കൊല്ലം: കുണ്ടറയിൽ പത്തുവയസ്സുകാരിയെ മുത്തച്ഛൻ ഒരു വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്. പ്രതി വിക്ടർ കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ പീഡിപ്പിക്കുന്നതിനായി മനപ്പൂർവം സാഹചര്യം സൃഷ്ടിച്ചെടുത്തു. കുട്ടിയുടെ അച്ഛൻ വീടുവിട്ടതിനുശേഷമാണ് പീഡനം ആരംഭിച്ചതെന്നും പൊലീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുത്തച്ഛനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. പ്രതി കുറ്റം സമ്മതിച്ചതിനാൽ നുണപരിശോധനയുടെ ആവശ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി. വിക്ടറിനെ നാളെ കോടതിയിൽ ഹാജരാക്കും.

നാലു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനും കൗൺസിലിങ്ങിനും ശേഷമാണ് പെൺകുട്ടിയുടെ അമ്മയും മൂത്തസഹോദരിയും അന്വേഷണത്തോട് സഹകരിച്ചത്. മുത്തച്ഛൻ പീഡിപ്പിക്കാറുണ്ടായിരുന്നതായി മരിച്ച കുട്ടിയും അമ്മയും തന്നോട് പരാതിപ്പെട്ടിരുന്നുവെന്ന മുത്തശ്ശിയുടെ മൊഴിയും നിർണായകമായി. മുത്തശ്ശിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പിൽ എഴുതിയിരുന്നു.

വീട്ടിൽ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പിൽ പറയുന്നു. മരിക്കുന്നതിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരുന്നത്. തീയതിയും ഒപ്പും സഹിതമാണ് കുറിപ്പ്. ആത്മഹത്യക്കുറിപ്പിലുള്ളത് കുട്ടിയുടെ കൈപ്പട തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഫൊറൻസിക് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ആരെങ്കിലും കുട്ടിയെ ക്കൊണ്ട് നിർബന്ധിച്ച് എഴുതിച്ചതാണോ എന്നു പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.