു മന്ത്രിക്ക്. അത് കേൾക്കുന്നവർക്ക് മനസിലാകും. അനുഭവിക്കാൻ തയ്യാറായിക്കോ എന്ന തരത്തിലായിരുന്നു അത്. മന്ത്രിയുടെ ഈ പ്രവൃത്തിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. അത് എങ്ങനെയെന്നത് ഇപ്പോൾ വ്യക്തമാക്കുന്നില്ല.''
''പരാതിയിൽ അന്വേഷണകമീഷനായി എൻസിപി പ്രഖ്യാപിച്ചത് രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരെയായിരുന്നു. പക്ഷെ ഇവിടെ വന്നത് ഒരു സംസ്ഥാന ജനറൽ സെക്രട്ടറിയും പഴയ ജില്ല പ്രസിഡന്റുമാണ്. വീട്ടിലെത്തിയ നേതാക്കൾ പറഞ്ഞത് പരാതി പിൻവലിക്കണം, എന്തു വേണമെങ്കിലും നൽകാമെന്നാണ്. ഇത് ഫോണിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ അവർ മറ്റ് കാര്യങ്ങൾ പറഞ്ഞു. ഞാൻ സ്ഥലത്ത് ഇല്ലാത്ത സമയത്താണ് അവർ വന്നത്. ഇതെല്ലാം കേട്ട്കേൾവി മാത്രമാണ്. എന്റെ ശരീരത്തിന് വില പറയാൻ വന്നതാണോ അവർ. മനസിലാവുന്നില്ല. പൊലീസ് അന്വേഷിക്കാത്ത കാര്യത്തിന് പാർട്ടി അന്വേഷണം എന്തിനാണ്. അവരോട് പരാതിക്കാരി എന്ത് പറയാനാണ്.'
അതേ സമയം മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമർശനവുമായി പീഡന പരാതി ഉന്നയിച്ച യുവതി നേരത്തെ രംഗത്തെത്തിയിരുന്നു. മന്ത്രി ശശീന്ദ്രനൊപ്പം നിന്നുകൊണ്ട് കേരളത്തിലെ സ്ത്രീസമൂഹത്തിന് മുഖ്യമന്ത്രി നൽകുന്ന സന്ദേശം എന്താണെന്നും അവർ ചോദിച്ചു.
കേരളത്തിൽ സ്ത്രീകൾക്ക് അനുകൂലമായ നടപടിയുണ്ടാകുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി, ശശീന്ദ്രന് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്. സമാന അനുഭവം ഉണ്ടാകുന്ന സ്ത്രീകൾക്ക് ഇതേ നിലപാട് പ്രതീക്ഷിച്ചാൽ മതിയെന്ന സന്ദേശമാണ് ഇതിലൂടെ മുഖ്യമന്ത്രി നൽകുന്നതെന്നും യുവതി പറഞ്ഞു.
'കേരളത്തിൽ ഇതേ നടക്കൂ, സ്ത്രീകൾക്ക് ഇങ്ങനെയുള്ള സുരക്ഷയെ കിട്ടൂവെന്ന സന്ദേശമാണ് കൊടുക്കുന്നത്. എനിക്ക് നല്ല വിഷമമുണ്ട്. മുഖ്യമന്ത്രി ഇങ്ങനെ ഒരു നിലപാട് എടുക്കുമെന്നായിരുന്നില്ല ഇതുവരെ എന്റെ ധാരണ.
മുഖ്യമന്ത്രിക്കെതിരെ ഒരു വാക്കുപോലും മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഇതാദ്യമായി, വിഷമം കൊണ്ടാണ് ഇതുപറയുന്നത്. തെറ്റ് ചെയ്ത മന്ത്രി ശശീന്ദ്രൻ എന്തായാലും രാജിവെക്കണം. മന്ത്രിസ്ഥാനത്തിരുന്ന് ചെയ്യാൻ പറ്റിയ ഒരു പ്രവർത്തിയല്ല അദ്ദേഹം ചെയ്തത്. ആ സ്ഥാനത്തിന് അർഹനല്ലാത്ത വ്യക്തി രാജിവെച്ച് ഒഴിഞ്ഞുപോകുകയാണ് വേണ്ടത്.',യുവതി പറഞ്ഞു.
മന്ത്രിക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണെന്നും യുവതി കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്