- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടിപിയെ കൊന്ന ഗൂഢാലോചനയിലെ പ്രധാനി; ഭരണകൂട ഭീകരതയുടെ ഇരായായി കൊണ്ട് മരിച്ചപ്പോൾ കുഞ്ഞനന്തന് നൽകിയത് രക്തസാക്ഷി പരിവേഷം; ചരമവാർഷികവും സമുചിതമാക്കി; ഷബ്‌നയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത് പാറാട് ടൗൺ ബ്രാഞ്ചിനെ വിഭജിച്ചു; സിപിഎം നേതൃത്വത്തിലേക്ക് കുഞ്ഞനന്തന്റെ മകൾ എത്തുമ്പോൾ

കണ്ണൂർ: ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിൽ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ മകൾ പി.കെ.ഷബ്‌ന ഇനി പാർട്ടിയെ നയിക്കും. കുഞ്ഞനന്തന്റെ വീട് ഉൾപ്പെടുന്ന സെൻട്രൽ കണ്ണങ്കോട് ബ്രാഞ്ച് സെക്രട്ടറിയായി ഷബ്‌നയെ തിരഞ്ഞെടുത്തു. പാറാട് ടൗൺ ബ്രാഞ്ച് വിഭജിച്ചാണ് സെൻട്രൽ കണ്ണങ്കോട് ബ്രാഞ്ച് രൂപവൽക്കരിച്ചത്.
കുഞ്ഞനന്തന്റെ മകളെ നേതൃത്വത്തിലേക്ക് കൊണ്ടു വരാനായിരുന്നു ഇത്. വനിതകൾക്കു കൂടുതൽ പ്രാതിനിധ്യം നൽകാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഷബ്‌നയെ സെക്രട്ടറിയാക്കിയത്. കണ്ണങ്കോട് ടിപിജിഎം യുപി സ്‌കൂൾ അദ്ധ്യാപികയായ ഷബ്‌ന കെഎസ്ടിഎ പാനൂർ ഉപജില്ലാ കമ്മിറ്റി നിർവാഹക സമിതി അംഗമാണ്. ടിപിയെ കൊലപ്പെടുത്തിയതിൽ പാർട്ടിക്കു പങ്കില്ലെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ വാദത്തിനു വേണ്ടത്ര പിൻബലം കിട്ടാതെ പോയത് കേസിൽ പ്രതിയായ കുഞ്ഞനന്തനും സിപിഎം നേതാക്കളും തമ്മിലുള്ള ആത്മബന്ധം കൊണ്ടായിരുന്നു.
അതുകൊണ്ട് തന്നെ ടി.പി. വധത്തിൽ കുഞ്ഞനന്തന് പങ്കില്ലെന്നാണ് സിപിഎം നിലപാട്. പരോളിൽ ചികിൽസയിലിരിക്കെ അന്തരിച്ച കുഞ്ഞനന്തന് രക്തസാക്ഷികൾക്ക് സമാനായ യാത്ര അയപ്പ് സിപിഎം നൽകിയിരുന്നു. ഭരണകൂട ഭീകരതയുടെ ഇരയാണ് കുഞ്ഞനന്തനെന്നാണ് സിപിഎം പറയുന്നത്. കുഞ്ഞനന്തന്റെ ഒന്നാം ചരമ വാർഷികം സിപിഎം വിപുലമായി ആചരിക്കുകയും ചെയ്തിരുന്നു. ടിപി കേസിൽ ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ടു ജയിലിൽ കഴിയവേ അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞനന്തൻ മരിച്ചത്.
കേസിൽ പ്രതിയായിരുന്നിട്ടും സിപിഎം കുഞ്ഞനന്തനെ തള്ളിപ്പറഞ്ഞിരുന്നില്ലെന്നു മാത്രമല്ല, അവസാന നിമിഷം വരെ ചേർത്തു പിടിക്കുകയും ചെയ്തിരുന്നു. ചന്ദ്രശേഖരൻ വധക്കേസിൽ 13ാം പ്രതിയായിരുന്നു കുഞ്ഞനന്തൻ. 1970 മുതൽ സിപിഎമ്മിൽ അംഗമായിരുന്ന അദ്ദേഹം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു. എൽഡിഎഫ് ഭരണത്തിലിരിക്കെ കുഞ്ഞനന്തനു ദീർഘനാളത്തേക്കു പരോൾ അനുവദിച്ചതും വിവാദമായിരുന്നു.
ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണു കൊലപാതകവുമായി ബന്ധപ്പെട്ട കണ്ണി പാനൂരിലുണ്ടെന്ന വിവരം പുറത്തു വന്നത്. കേസിൽ അറസ്റ്റിലായ കൊടി സുനിക്കും കിർമാണി മനോജിനും അനൂപിനും കുഞ്ഞനന്തനുമായുള്ള ബന്ധമാണു കേസിൽ നിർണായകമായത്. അന്വേഷണത്തിൽ ഇവർ കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടിൽ വന്നതായി കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം വീട്ടിലെത്തി തെളിവെടുക്കുകയും ചെയ്തു. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവുമായും കുഞ്ഞനന്തനു നല്ല അടുപ്പമുണ്ടായിരുന്നു.
കൊലപാതകത്തിൽ പാർട്ടിക്കോ നേതാക്കൾക്കോ പങ്കില്ലെന്നായിരുന്നു കുഞ്ഞനന്തന്റെ ആദ്യ പ്രതികരണം. എന്നാൽ ഗൂഢാലോചനയിൽ കുഞ്ഞനന്തന്റെ പങ്ക് കോടതിയിൽ തെളിഞ്ഞു. പാനൂർ മേഖലയിലെ സിപിഎം അണികൾക്ക് ആവേശമായിരുന്ന പി.കെ.കുഞ്ഞനന്തൻ പാർട്ടിയുടെ സമുന്നത നേതാക്കളുടെ വിശ്വസ്തൻ കൂടിയായിരുന്നു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ അന്വേഷണം മറ്റു നേതാക്കളിലേക്കു നീങ്ങാതിരുന്നത് കുഞ്ഞനന്തന്റെ അടിയുറച്ച പാർട്ടി നിലപാടുകൊണ്ടാണെന്ന വിലയിരുത്തൽ സജീവമാണ്.


