കൊല്ലം: കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടറിനെ രണ്ടാഴ്ചക്ക് കോടതി റിമാൻഡ് ചെയ്തു. പ്രതിക്ക് നേരെ കോടതി വളപ്പിൽ നാട്ടുകാർ പ്രതിഷേധിച്ചു. കനത്ത സുരക്ഷാ വലയത്തിലാണ് പ്രതി വികട്റിനെകോടതിയിലെത്തിച്ചത്.

ഇതിനിടെ കുണ്ടറയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് കുട്ടിയുടെ അച്ചൻ ജോസ് പറഞ്ഞു. ആത്മഹത്യകുറിപ്പ് നിർബന്ധിപ്പിച്ച് എഴുതിപ്പിച്ചതാണെന്നും കുട്ടിയുടെ അച്ചൻ പറഞ്ഞു. നുണപരിശോധന നടത്തിയാൽ കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്നും ഇത് ഭയന്നാണ് മുത്തഛൻ വിക്ടർ കുറ്റം സമ്മതിച്ചതെന്നും കുട്ടിയുടെ അച്ചൻ പറഞ്ഞു.

കുട്ടി മരിച്ച ദിവസം തന്നെ പൊലീസിനോട് ഇക്കാര്യം പറഞ്ഞിരുന്നു. പരാതിയുമായെത്തിയ തന്നെ പൊലീസ് മർദ്ദിക്കുകയാണ് ചെയ്തതെന്നും കുട്ടിയുടെ അച്ചൻ ആരോപിച്ചു. താൻ പീഡിപ്പിച്ചതു മൂലം മകൾ ആതമഹത്യ ചെയ്തതെന്ന് പറഞ്ഞ് പൊലീസ് തന്നെ ചീത്തവിളിക്കുകയും അടിക്കുകയുമാണ് ചെയ്തത്.

കുട്ടി മരിച്ച ദിവസം വീട്ടിൽ ചെല്ലാൻ മുത്തച്ഛൻ ആവശ്യപ്പെട്ടിരുന്നു. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. തന്നെ പ്രതിയാക്കിയ കേസിൽ മകളെ കൗൺസിലിങ് നടത്തിയില്ലെന്നും കൗൺസിലിങ് നടത്തിയിരുന്നെങ്കിൽ മകൾ മരിക്കില്ലന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ വികടറിന്റെ അറസ്റ്റ് ഇന്നലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതിയുടെ ഭാര്യയുടെ മൊഴിയാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയത്. മകളും പേരക്കുട്ടിയും പീഡനത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി പൊലീസിനോട് പറഞ്ഞു. നാല് ദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്നു വിക്ടർ.

കൊല്ലത്തെ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന വിക്ടർ ഇപ്പോൾ ഒരു ലോഡ്ജ് മാനേജറാണ്. ഇയാൾ പുരുഷന്മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നുവെന്ന മൊഴികളും പൊലീസിന് ലഭിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യം ചെയ്യലിലാണ് കേസിലെ കാര്യങ്ങളുടെ ചുരുളഴിഞ്ഞത്.

നേരത്തെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പെൺകുട്ടിയുടെ അമ്മ പൊലീസിനോട് സഹകരിച്ചിരുന്നു. ഇതും പ്രതിയെ കുറിച്ചുള്ള സൂചനകൾ ലഭിക്കാൻ പൊലീസിനെ സഹായിച്ചു.