കണ്ണൂർ: മന്ത്രവാദ ചികിത്സയെ തുടർന്ന് പതിനൊന്നു വയസുകാരിയായ പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ പ്രതിയായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസിന് തീവ്രവാദബന്ധമുണ്ടെന്ന ആരോപണം ഉയരുന്നു. ഇതു സംബന്ധിച്ചു പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഏറെക്കാലം ഗൾഫിലായിരുന്ന ഇമാം തീവ്രവാദ ആശയങ്ങളുള്ള ചില സംഘടനകളുമായി ബന്ധം പുലർത്തിയിട്ടുണ്ടെന്നാണ് വിവരം. ഇത്തരമൊരു സംഘടനയുടെ സംരക്ഷണയിലാണ് ഇയാൾ ഇപ്പോഴുമെന്നാണ് വിവരം.

ഉവൈസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒതുക്കാൻ സോഷ്യൽ മീഡിയയിലും അല്ലാതെയും ഈ സംഘടന ഇടപെടുകയും വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കണ്ണൂർ സിറ്റി നാലുവയലിലെ ഫാത്തിമ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ജാതിമതഭേദമന്യേ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് വ്യാജ ചികിത്‌സകനായ ഉവൈസിനെ സംരക്ഷിക്കാൻ ഇവർ ശ്രമിക്കുന്ന്. ഇമാം ജോലി ചെയ്യുന്ന കുഞ്ഞിപ്പള്ളി എസ്. ഡി.പി. ഐയുടെ നിയന്ത്രണത്തിലാണ്.

എന്നാൽ ഈ വിഷയത്തിൽ ഇതുവരെ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി. ഐ സംഘടനകൾ ഇടപെടുകയോ, കുറ്റാരോപിതനായി റിമാൻഡിൽ കഴിയുന്ന ഇമാമിനെ പുറത്താക്കുകയോ, നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഈ വിഷയത്തിൽ മറ്റു മതസംഘടനകൾ കടുത്ത വിമർശനവുമായി രംഗത്തുവരുമ്പോഴും എസ്. ഡി. പി. ഐ മൗനം പാലിക്കുകയാണ്. നേരത്തെ കാന്തപുരം സുന്നിവിഭാഗക്കാരനായ ഉവൈസിനെ സംഘടനയിൽ നിന്നും വർഷങ്ങൾക്കു മുൻപേ പുറത്താക്കുകയായിരുന്നു.

പ്ലസ്ടൂ പഠനത്തിന് ശേഷം പേരോട് അബ്ദുൽ റഹ്മാൻ സഖാഫിയുടെ കുറ്റ്യാടിയിലുള്ള പാഠശാലയിൽ മതവിദ്യാഭ്യാസത്തിനായി ഉവൈസ് പോവുകയും അവിടെ നിന്നും കൂട്ടുകാരന് പനി ബാധിച്ചപ്പോൾ വെള്ളം ജപിച്ചൂതലും വ്യാജ ചികിത്സ നടത്തുകയും ചെയ്യുകയായിരുന്നു. വ്യാജ ചികിത്സ കാരണം പനിബാധിച്ചയാൾ രോഗം മൂർച്ഛിച്ചു വൈകിയെങ്കിലും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. അന്ന് സഖാഫിയുടെ നിർദ്ദേശപ്രകാരം അടിയന്തിരമായി ഡോക്ടറുടെ ചികിത്സ തേടുകയായിരുന്നു. ഇതേ തുടർന്ന് വ്യാജചികിത്സ നടത്തിയതിന് കുറ്റ്യാടിയിലെ മതപാഠശാലയിൽ നിന്നും ഉവൈസിനെ പറഞ്ഞുവിടുകയായിരുന്നു.

ഇതിനു ശേഷമാണ് ഇയാൾ വിദേശത്തേക്ക് കടക്കുന്നത്. ഈ സമയത്താണ് ചില തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുന്നതും അവരുടെ ആത്മീയാചാര്യന്റെ റോളിലേക്ക് എത്തുന്നതും.തന്നെ കുറിച്ചുള്ള അത്ഭുത കഥകൾ പുറത്തിറക്കാനും അതു മറ്റുള്ളവരെ വിശ്വസിപ്പിക്കാനുമുള്ള പ്രത്യേക വൈദഗ്ദ്ധ്യം തന്നെ ഉവൈസിനുണ്ടായിരുന്നു. സോഷ്യൽമീഡിയയും അതിനു കൂട്ടുപിടിച്ചു. ഡോക്ടറുടെ സഹായമില്ലാതെ ആധുനിക മരുന്നുകളുടെ സഹായമില്ലാതെ രോഗംമാറ്റാമെന്നായിരുന്നു അതിലെ ഹൈലൈറ്റ്.

ഇതിനുദാഹരണമായി തന്റെ ഭാര്യ യാതൊരു ഡോക്ടറുടെയും സഹായമില്ലാതെ ആശുപത്രിയിൽ പോകാതെ വീട്ടിൽ നിന്നു തന്നെയാണ് പ്രസവിച്ചതെന്ന പ്രചരണമാണ് നടത്തിയത്. രോഗം മാറണമെങ്കിൽ ഡോക്ടറുടെ അടുത്തു പോകരുതെന്നും അങ്ങനെയുള്ളവർക്കു താൻ ചികിത്സ നൽകില്ലെന്നും ഉവൈസ് പറയുന്നു. ഉവൈസ് മാത്രമല്ല ആത്മീയ ചികിത്സാരംഗത്തു വൻസ്രാവുകളും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നു പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. താണയിൽ ഒരു മതപഠന പുരോഹിതന്റെ നേതൃത്വത്തിലാണ് വെള്ളം മന്ത്രിച്ചൂതലും വ്യാജചികിത്സയും നടത്തുന്നത്.

കേരളമാകെ വേരുകളും സ്വാധീനവുമുള്ള സംഘടനയുടെ നേതാവായ ഇദ്ദേഹത്തിനെ കാണാൻ നിരവധിയാളുകൾ അയൽജില്ലകളിൽ നിന്നുമെത്തുന്നുണ്ട്. കുറവയിൽ ജിന്നുമ്മയുടെ ചികിത്സ ഇപ്പോഴും തുടരുകയാണ്. ജിന്നുമ്മയ്ക്കുംവിശ്വാസികളേറെയാണ്. കക്കാട് അറബിക് ജ്യോതിഷം നടത്തുന്ന ഉസ്താദും സജീവമാണ്. താഴെചൊവ്വയിൽ തമിഴ് സ്വദേശികളായ രണ്ടുപേർ നടത്തുന്ന നാഡീജ്യോതിഷ്യത്തിനും ആളുകളേറെയുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഉവൈസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലിസ് കോടതിയിൽ അപേക്ഷ നൽകുമെന്നാണ് സൂചന. ഇതിനു ശേഷമാണ് കൂടുതൽ അന്വേഷണവും തെളിവെടുപ്പും നടത്തുക.

ഫാത്തിമയുടെതിന് സമാനമായി കണ്ണൂർ സിറ്റിയിൽ നടന്ന സമാനമായ മറ്റു നാലു കൊലപാതകങ്ങളും പൊലിസ് അന്വേഷിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം സിറ്റി സ്നേഹതീരം വാട്സ് ആപ്പ് കൂട്ടായ്മ അംഗങ്ങൾ ഉവൈസിന്റെ തീവ്രവാദ ബന്ധങ്ങളും ഇയാൾ ചികിത്സിച്ച മറ്റുനാലുപേരുടെ മരണവും അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു രംഗത്തു വന്നിരുന്നു.