കൊല്ലം: കുണ്ടറയിൽ പീഡനത്തിന് ഇരയായ പത്തു വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത് സ്വന്തം മുത്തശ്ശൻ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. മുത്തശ്ശനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച പെൺകുട്ടിയുടെ മൂത്തസഹോദരിയും മുത്തശ്ശിയും നല്കിയ മൊഴിയാണ് നിർണായകമായത്. മുത്തശ്ശൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇരുവരും പൊലീസിനു മൊഴി നല്കി. അറസ്റ്റിലായ മുത്തശ്ശൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റമാണു ചുമത്തിയിരിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചതിനാൽ ഇയാൾക്ക് നടത്താനിരുന്ന നുണ പരിശോധന വേണ്ടെന്നു വയ്ക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

പൊലീസ് ഏറെ വിവാദത്തിൽപ്പെട്ട കേസിൽ പ്രതിയെ പിടിക്കാനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം ഊർജിതമാക്കിയിരുന്നു. അടുത്ത ബന്ധുതന്നെയാണ് പ്രതിയെന്നും പൊലീസ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. മുത്തശ്ശൻ തന്നെയാണ് പീഡനം നടത്തിയതെന്നതിനു വ്യക്തമായ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലായിരുന്നു അന്വേഷണ സംഘം. നേരത്തേ അന്വേഷണത്തോടു സഹകരിക്കാതിരുന്ന പെൺകുട്ടിയുടെ മൂത്തസഹോദരിയും അമ്മയും സകരിക്കാൻ തുടങ്ങിയതോടെ പ്രതിയെ കണ്ടെത്തൽ അന്വേഷണ സംഘത്തിന് എളുപ്പമായി.

മുത്തശ്ശൻ തന്നെയാണ് പ്രതിയെന് സൂചന പെൺകുട്ടിയുടെ അമ്മ നേരത്തേ നല്കിയിരുന്നു. ആത്മഹത്യ ചെയ്ത ദിവസം മുത്തശ്ശൻ പെൺകുട്ടിയെ ചീത്തവിളിച്ചിരുന്നുവെന്ന സുപ്രധാന മൊഴി അമ്മയാണു നല്കിയത്. ഈ സംഭവം ഉണ്ടായി രണ്ടു മണിക്കൂറുകൾക്കകമാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ പ്രതി മുത്തശ്ശൻ തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിനു പൊലീസിനു കൂടുതൽ തെളിവുകൾ വേണ്ടിയിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുത്തശ്ശിയെ ചോദ്യം ചെയ്യാൻ കഴിഞ്ഞതോടെ പ്രതിയുടെ കാര്യത്തിൽ പൊലീസിനു തീരുമാനം ആക്കാനായി. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തി. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതി. ഇയാൾ ഇപ്പോൾ ഒരു ലോഡ്ജിന്റെ മാനേജരാണ്.

കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പിൽ എഴുതിയിരുന്നു. വീട്ടിൽ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പിൽ പറയുന്നു. മരിക്കുന്നതിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. തീയതിയും ഒപ്പും സഹിതമാണ് കുറിപ്പ്. ആത്മഹത്യക്കുറിപ്പിലുള്ളത് കുട്ടിയുടെ കൈപ്പട തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഫൊറൻസിക് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ആത്മഹത്യ ചെയ്യുമെന്നു മരണത്തിനു മൂന്നു നാലു ദിവസം മുൻപു പെൺകുട്ടി പറഞ്ഞിരുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ആത്മഹത്യ ചെയ്ത ദിവസം രാവിലെ മുതൽ പെൺകുട്ടി വിഷാദത്തിലായിരുന്നു. മരിക്കുന്നതിനു മൂന്നു ദിവസം മുൻപു വരെയുള്ള സമയത്തിനിടെ പെൺകുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നുവെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്.

അന്വേഷണസംഘത്തോടു സഹകരിക്കാതിരുന്ന പെൺകുട്ടിയുടെ അമ്മയും മൂത്തസഹോദരിയും അനുകൂലമായി പെരുമാറാൻ തുടങ്ങിയതോടെയാണ് അന്വേഷണ സംഘത്തിന് കാര്യങ്ങൾ എളുപ്പമായത്. ഒരു മകൾ നഷ്ടപ്പെട്ടു, ഇനിയുള്ള മകളെക്കൂടി നഷ്ടപ്പെടാൻ ഇടയാക്കരുതെന്നതും സഹകരിക്കണമെന്നുമുള്ള അന്വേഷണ സംഘത്തിന്റെ കൗൺസിലിങ്ങാണ് ബന്ധുക്കളുടെ മനംമാറ്റത്തിനു കാരണം.

അതിനിടെ, പെൺകുട്ടിയെ അച്ഛൻ മുൻപ് ലൈംഗിക പീഡനത്തിരയാക്കിയെന്ന കേസിൽ വിചാരണ നിർത്തിവെയ്ക്കാൻ കോടതിയിൽ ആവശ്യപ്പെടാൻ പൊലീസ് തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അടുത്ത ദിവസം തന്നെ കോടതിയിൽ അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കൊട്ടാരക്കര ഡിവൈഎസ്‌പി: ബി. കൃഷ്ണകുമാർ അറിയിച്ചു. കേസിന്റെ വാസ്തവത്തെപ്പറ്റി സംശയം ഉയർന്നതിനെ തുടർന്ന് പുനരന്വേഷണം നടത്താൻ കൊല്ലം എസ്‌പി ഉത്തരവിട്ടിരുന്നു. പ്രാരംഭപരിശോധനയിൽ പൊരുത്തക്കേടുകൾ കണ്ടതുകൊണ്ടാണ് വിചാരണ നിർത്തിവയ്ക്കാൻ അപേക്ഷ നൽകുന്നത്.