മലപ്പുറം: മലപ്പുറത്തുനിന്നും കോഴിക്കോട് ഓഫീസുമായി ലയിപ്പിച്ച മലപ്പുറം മേഖല പാസ്പോർട്ട് ഓഫീസ് വീണ്ടും മലപ്പുറത്ത് എത്തിച്ചത് കുഞ്ഞാലിക്കുട്ടി മാജിക്. ബിജെപി സർക്കാരിൽ കുഞ്ഞാലിക്കുട്ടി നടത്തിയ ഇടപെടലാണ് ഇതിന് കാരണം. കേന്ദ്ര മന്ത്രി സുഷമാ സ്വരാജിനെ അടക്കമുള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാണ് ഡൽഹിയിൽ കുഞ്ഞാലിക്കുട്ടി ആദ്യ വിജയ നീക്കത്തിന് ഉടമയായത്.

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പാസ്പോർട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരണമെന്നാണ് വിദേശകാര്യ വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. നിലവിൽ പ്രവർത്തിച്ചിരുന്ന മലപ്പുറം കിഴക്കെത്തലയിലെ കെട്ടിട ഉടമയുമായി സംസാരിച്ച് കരാറിലെത്തണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. മലപ്പുറം കിഴക്കെത്തലയിൽ പ്രവർത്തിച്ചിരുന്ന മലപ്പുറം മേഖല ഓഫീസിന് നവംബർ 30നാണ് ഔദ്യോഗികമായി താഴുവീണത്. ദിവസങ്ങൾക്കകം തന്നെ മേഖല ഓഫീസ് മലപ്പുറത്ത് തന്നെ തുടരാനുള്ള ഉത്തരവ് വന്നത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. പാസ്പോർട്ട് ഓഫീസ് പൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുസ്ലിംലീഗ് പാർട്ടിയും മുസ്ലിംലീഗ് എംപിമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പി.കെ കുഞ്ഞാലിക്കുട്ടി എംപി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ചർച്ച നടത്തുകയും പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കികൊണ്ടുള്ള നിവേദനം നൽകുകയും ചെയ്തു. കേന്ദ്ര നടപടി ചോദ്യം ചെയ്ത് കുഞ്ഞാലിക്കുട്ടി ഹൈക്കോടതിയിൽ കേസും ഫയൽ ചെയതു. ഈ കേസിൽ സർക്കാറിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു. ഇതിനൊപ്പം സോഷ്യൽ മീഡിയ വഴി മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി നടത്തിയ 'സേവ് മലപ്പുറം പാസ്പോർട്ട് ഓഫീസ'് കാമ്പയിനും. ഇതോടെ കേന്ദ്രം കുഞ്ഞാലിക്കുട്ടിക്ക് വഴങ്ങി.ഇതിനെല്ലാമിടയിലാണ് പാസ്പോർട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരാനുള്ള ഉത്തരവിറങ്ങിയത്.

2006ൽ ഇ അഹമ്മദ് വിദേശകാര്യമന്ത്രിയായിരിക്കുമ്പോഴാണ് മലപ്പുറത്തിന് പാസ്പോർട്ട് ഓഫീസ് അനുവദിച്ചത്. കോഴിക്കോടിനെ ആശ്രയിച്ചിരുന്ന മലപ്പുറത്തുകാരുടെ സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു മലപ്പുറത്തെ പാസ്പോർട്ട് ഓഫീസ്. രാജ്യത്ത് തന്നെ ഏറ്റവും മികച്ച വരുമാനമുള്ള പാസ്പോർട്ട് ഓഫീസായി ഇത് വളർന്നു. മലബാർ മേഖലയിൽ കോഴിക്കോട് റീജിയണൽ പാസ്പോർട് ഓഫീസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപേക്ഷകരുടെ എണ്ണത്തിൽ മലപ്പുറമായിരുന്നു മുന്നിൽ. പാസ്പോർട്ട് ലഭ്യമാകാൻ വൈകുന്നതും പതിവായത് മലപ്പുറത്തുകാരുടെ പ്രവാസ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്‌ത്തി. ഇത് മനസ്സിലാക്കിയാണ് ഇ അഹമ്മദിന്റെ ശ്രമഫലമായി മലപ്പുറത്ത് പാസ്പോർട്ട് ഓഫീസ് കൊണ്ടുവരുന്നത്. തുടക്കത്തിൽ പാലക്കാട് ജില്ലയും ഇതിന്റെ കീഴിലായിരുന്നു. പിന്നീട് മലപ്പുറം മാത്രമായി.

മേഖലാ ഓഫീസ് മലപ്പുറത്ത് തുറന്നിട്ട് 11 വർഷമായിരുന്നു. പാസ്പോർട്ടിന് അപേക്ഷിച്ചവരുടെ എണ്ണത്തിലും മറ്റ് മേഖലാ ഓഫീസുകളേക്കാൾ കൂടുതലാണ് മലപ്പുറത്ത്. 11 വർഷംകൊണ്ട് 20,13,392 പേരാണ് പുതിയവരും പുതുക്കിയവരുമായി പാസ്പോർട്ട് കൈപ്പറ്റിയത്. കോഴിക്കോടിന് അടുത്തായ മലപ്പുറത്തിന് പ്രത്യേകമായി പാസ്പോർട്ട് മേഖല കേന്ദ്രം വേണ്ടെന്ന് പറഞ്ഞായിരുന്നു കേന്ദ്ര സർക്കാർ ഓഫീസ് പൂട്ടാൻ തീരുമാനമെടുത്തത്. മലപ്പുറത്തെ കോഴിക്കോടുമായി ലയിപ്പിച്ചാൽ ജീവനക്കാരുടെ കുറവുകൊണ്ടുള്ള പ്രശ്നങ്ങളും പരിഹരിക്കാമെന്ന് കണക്കുകൂട്ടി.

മലപ്പുറം പാസ്പോർട്ട് ഓഫീസിന് കെട്ടിട വാടകയും വൈദ്യുതി ബില്ലുമടക്കം മാസം അഞ്ചുലക്ഷത്തോളമാണ് ചെലവ് വരുന്നത്. ഇതു ലാഭിക്കാമെന്നും കണക്കുകൂട്ടിയാണ് ജനങ്ങളുടെ പ്രയാസം മനസ്സിലാക്കാതെ ഓഫീസ് കോഴിക്കോട്ടേക്ക് മാറ്റിയത്. പക്ഷേ കുഞ്ഞാലിക്കുട്ടി പോരാട്ടത്തിന് ഇറങ്ങിയപ്പോൾ കേന്ദ്രം വഴങ്ങി. പാസ്പോർട്ട് ഓഫീസ് മലപ്പുറത്ത് തുടരാനുള്ള ഉത്തരവ് ശുഭസൂചനയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി പ്രതികരിക്കുന്നു. പാസ്പോർട്ട് ഓഫീസ് അടച്ച് പൂട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അവസാന ഘട്ടം വരെ എതിർത്തെങ്കിലും പൊതുജന വികാരത്തെ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു എന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

'സർക്കാർ തീരുമാനത്തിനെതിരെ നിയമപോരാട്ടത്തിന് തുടക്കമിട്ടതും കേന്ദ്ര ഗവൺമെന്റിന്റെ നിഷേധാത്മക നിലപാടിനെതിരെ ആയിരുന്നു. നമ്മുടെ പോരാട്ടം വിജയം കണ്ടു വരുന്നു എന്നതാണ് ഇപ്പോൾ ലഭിക്കുന്ന വാർത്ത. മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ ഓഫീസ് മലപ്പുറത്ത് തുടരാനുള്ള തീരുമാനം ശുഭസൂചനയാണ്. ഓഫീസ് കെട്ടിടത്തിന്റെ വാടകക്കരാർ ഒരു മാസത്തേക്ക് പുതുക്കണമെന്ന് പാസ്പോർട്ട് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന വാർത്ത തെല്ല് ആശങ്കപ്പെടുത്തുന്നുമുണ്ട്. എങ്കിലും പാസ്പോർട്ട് ഓഫീസ് മലപ്പുറത്ത് തുടരാനുള്ള ഉത്തരവ് പിൻവലിക്കില്ലെന്നാണ് പ്രതീക്ഷ. ജനഹിതത്തിനെതിരായിട്ടാണ് സർക്കാരിന്റെ തീരുമാനം ഇനി വരുന്നതെങ്കിൽ ജനങ്ങളോടൊപ്പം നിന്ന് നിയമത്തിന്റെ വഴിയിൽ മുന്നോട്ട് പോകുക തന്നെ ചെയ്യും' ഫേസ്‌ബുക്ക് കുറിപ്പിലൂടെ കുഞ്ഞാലികുട്ടി പറഞ്ഞു.