- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രമയുടെ സത്യപ്രതിജ്ഞ സാങ്കേതികത്വത്തിൽ ഒഴിവാക്കിയ പാർട്ടി ചാനൽ; പ്രസംഗം കേൾക്കാനാവതെ സഭയിൽ നിന്ന് വിട്ടു നിന്ന മുഖ്യനും; പക്ഷേ എല്ലാവർക്കും കൊലയാളി ഇന്നും വീരപുരുഷൻ; കുഞ്ഞനന്തന്റെ ഒന്നാം ചരമദിനത്തിൽ വിപുലമായ ചടങ്ങുകൾ; ടിപിയെ കൊന്നയാൾക്ക് മരണശേഷം സിപിഎം നൽകുന്നത് വീരപരിവേഷം
തലശേരി: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം പൊളിറ്റ് ബ്യുറോ വരെ തള്ളിപ്പറഞ്ഞിട്ടും കേസിലെ പ്രതിയായ പി.കെ കുഞ്ഞനന്തനെ കൈവിടാതെ സിപിഎം. ടി.പി വധക്കേസിൽ ശിക്ഷ അനുഭവിക്കവെ മരണമടഞ്ഞ പി കെ കുഞ്ഞനന്തന്റെ ഒന്നാം ചരമവാർഷികാചരണം വിപുലമായി ആചരിക്കാൻ ഒരുങ്ങുകയാണ് പാർട്ടി. സിപിഎം ടി പി വധത്തെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നുവെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ടപ്പോഴും പാനൂർ ഏരിയാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നില്ല.
ടിപിയുടെ ഭാര്യ ഇന്ന് നിയമസഭാ അംഗമാണ്. ടിപിയുടെ ബാഡ്ജ് ധരിച്ച് നിയമസഭയിൽ സത്യപ്രതിജ്ഞയ്ക്കെത്തിയ രമയ്ക്കെതിരെ ചട്ടലംഘന ആരോപണം പോലും ഉയർന്നു. ഗവർണ്ണറുടെ നന്ദിപ്രമേയത്തിന് രമ മറുപടി നൽകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എംബി രാജേഷും സഭയിൽ ഉണ്ടായിരുന്നില്ല. രമയുടെ എംഎൽഎയായുള്ള സത്യപ്രതിജ്ഞ കൈരളി ടിവി സാങ്കേതിക പ്രശ്നം പറഞ്ഞ് കാണിച്ചതുമില്ല. ഇതെല്ലാം ടിപിയോട് സിപിഎം തുടരുന്ന വൈരാഗ്യത്തിന് തെളിവായി വിലയിരുത്തി. ഇതിനൊപ്പമാണ് ടിപിയെ കൊന്ന കുറ്റവാളിക്ക് സിപിഎം ആദരവ് സംഘടിപ്പിക്കുന്നത്.
ടി.പി കേസിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയവെ അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് പി കെ കുഞ്ഞനന്തൻ മരണമടയുന്നത്. ടി.പിയെ 51 വെട്ട് വെട്ടി കൊലപ്പെടുത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന സിപിഎം പൊളിറ്റ് ബ്യുറോയുടെ വാദത്തിന് പിൻബലം നഷ്ടപ്പെട്ടത് പി.കെ കുഞ്ഞനന്തനോടുള്ള സംസ്ഥാനത്തെ നേതാക്കളുടെഈ അഭേദ്യമായ ബന്ധം കൊണ്ടാണ്. ഗുഡാലോചന നടത്തിയതിന് കേസിൽ കുടുങ്ങിയ കുഞ്ഞനന്തനെ തള്ളിപ്പറഞ്ഞില്ലെന്ന് മാത്രമല്ല അവസാന നിമിഷം വരെ ചേർത്തു പിടിക്കുകയും ചെയ്തിരുന്നു. ഈ മാസം 11നാണ് കുഞ്ഞനന്തൻ ചരമദിനം.
സിപിഎം പൊളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണൻ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ, സംസ്ഥാന സമിതിയംഗം പി.ജയരാജൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തുടങ്ങിയ നേതാക്കളുടെ വൻനിര തന്നെ അനുസ്മരണ ദിനാചരണത്തിൽ പങ്കെടുക്കുന്നുണ്ട്. ജൂൺ പതിനൊന്നിന് വിവിധ പരിപാടികളോടെ കോവിഡ്നിയന്ത്രണങ്ങൾ പാലിച്ച് സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചരമവാർഷിക ദിനാചരണം നടത്തുന്നത്.
തൃപ്പങ്ങോട്ടുർ ,കുന്നോത്ത്പറമ്പ് ലോക്കൽ കമ്മിറ്റികളിൽപ്പെട്ട 74 ബ്രാഞ്ച് കേന്ദ്രങ്ങളിലും രാവിലെ എട്ടു മണിക്ക് പുഷ്പാർച്ചന നടത്തും. പാറാട് സ്മൃതി മണ്ഡപത്തിൽ രാവിലെ ഒൻപതരയ്ക്ക് ഇ പി ജയരാജന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് പാറാട് ലോക്കൽ കമ്മിറ്റി ഓഫിസിലെ മൂന്നാം നില ഹാൾ പി.കെ കുഞ്ഞനന്തൻ സ്മാരക ഹാളായി നാമകരണം ചെയ്തുള്ള പ്രഖ്യാപനം രാവിലെ പത്തിന് ജില്ലാ സെക്രട്ടറി എം.വി ജയരാജൻ നടത്തും.സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയിൽ പതിനൊന്ന് മണിക്ക് നടക്കുന്ന ഫോട്ടോ അനാച്ഛാദനം പി.ജയരാജൻ നിർവഹിക്കും. തുടർന്ന് ഓൺലൈനായാണ് അനുസ്മരണ സമ്മേളനം നടക്കുക.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎമ്മിന്റെ പങ്കിനെ കുറിച്ചുള്ള പൊലിസ് അന്വേഷണവും കോടതി നടപടികളുമെല്ലാം കുഞ്ഞനന്തനിൽ അവസാനിച്ചെങ്കിലും അത് ഉയർത്തിയ രാഷ്ട്രീയ അലയൊലികൾ ഇപ്പോഴും പാർട്ടിയെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട് ഈ സാഹചര്യത്തിലാണ് പി.കെ കുഞ്ഞനന്തന്റെ ഒന്നാം ചരമവാർഷിക ദിനാചരണം സമുചിതമായി ആചരിക്കാൻ സിപിഎം പാനുർ ഏരിയാ കമ്മിറ്റി തീരുമാനിച്ചത്. ചന്ദ്രശേഖരൻ വധക്കേസിൽ പതിമുന്നാം പ്രതിയായിരുന്ന പി.കെ കുഞ്ഞനന്തൻ 1970 മുതൽ സിപിഎം അംഗമാണ്. പാനുർ ഏരിയ സെൻട്രലിൽ പ്രവർത്തിച്ചു വരികയായിരുന്ന പി.കെ കുഞ്ഞനന്തനെ ടി പി വധക്കേസിൽ പ്രതിയായ വേളയിലും സിപിഎം ചേർത്തുനിർത്തുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളുമായി കുഞ്ഞനന്തനുള്ള ആത്മബന്ധമാണ് അദ്ദേഹത്തെ സംരക്ഷിക്കാൻ കാരണമെന്ന് ആർ.എംപി നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കുഞ്ഞനന്തന്തന് തുടർച്ചയായി പരോൾ അനുവദിച്ചതും വിവാദമായിരുന്നു.'ടി.പിയെ വക വരുത്താനുള്ള തീരുമാനം സിപിഎമ്മിന്റെ അറിവോടെയാണെന്ന ആരോപണത്തിന് തെളിവായാണ് രാഷ്ട്രീയ എതിരാളികൾ പി.കെ കുഞ്ഞനന്തന് അവസാനകാലം വരെ ലഭിച്ച സംരക്ഷണത്തെ ചുണ്ടിക്കാട്ടിച്ചിരുന്നത്.
പാർട്ടിക്ക് വേണ്ടി കുഞ്ഞനന്തൻ ഏറ്റെടുത്ത ധീരമായ ദൗത്യമാണ് ടി.പി വധമെന്നായിരുന്നു ടി പി വധക്കേസിൽ അദ്ദേഹം പ്രതിയായതിനെ കുറിച്ച് ചില നേതാക്കൾ വിശേഷിപ്പിച്ചിരുന്നത്. പി.കെ.കുഞ്ഞനന്തൻ മരണമടഞ്ഞപ്പോൾ കൊ വിഡ് നിയന്ത്രണങ്ങൾ തന്നെ മറികടന്നു കൊണ്ട് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നേതാക്കളുടെ വൻനിര തന്നെയെത്തിയത് ഏറെ വിവാദമായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്