ഈ വർഷം നൂറ്റമ്പതാം പിറന്നാൾ ആഘോഷിക്കുന്ന 'അത്ഭുതലോകത്തെ ആലീസ്' മുതൽ ഹാരിപോട്ടർ പരമ്പരവരെയുള്ള ലോകക്ലാസിക്കുകളുടെ ഒരു നിരതന്നെയുണ്ട്, ബാലസാഹിത്യമെന്ന പേരിൽ. വിവിധ ദേശങ്ങളിലെ നാടോടിക്കഥകൾ മുതൽ ചിത്രകഥയും സിനിമയും കാർട്ടൂൺടെലിവിഷനും വീഡിയോഗെയിമുകളും വരെയുള്ള മുഴുവൻ ആഖ്യാന-കലാരൂപങ്ങളിലും ബാലഭാവനയുടെ ലോകങ്ങൾ ചിറകുവിടർത്തി നിൽക്കുന്നു. 'ബാലസാഹിത്യം' അവയിലൊന്നു മാത്രമാണ്. ഒരുപക്ഷെ പുതിയ യന്ത്ര, സാങ്കേതിക, മാദ്ധ്യമരൂപങ്ങൾക്കിടയിൽ കാലപ്പഴക്കം തോന്നിക്കാവുന്ന ഒന്ന്, എങ്കിലും അതിനു വലിയ പ്രസക്തിയും പ്രചാരവും ഇന്നുമുണ്ട്.

ലോകസാഹിത്യത്തിലെങ്ങും 'മുതിർന്ന' സാഹിത്യത്തിന്റെ വക്താക്കളായ വലിയ എഴുത്തുകാർ കുട്ടികൾക്കുവേണ്ടി എഴുതാറുണ്ട്. ചാൾസ് ഡിക്കൻസും ടാഗോറും മുതൽ മലയാളത്തിലെ ഉറൂബും മുട്ടത്തുവർക്കിയുംവരെ ഉദാഹരണം. 'ചെറുപൈതങ്ങൾക്ക് ഉപകാരാർഥം ഇംഗ്ലീഷിൽനിന്നു തർജമചെയ്ത കഥകൾ' ആണല്ലോ കേരളത്തിലച്ചടിച്ച ആദ്യപുസ്തകംതന്നെ. തുടർന്നിങ്ങോട്ട് ബാലസാഹിത്യം എന്ന സിവശേഷഗണത്തിൽ ഇടപെട്ട്, കഥയും കവിതയും മുതൽ നാടോടിക്കഥകളുടെ സമാഹരണവും പുരാണേതിഹാസങ്ങളുടെ ഗദ്യപുനരാഖ്യാനവുംവരെ നിർവഹിച്ച എത്രയെങ്കിലും മലയാളികളുണ്ട്. മാലിയും സുമംഗലയും നരേന്ദ്രനാഥും മുതൽ കെ.ശ്രീകുമാർ വരെ. ഭാവനയുടെ ചെറുപ്പമോ ഇളപ്പമോ അല്ല ബാലസാഹിത്യത്തിന്റെ മാനദണ്ഡം. പ്രാഥമികമായും അത് കുട്ടികൾക്കുവേണ്ടി എഴുതപ്പെട്ടതാണ്. അവരുടെ കണ്ണിലൂടെ കാണുന്ന ലോകവും ഭാഷയിലൂടെ എഴുതപ്പെടുന്ന അനുഭവങ്ങളുമാണ് അതിന്റെ അടിത്തറ. ആഖ്യാനത്തിലെ ലാളിത്യവും മൂല്യബദ്ധമായ ജീവിതവും സംഘർഷരഹിതമായ അവസ്ഥകളും അതിന്റെ താല്പര്യങ്ങളാണ്. ഭാഷയുടെ ലാവണ്യാത്മകമായ നേർരൂപങ്ങളാണ് അവിടെ സ്വീകാര്യം. കടുംനിറങ്ങളിൽ ചാലിച്ച കാഴ്ചകളായല്ല, ഇളം നിറങ്ങളുടെ മഴവിൽരൂപങ്ങളായാണ് ബാലഭാവന പീലിവിടത്തുന്നത്.

എസ്. ആർ. ലാലിന്റെ 'കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം', കുട്ടികൾക്കുവേണ്ടി എഴുതപ്പെട്ടിട്ടുള്ള മലയാളത്തിലെ ഏറ്റവും 'വലിയ' നോവലാണ്. അസാധാരണമായ വായനാക്ഷമതയും ഭാവനയുടെ സൗന്ദര്യാത്മകതയും ആഖ്യാനത്തിന്റെ ചാരുതയും ഭാഷയുടെ കയ്യടക്കവും കൊണ്ട് അസൂയാവഹമായ കലാപദവി കൈവരിക്കാൻ കഴിഞ്ഞ ഒരു ബാലസാഹിത്യകൃതിയാണ് കുഞ്ഞുണ്ണിയുടെ യാത്രകളുടേത്. മനുഷ്യരുടേതെന്നപോലെ സസ്യജന്തുജാലങ്ങളുടെയും ഭൂമിയുടെതന്നെയും മൂർത്തമായ സാന്നിധ്യവും പങ്കാളിത്തവുമാണ് ബാലസാഹിത്യത്തിന്റെ പ്രപഞ്ചബോധം എന്നു തെളിയിക്കുന്ന മികച്ച രചന.

ആബേലച്ചൻ നടത്തുന്ന അനാഥാലയത്തിലെ അന്തേവാസികളായ ജീവൻ, സച്ചിൻ, കമൽ തുടങ്ങിയ കുട്ടികളും അവർക്കു കൂട്ടായി ജീവിക്കുന്ന കൈസർ, ഷേർഷ, ടോമി എന്നീ നായകളും കുശിനിക്കാരൻ പ്രഭാകരനും വാത്സല്യനിധിയായ മേരിടീച്ചറും കമലിന്റെ മുത്തശ്ശിയും കരുണാമയനായ ആബേലച്ചനും ഉൾപ്പെടുന്നതാണ് ഈ നോവലിന്റെ വർത്തമാനലോകം. കമലിന്റെ മുത്തശ്ശിയും ഷേർഷയും ഭൂമിവിട്ടുപോയി; സച്ചിനെ അമേരിക്കൻ ദമ്പതികൾ ദത്തെടുത്തു, കമലിനെ അവന്റെ അച്ഛൻ തിരികെ കൊണ്ടുപോയി. ഏതാണ്ടൊറ്റക്കായ ജീവന് കൂട്ടായെത്തുന്നു, പുതിയ കാവൽക്കാരൻ, കുഞ്ഞുണ്ണി എന്ന വയോധികൻ.

എഴുപത്തഞ്ചുവയസ്സുകഴിഞ്ഞ കുഞ്ഞുണ്ണി, ആറുപതിറ്റാണ്ടു മുൻപ് താൻ നടത്തിയ ഒരു ഒളിച്ചോട്ടത്തിന്റെയും അതിലെ അനുഭവങ്ങളുടെയും കഥപറയുന്നു, ജീവനോട്. അവൻ അതൊരു നോവലായി എഴുതുന്നു. അതാണ് 'കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം'.

ബ്രിട്ടീഷ്ഭരണകാലമാണ്. ഒരു ഉൾനാടൻ ഗ്രാമത്തിലെ ജന്മിയുടെ പള്ളിക്കൂടത്തിൽ പഠിപ്പുമുടങ്ങിയപ്പോൾ നാടും വീടും വിട്ട കുഞ്ഞുണ്ണി എന്ന പതിമൂന്നുകാരനെ രണ്ടുവർഷം നീണ്ട രാജ്യാന്തര യാത്രകൾക്കാണ് വിധി നിയോഗിച്ചത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് രാജകുടുംബം നിധിയൊളിപ്പിക്കാൻ പണിത മണിമലക്കൊട്ടാരത്തിലെ കാവൽക്കാരനായ തന്റെ അമ്മാവൻ മാർത്താണ്ഡനെ തേടിയായിരുന്നു കുഞ്ഞുണ്ണിയുടെ ആദ്യയാത്ര. ആ കൊട്ടാരത്തിലെ നിഗൂഢതകളും അവിടെ നിധിതേടി മാർത്താണ്ഡൻ നടത്തുന്ന ക്രൂരമായ അന്വേഷണങ്ങളും കുഞ്ഞുണ്ണി കണ്ടറിയുന്നു. അടിമകളെ, അന്ധരാക്കി നിധിക്കുവേണ്ടി ഭൂമികുഴിക്കുന്ന ഭൂതത്താനായിരുന്നു മാർത്താണ്ഡൻ. നിധിവേട്ട വഴിമുട്ടിയപ്പോൾ, ചിത്രപ്പൂട്ടുകളുടെ രഹസ്യമടങ്ങിയ പുസ്തകം മോഷ്ടിച്ച് നാടുവിട്ട സ്വന്തം മകൻ വൈശാഖനെ കണ്ടെത്തി പുസ്തകം കൈവശപ്പെടുത്താൻ മാർത്താണ്ഡൻ കുഞ്ഞുണ്ണിയെ നിയോഗിക്കുന്നു.

വൈശാഖനെ തേടി തീവണ്ടിമാർഗം ബോംബെയിലും അവിടെനിന്ന് കപ്പൽമാർഗം ആഫ്രിക്കയിലുമെത്തുന്ന കുഞ്ഞുണ്ണിയുടെ യാത്രകൾ വിസ്മയകരവും അത്ഭുതകരവുമായ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. അജ്ഞാതമായ ഒരു കടൽദ്വീപും അതിലെ നിധിയും തേടിപ്പോകുന്ന പഴയ കപ്പിത്താൻ കുറുപ്പും ആഫ്രിക്കയിലെ സായ്പിന്റെ തോട്ടത്തിന്റെ നടത്തിപ്പുകാരൻ ചെക്കിനിയും അയാളുടെ തടങ്ങലിൽനിന്ന് കുഞ്ഞുണ്ണിയെ രക്ഷിക്കുന്ന കാപ്പിരി രാമങ്കോലയും മൊമ്പാസയെന്ന തുറമുഖനഗരത്തിൽ ചായക്കട നടത്തുന്ന കേളുവേട്ടനും അയാളെ തേടിയെത്തുന്ന സഞ്ചാരസാഹിത്യകാരൻ എസ്.കെ. പൊറ്റക്കാട്ടും വൈശാഖനെ തേടിയുള്ള കുഞ്ഞുണ്ണിയുടെ യാത്രയുടെ അവസാനഘട്ടത്തിൽ കെനിയയിൽനിന്ന് കോംഗോയിലെത്താൻ അവനെ സഹായിക്കുന്ന മന്ത്രവാദി മനമ്പാടിയും ചിത്രപ്പൂട്ട് പുസ്തകം ഹൃദിസ്ഥമാക്കിയശേഷം കടലിലെറിഞ്ഞ് വനഗവേഷകർക്കൊപ്പം സഞ്ചരിക്കുന്ന വൈശാഖനുമൊക്കെ കുഞ്ഞുണ്ണിയുടെ യാത്രകളെ പൂരിപ്പിക്കുന്നു. ഒടുവിൽ, ചിത്രപ്പൂട്ടു തുറക്കുന്ന വിദ്യ പറഞ്ഞും വരച്ചും കൊടുത്ത് വൈശാഖൻ കുഞ്ഞുണ്ണിയെ തിരികെ നാട്ടിലേക്കയയ്ക്കുന്നു. കൊട്ടാരത്തിലെത്തിയ കുഞ്ഞുണ്ണിക്ക് മാർത്താണ്ഡനെയും മറ്റാരെയും അവിടെ കാണാൻ കഴിഞ്ഞില്ല. നിധിവേട്ടക്കായി മാർത്താണ്ഡൻ കുഴിച്ച കിണറുകളും കിടങ്ങുകളും ഭൂമികുലുക്കത്തിലെന്നപോലെ അയാൾക്കൊപ്പം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.

ഇത്രയും പറഞ്ഞ് കഥ നിർത്തിയ കുഞ്ഞുണ്ണിയെ തേടി പിറ്റേന്നു രാവിലെ എത്തിയ ജീവന് അയാളെ കാണാൻ കഴിഞ്ഞില്ല. ആബേലച്ചന്റെ സഹായത്തോടെ കുഞ്ഞുണ്ണിയുടെ മകനെകണ്ട ജീവന്, കുഞ്ഞുണ്ണി തന്നോടു പറഞ്ഞതെല്ലാം വെറും കഥകളായിരുന്നുവെന്നു മനസ്സിലാകുന്നു. പക്ഷെ മണിമലക്കൊട്ടാരം തേടിയെത്തിയ ജീവന്, അവിടെ സ്‌കൂൾ നടത്തുന്ന മാനസന്, വൈശാഖൻ ആ സ്‌കൂൾ എഴുതിനൽകിയതായും അറിയാൻ കഴിയുന്നു. ഇക്കഥകളെല്ലാം ചേർത്തെഴുതിയ നോവൽ ജീവൻ പ്രസിദ്ധീകരിച്ചു. മക്കളില്ലാത്ത മേരിടീച്ചർ അവനെ ദത്തെടുക്കുന്നിടത്ത് ലാലിന്റെ നോവൽ അവസാനിക്കുന്നു.

ഒരർഥത്തിൽ 'ഒലിവർ ട്വിസ്റ്റി'ൽ തുടങ്ങി 'ട്രെഷർ ഐലൻഡി'ലൂടെ, 'ഹാരിപോട്ട'റിലെത്തി നിൽക്കുന്ന ബാല്യകാലാനുഭവങ്ങളുടെ വലിയൊരു ഭാവാന്തരലോകം തന്നെയാണ് ലാലിന്റെ നോവൽ. കുട്ടികൾ മാത്രമല്ല അവിടെ കഥാപാത്രങ്ങൾ. പക്ഷെ കണ്ണും കാഴ്ചയും കുട്ടികളുടേതാണ്; ഭാവനയും ലോകവും കുട്ടിത്തം നിറഞ്ഞതും. യാഥാർഥ്യത്തിൽനിന്നും വർത്തമാനകാലത്തുനിന്നും ഫാന്റസിയിലേക്കും ഭൂതകാലത്തേക്കും സഞ്ചരിക്കുന്ന കൗമാരകൗതുകങ്ങളുടെ അപാരലോകം. മറ്റൊരർഥത്തിൽ ഒലിവർ ട്വിസ്റ്റിന്റെയും ടോട്ടോചാന്റെയുംപോലെ നിഷ്‌കളങ്കവും ഒട്ടൊക്കെ അനാഥവുമായ ബാല്യങ്ങളുടെ സങ്കടങ്ങളും സന്തോഷങ്ങളും നിറഞ്ഞ അനുഭവങ്ങളാണ് ഈ നോവലിന്റെ ആഖ്യാതാവായ ജീവന്റെയും സുഹൃത്തുക്കളുടേതും. ആലീസും ഹാരിപോട്ടറും പോലുള്ള കഥാപാത്രങ്ങളുടെ മാതൃകയിൽ വിസ്മയകരമായ യാത്രകളും കാഴ്ചകളും നിറഞ്ഞ ജീവിതകഥയാണ് കുഞ്ഞുണ്ണിയുടേത്. ഭൗതികയാഥാർഥ്യത്തിന്റെയും മാന്ത്രിക യാഥാർഥ്യത്തിന്റെയും കലർപ്പിലൂടെ സൃഷ്ടിക്കുന്ന ഭയാത്ഭുതരസങ്ങളുടെ പട്ടുപരവതാനിയാണ് കുഞ്ഞുണ്ണിയുടെ കഥയെങ്കിൽ അങ്ങേയറ്റം റിയലിസ്റ്റിക്കായ ജീവിതാവസ്ഥകളുടെയും മണ്ണിലുറച്ചുനിൽക്കുന്ന കരുണരസത്തിന്റെയും ആവിഷ്‌ക്കാരമാണ് ജീവന്റെ കഥ.

നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന കൊട്ടാരങ്ങളും നിധിവേട്ടകളും മന്ത്രവാദവും ഭൂതപ്രേത പിശാചുക്കളും ആഫ്രിക്കൻ ഗോത്രാനുഭവങ്ങളും ഭൂതകാലസ്മൃതികളും നിറഞ്ഞ മായികാന്തരീക്ഷത്തിനൊപ്പം ചരിത്രഘട്ടങ്ങൾ മറനീങ്ങുന്ന പടയോട്ടങ്ങളുടെയും രാജവംശങ്ങളുടെയും സമുദ്രയാനങ്ങളുടെയും ജന്മിത്തത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയുമൊക്കെ സാമൂഹ്യാനുഭവങ്ങളും ഈ നോവലിലുണ്ട്. കേരളത്തിലും ആഫ്രിക്കയിലും അരങ്ങേറുന്നു, ഈ രണ്ടു ലോകങ്ങളും. കമലിന്റെ മുത്തശ്ശി മരിക്കുന്നതിനുമുൻപ് തനിക്കു കൈമാറാൻ കൊതിച്ച മഹാവൈദ്യരഹസ്യത്തെപ്പോലെതന്നെയാണ് കുഞ്ഞുണ്ണിയുടെ നിധിവേട്ടരഹസ്യവും ജീവനു സ്വപ്നംപോലെ കൈവിട്ട് പോകുന്നത്. ജീവന്റെ ജീവിതത്തിലും ഭാവനയിലും ഒരുപോലെ നിറയുന്ന മായികാനുഭവങ്ങളുടെ മൂർത്തരൂപമാണ് കുഞ്ഞുണ്ണി. അയാളുടെ യാത്രകളാകട്ടെ, ജീവന്റെ ഭാവനാലോകത്തിന്റെ അകക്കണ്ണു കാണുന്ന കാഴ്ചകളും. എസ്.കെ. പൊറ്റക്കാടിന്റെ ആഫ്രിക്കൻ യാത്രാവിവരണങ്ങളും എ.ടി. കോവൂരിന്റെ യുക്തിവാദഗ്രന്ഥങ്ങളുമൊക്കെ ഉപജീവിച്ചാണ് ലാൽ ഈ നോവലിന്റെ ഭാവനാഭൂപടം നെയ്‌തെടുത്തിരിക്കുന്നത്. റിയലിസത്തിന്റെയും മാജിക്കൽ റിയലിസത്തിന്റെയും ചരിത്രത്തിന്റെയും ഫാന്റസിയുടെയും അടരുകൾ ഒന്നൊന്നായി പകർന്നുതരുന്ന കഥാഖ്യാനത്തിന്റെ വശ്യവും സുന്ദരവുമായ ഒരു ലോകം ഈ നോവലിലുണ്ട്. വാസ്‌കോഡഗാമയുടെ ചരിത്രത്തിൽനിന്ന് ലാൽ മെനഞ്ഞുണ്ടാക്കുന്ന ഗാവോപോളൻസിന്റെ കഥപോലുള്ളവ അസാമാന്യമായ ഭാവനാവൈഭവം നിറഞ്ഞുനിൽക്കുന്നവയാണ്.


ജന്തുലോകത്തിന്റെ അസാധാരണമായ ജൈവസാന്നിധ്യവും പങ്കാളിത്തവും ഈ നോവലിന്റെ ബാലസാഹിത്യസ്വരൂപത്തെ പൂർത്തീകരിക്കുന്ന ഘടകമാണ്. അനാഥാലയത്തിൽ ജീവന്റെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും കൂട്ടിരിക്കുന്ന കൈസർ എന്ന നായ മുതൽ തീവണ്ടിയിൽ കണ്ടുമുട്ടുന്ന വെളുമ്പൻ എന്ന കുരങ്ങനും ആഫ്രിക്കയിലെ തന്റെ മുറിയിലെത്തിയ സിംഹവും വരെ, ആരും, ഒന്നും ജീവന്റെ ജീവലോകത്തിനു പുറത്തല്ല. പല സന്ദർഭങ്ങളിലും 'ലൈഫ് ഓഫ് പൈ'യുടെപോലും അന്തർധാര 'കുഞ്ഞുണ്ണി'യിൽ കാണാം. മുന്നൂറ്റിമുപ്പതോളം പുറങ്ങളുള്ള ഈ നോവൽ ഒറ്റയിരിപ്പിനു വായിക്കാൻ കഴിയുമെന്നതാണ് ഈ രചനയുടെ സൗന്ദര്യാനുഭവം നൽകുന്ന ഏറ്റവും വലിയ പാഠം. കുട്ടികൾ മലയാളസാഹിത്യം വായിക്കണം എന്നാഗ്രഹിക്കുന്ന ഏതു മലയാളിക്കും നിസംശയം അവർക്കു വാങ്ങിക്കൊടുക്കാവുന്ന ഒന്നാന്തരം കൃതിയാണ് 'കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം'.

കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം
എസ്.ആർ. ലാൽ
ഡി.സി. ബുക്‌സ്
2015, വില 350 രൂപ

പുസ്തകത്തിൽ നിന്ന്
'ജോൺ രാജാവ് ഇന്ത്യയിലേക്കൊരു സമുദ്രമാർഗം കണ്ടെത്താനുള്ള ശ്രമങ്ങൾ പുനരാരംഭിച്ച കാലമായിരുന്നു അത്. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളായിരുന്നു രാജാവിനെ ആകർഷിച്ചത്. അതിസാഹസികർക്കും ജീവനിൽ ഭയമില്ലാത്തവർക്കും ഇണങ്ങുന്നതാണ് ഇത്തരം അന്വേഷണയാത്രകൾ. ജോൺ രാജാവിന്റെ മുൻഗാമികളുടെ കാലത്തും ഇത്തരം ശ്രമങ്ങൾ നടന്നിരുന്നു. എത്രയോ പേർ കപ്പൽ തകർന്നും കൊടുങ്കാറ്റിൽപെട്ടും രോഗങ്ങൾ ബാധിച്ചും മരിച്ചുപോയി. ചിലർ വർഷങ്ങളോളം കടലിൽ അലഞ്ഞു. ആർക്കും കടൽമാർഗം ഇന്ത്യയെന്ന സ്വപ്നഭൂമിയിൽ എത്തിപ്പെടാനായില്ല.

രാജാവിന്റെ വിളംബരമറിഞ്ഞ് ഗവോ പോളൻസ് രാജാവിനെ മുഖം കാണിച്ചു. കിഴക്കോട്ട് യാത്രചെയ്ത് ഇന്ത്യയിലെത്തിച്ചേരാനുള്ള വഴി കണ്ടെത്താമെന്ന് ഗവോ അറിയിച്ചു. ഇന്ത്യയെ കണ്ടെത്താനുള്ള ശ്രമം നടത്തിയ ബർത്തലോമിയോ ഡയസിന്റെ യാത്രാപഥങ്ങളെപ്പറ്റി നന്നായി മനസ്സിലാക്കിയിരുന്നു ഗവോ.

ആഫ്രിക്കയിലെ ശുഭപ്രതീക്ഷാ മുനമ്പ് ചുറ്റിയ യാത്രക്കാരനായിരുന്നു ബർത്തലോമിയോ ഡയസ്. 

രാജാവ് വിശ്വസ്തരുമായി കൂടിയാലോചന നടത്തി. ഗവോ തന്റെ ഉദ്യമത്തിൽ ഒരിക്കലും വിജയിക്കാൻ പോകുന്നില്ല എന്നായിരുന്നു അവരുടെ നിഗമനം. മൂർ രാജവംശം ഗവോയെ തങ്ങളുടെ പക്ഷത്ത് ചേർക്കാൻ ശ്രമിക്കുന്നു എന്ന വിവരവും അവർ രാജാവിനെ ധരിപ്പിച്ചു. ഗവോ മൂർ വംശത്തോടൊപ്പം ചേർന്നാൽ പോർച്ചുഗലിന് യുദ്ധങ്ങളിൽ പരാജയമായിരിക്കും ഫലം. ഗവോ എവിടെങ്കിലും പോയി തുലയട്ടെ. അയാളെ ഒഴിവാക്കാനുള്ള മികച്ച സന്ദർഭമായി ഇതിനെ ജോൺ രാജാവ് കണ്ടു. രാജാവ് യാത്രയ്ക്കുള്ള അനുമതി നൽകി. ഗവോയ്ക്ക് സഞ്ചരിക്കാനുള്ള കപ്പലും സഹയാത്രികരെയും നിശ്ചയിച്ചുനൽകാൻ കല്പനയായി.
യാത്രയ്ക്കായി പഴയൊരു കപ്പൽ പുതുക്കിപ്പണിതു. ത്രികോണ പായകൾക്കുപകരം സമചതുരപായകൾ ഘടിപ്പിച്ചു. ആഴം കുറഞ്ഞ കടലിലൂടെ സഞ്ചരിക്കാൻ പാകത്തിലുള്ള മാറ്റങ്ങൾ ഗവോ കപ്പലിൽ വരുത്തി. കപ്പലിന്റെ അടിഭാഗം പരന്നതായിരുന്നു. അമരം സമചതുരത്തിലുള്ളതും. രണ്ട് അതിരുകളിലായി പീരങ്കികൾ ഘടിപ്പിച്ചു. കപ്പൽ തകർന്നാൽ രക്ഷപ്പെടാനായി വലിയ തോണിയും രണ്ട് ചെറിയ തോണികളും സജ്ജീകരിച്ചു. പ്രധാന കൊടിമരത്തിനു മുകളിലായി പോർച്ചുഗീസ് പതാക പാറിക്കളിച്ചു.
ആരോഗ്യദൃഢഗാത്രരായ നാവികർ, വെടിക്കോപ്പുകാർ, കുഴലൂത്തുകാർ, കണക്കെഴുത്തുകാർ, പുരോഹിതർ, സാധാരണ നാവികർ എന്നിവരുൾപ്പെടെ അൻപത് പേരായിരുന്നു ഗവോയെ അനുഗമിച്ചത്. ലിസ്‌ബന് സമീപത്തുള്ള റെസ്റ്റെല്ലോയിൽ നാവികർക്കായി ഒരു പള്ളിയുണ്ടായിരുന്നു. തലേദിവസം മുഴുവൻ പ്രാർത്ഥനയുമായി അവിടെ കഴിയുകയായിരുന്നു ഗവോയും സംഘവും. 1493 ജനുവരിയിൽ കപ്പൽ ലിസ്‌ബനിൽനിന്നും പുറപ്പെടാനായിരുന്നു തീരുമാനം.

അനന്തമായ യാത്രയിൽ പ്രതിബന്ധങ്ങൾ ഒഴിയണം. യാത്രയിൽ പ്രതിബന്ധങ്ങൾ ഒഴിയണം. അപരിചിതമായ ഇടങ്ങൾ യാത്രയ്ക്ക് കാവൽ നിൽക്കണം. ഗവോ ദൈവത്തോട് പ്രാർത്ഥിച്ചു.
കപ്പൽ പുറപ്പെടുന്നതിന് തൊട്ടുമുൻപായി കപ്പലിന്റെ 'മാസ്റ്റർ' യാത്രയിൽനിന്നും തന്ത്രപൂർവം പിന്മാറി. ക്യാപ്ടൻ കഴിഞ്ഞാൽ കപ്പലിലെ അടുത്ത സ്ഥാനം മാസ്റ്റർക്കാണ്. ബർത്തലോമിയോ ഡയസിനൊപ്പമുള്ള പര്യവേക്ഷണത്തിലെ പങ്കാളിയായിരുന്നു മാസ്റ്റർ. ആഫ്രിക്കയുടെ കിഴക്കൻതീരങ്ങൾവരെ സഞ്ചരിച്ച് അയാൾക്ക് പരിചയമുണ്ടായിരുന്നു. പക്ഷേ, ഗവോ തന്റെ ഉദ്യമത്തിൽനിന്നും പിന്മാറിയില്ല. 49 പേരുമായി തന്റെ യാത്ര ആരംഭിച്ചു. യാത്രയ്ക്കു മുൻപുള്ള പ്രധാനപ്പെട്ട ഒരാളുടെ പിന്മാറ്റം അശുഭലക്ഷണമായാണ് കപ്പലിലുള്ളവർ കണ്ടത്. ഒപ്പമുള്ളവർ പരിഭ്രമിച്ചു. ഗവോ ഏവർക്കും ആത്മവിശ്വാസം പകർന്നുനൽകി.

തീരങ്ങളെ ഒഴിവാക്കി ഉൾക്കടലുകളിലൂടെ സഞ്ചരിക്കാനാണ് ഗവോ ഇഷ്ടപ്പെട്ടത്. ബർത്തലോമിയോ ഡയസ് എത്തിച്ചേർന്ന ശുഭപ്രതീക്ഷയുടെ മുനമ്പിലെത്തിച്ചേരാൻ എട്ട് മാസങ്ങൾ വേണ്ടിവന്നു. ഇതിനിടയിൽ പരിശീലനം നേടിയ ഇരുപത്തിയഞ്ച് നാവികരിൽ പത്തുപേർ മരിച്ചുപോയിരുന്നു. മൊമ്പാസ തീരത്തുനിന്നും പത്ത് ആഫ്രിക്കക്കാരെ തടങ്കലിൽ പിടിച്ചു. അതിൽ മൂന്നുപേർ കപ്പൽ നീങ്ങിത്തുടങ്ങുമ്പോൾ കടലിൽ ചാടി രക്ഷപ്പെട്ടുകളഞ്ഞു. കപ്പലിലെ ജോലിക്കാർ എട്ടുമാസത്തെ യാത്രകൊണ്ട് പരിക്ഷീണിതരായിപ്പോയി. കൊടുങ്കാറ്റും മൊസംബിക്കിലെ കടലൊഴുക്കും കപ്പലിലെ എല്ലാവരുടെയും ജീവനെടുക്കേണ്ടതായിരുന്നു. ഭാഗ്യനിർഭാഗ്യങ്ങൾ യാത്രയിൽ മാറിമറഞ്ഞു വന്നു.

ആഫ്രിക്കൻ തീരംവിട്ട് അറബിക്കടലിലേക്ക് കടന്നതോടെ ഗവോയുടെ പ്രതീക്ഷകൾക്ക് ചിറകുവച്ചു. അയാൾ തന്റെ ദൂരദർശിനിയുമായി കപ്പലിന്റെ മുകൾത്തട്ടിൽ നിലയുറപ്പിച്ചു. കപ്പലുകളുടെയും വള്ളങ്ങളുടെയും നീണ്ടനിര ദൂരെയായി കാണാൻ തുടങ്ങി. അറബിക്കച്ചവടക്കാരുടെ യാനങ്ങളായിരുന്നു അധികവും.

ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് മുനമ്പിലാണ് തങ്ങൾ എത്തിയിരിക്കുന്നതെന്ന് ഗവോയ്ക്ക് മനസ്സിലായി. ഒരു അറബിക്കച്ചവടക്കാരനെ തോക്കുചൂണ്ടി കപ്പലിൽ കയറ്റി. ദീർഘനാളായി കച്ചവടസംബന്ധമായ ജോലികൾ ചെയ്തുവരികയായിരുന്നു അറബി. അതിനാൽ എത്തിച്ചേർന്ന പുതിയ നാടിനെക്കുറിച്ചുള്ള വിവരങ്ങൾ അറബിയിൽനിന്നും ലഭിച്ചു. വേണാട് രാജവംശമാണ് പ്രദേശം ഭരിക്കുന്നത്. രവിവർമനാണ് രാജാവ്. പുതിയ സമുദ്രമാർഗം കണ്ടുപിടിക്കുകയാണ് തന്റെ ഉദ്ദേശ്യമെന്നും രവിവർമനെ കണ്ട് പോർച്ചുഗീസ് രാജാവിന്റെ സന്ദേശം കൈമാറാൻ സഹായിക്കണമെന്നും അറബിയോട് അഭ്യർത്ഥിച്ചു. കപ്പൽ പുറംകടലിൽ നങ്കൂരമിട്ടപ്പോൾതന്നെ നിരവധി ചെറുവള്ളങ്ങൾ കപ്പലിനെ സമീപിച്ചു. കപ്പൽ എവിടെനിന്നും വരുന്നു, എന്താണ് ഇതിലുള്ളത് തുടങ്ങിയ കാര്യങ്ങളായിരുന്നു അവർക്ക് അറിയേണ്ടത്.

ചെറിയ വള്ളത്തിൽ കയറി ഗവോയും മറ്റ് രണ്ടുപേരും കരയിലിറങ്ങി. വിഴിഞ്ഞം എന്ന തീരദേശ പട്ടണമാണിത്. സുഗന്ധദ്രവ്യങ്ങൾ ധാരാളം ലഭിക്കുന്ന സ്ഥലമാണ് - ഗവോയെ അറബി ധരിപ്പിച്ചു.
ദൂരെനാട്ടിൽനിന്നും കപ്പലെത്തിയതറിഞ്ഞ് രാജകിങ്കരന്മാർ കടൽത്തീരത്ത് എത്തിയിരുന്നു. അതുവരെ കണ്ടിട്ടില്ലാത്ത കൊടിക്കൂറയായിരുന്നു കപ്പലിന്റെ കൊടിമരത്തിൽ പാറിയത്. പല്ലക്കിൽ കയറ്റി അവർ ഗവോയെയും കൂട്ടാളികളെയും തിരുവിതാംകോട് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. വേണാടിന് തിരുവിതാംകോട്ട് പ്രാദേശിക ഭരണമുണ്ടായിരുന്നു. ക്ഷേത്രത്തോട് ചേർന്നായിരുന്നു കൊട്ടാരം. ഒന്നര വർഷമായി കടൽ കണ്ടുവന്ന സഞ്ചാരിക്ക് വഴിയരികിലെ പച്ചപ്പുകണ്ട് കണ്ണുനിറഞ്ഞു. കായ് നിറഞ്ഞ പുന്നമരങ്ങളായിരുന്നു വീഥിക്ക് ഇരുവശവും.
വേണാട്ട് രാജാവിനെ, ജോൺ രാജാവിന്റെ സന്ദേശം ദ്വിഭാഷിയുടെ സഹായത്തോടെ കേൾപ്പിച്ചു. സ്വർണക്കിരീടം സമ്മാനിച്ചു. തന്റെ രണ്ട് ആഗ്രഹങ്ങൾ ഗവോ രാജാവിനെ അറിയിച്ചു. സുഗന്ധവ്യഞ്ജനങ്ങൾ കപ്പലിൽ കൊണ്ടുപോകാൻ അനുവദിക്കണം, ഇവിടെ എത്തിച്ചേർന്നതിന്റെ ഓർമയ്ക്കായി പോർച്ചുഗീസ് രാജവംശത്തിന്റെ മുദ്ര ആലേഖനംചെയ്ത സ്തൂപം കടപ്പുറത്ത് സ്ഥാപിക്കണം.

രണ്ടും രാജാവ് അനുവദിച്ചു.
മാസങ്ങൾ ചെലവഴിച്ചശേഷമാണ് ഗവോയും സംഘവും മടങ്ങിപ്പോയത്.
പര്യവേക്ഷണസംഘം ലിസ്‌ബനിൽ തിരിച്ച് എത്തിച്ചേരുമ്പോൾ നാല് വർഷങ്ങൾ പിന്നിട്ടിരുന്നു. പതിനഞ്ച് പേർ മാത്രമാണ് പഴയ യാത്രാസംഘത്തിൽ അവശേഷിച്ചത്. പക്ഷേ, ഗവോയെയും സംഘത്തെയും സ്വീകരിക്കാൻ രാജാവോ അദ്ദേഹത്തിന്റെ അനുചരന്മാരോ ആരും ഉണ്ടായിരുന്നില്ല. ജോൺ രാജാവിന്റെ ഭരണകാലം അവസാനിച്ചതും മാനുവൽ ഒന്നാമൻ പുതിയ രാജാവായതും ഗവോ ഞെട്ടലോടെ അറിഞ്ഞു.

ഗവോ തിരിച്ചെത്തിയതിന്റെ പത്താംദിവസം ജൂലൈ 8, 1497 ന് ലിസ്‌ബൻ കടൽത്തീരത്ത് വലിയ ആഘോഷം നടക്കുന്നുണ്ടായിരുന്നു. വാസ്‌കോഡ ഗാമ എന്ന ചെറുപ്പക്കാരനായ നാവികനും സംഘവും നാല് കപ്പലുകളിലായി ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന്റെ ആവേശമായിരുന്നു അവിടെ. അതിനുശേഷമാണ് രാജാവിനെ കാണാനുള്ള അനുമതി ഗവോയ്ക്ക് ലഭിച്ചത്. താനും കൂട്ടരും ഇന്ത്യയിലെത്തിയെന്നും അവിടത്തെ സുഗന്ധദ്രവ്യങ്ങളാണ് കപ്പലിലുള്ളതെന്നും ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഗവോയെ വിശ്വാസത്തിലെടുക്കാൻ മാനുവൽ രാജാവ് തയ്യാറായില്ല. ഗവോ നിരാശനായി, അധികം വൈകാതെ സ്വയം മരണത്തെ വരിച്ചു'.