കൊല്ലം: കുണ്ടറയിൽ പത്തുവയസുള്ള പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ സിഐക്ക് സസ്പെൻഷൻ. പരാതി നൽകിയിട്ടും നടപടിയെടുത്തില്ല എന്ന ആരോപണത്തെ തുടർന്ന് കുണ്ടറ സിഐ ആർ. സാബുവിനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഐജിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സംഭവം വൻവിവാദമായതിനു പിന്നാലെയാണ് നടപടി.

സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. കുട്ടിയുടെ വീട്ടുകാർ പോസിറ്റീവായല്ല അന്വേഷണത്തോട് പ്രതികരിക്കുന്നതെന്നും മന്ത്രി മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. എന്നാൽ സർക്കാരിന് ഇതങ്ങനെ വിടാനാവില്ല. ഗൗരവതരമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം, സംഭവത്തിൽ കുട്ടിയുടെ ഉറ്റ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്. കുട്ടി താമസിച്ചിരുന്ന വീടിനു സമീപംതന്നെ താമസിക്കുന്നയാളാണു പിടിയിലായിരിക്കുന്നത്. കുട്ടിയുടെ മരണത്തെത്തുടർന്നു പിതാവ് നൽകിയ പരാതിയിൽ ഇയാളുടെ പേരുണ്ടെന്നാണു സൂചന. രണ്ടു മാസം മുൻപു നടന്ന സംഭവം ഇന്നാണു വാർത്തയായത്. ഇതിനുപിന്നാലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ലൈംഗിക പീഡനത്തിന് ഇരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്തതിനു സമാനമായ സംഭവമാണ് കൊല്ലത്തിനടുത്തു കുണ്ടറയിലും ഉണ്ടായത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട പത്തുവയസുകാരി നിരന്തരം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉണ്ടായിട്ടും പൊലീസ് കാര്യമായ നടപടിയെടുത്തിരുന്നില്ല. സ്വകാര്യഭാഗങ്ങളിലടക്കം കുട്ടിയുടെ ശരീരത്തിൽ 22 മുറിവുകളുണ്ടെന്നാണു റിപ്പോർട്ട്. കൊലപാതക സാധ്യതപോലും സംശയിക്കുന്ന കേസിലാണു പൊലീസിന്റെ ഈ ഗുരുതരമായ അനാസ്ഥ.

സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പൊലീസിന്റെ വീഴ്ച ദക്ഷിണ മേഖല ഐജി അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും ഡിഎംഒയും ശിശുക്ഷേമ സമിതിയും മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. കുണ്ടറ പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്‌ഐയും കോൺഗ്രസും ഉപരോധവും സംഘടിപ്പിച്ചു.

ഇക്കഴിഞ്ഞ ജനുവരി 15നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ജനുവരി 16നു തന്നെ കൊല്ലം റൂറൽ എസ്‌പിക്കും കുണ്ടറ സിഐയ്ക്കും ലഭിച്ചിട്ടും അന്വേഷണം നടത്തുകയോ പ്രതിയെ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല. മകൾ ആത്മഹത്യ ചെയ്തതല്ലെന്നു പറഞ്ഞു കുണ്ടറ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും പൊലീസ് അനാസ്ഥ കാട്ടിയെന്നു കുട്ടിയുടെ അച്ഛൻ പറഞ്ഞു.

കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പിൽ എഴുതിയിരുന്നു. വീട്ടിൽ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പിൽ പറയുന്നു. മരിക്കുന്നതിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. തീയതിയും ഒപ്പും സഹിതമാണ് കുറിപ്പ്. എന്നാൽ ആത്മഹത്യാകുറിപ്പു കുട്ടിയുടേതാണെന്നു സ്ഥിരീകരിച്ചിട്ടില്ല.