- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നും അറിയാതെ നാട്ടുകാർക്കൊപ്പം നിന്ന കൊലയാളി; നായ എത്തുന്നതിന് മുമ്പ് ബൈക്കിൽ രക്ഷപ്പെടൽ; മണം പിടിച്ച് ഓടിയ നായ വീട്ടിന് അടുത്ത് എത്തിയപ്പോൾ ചങ്കിടിപ്പ്; പട്ടി മടങ്ങിയപ്പോൾ ആശ്വാസവും; ചതിച്ചത് രക്തക്കറയിൽ പതിഞ്ഞ ചെരുപ്പ്; കുഞ്ഞുപാത്തുമ്മയെ കൊന്ന ഷാഫി കുടുങ്ങുമ്പോൾ
കുറ്റിപ്പുറം: കുഞ്ഞുപാത്തുമ്മയുടെ മരണത്തിൽ മുഹമ്മദ് ഷാഫിയെ കുടുക്കിയത് ചെരുപ്പുകൾ. വെള്ളറമ്പ് ചീരങ്കുളങ്കര മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. വീട്ടിൽ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന കുഞ്ഞിപ്പാത്തുമ്മ തലയ്ക്കടിയേറ്റാണ് കൊല്ലപ്പെട്ടത്. ഭാരമേറിയ വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കുഞ്ഞിപ്പാത്തുമ്മയെ കൊലപ്പെടുത്തിയതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരുന്നു.
വിദേശത്തു നിന്ന് 2 മാസം മുമ്പാണ് വിദേശത്ത് നിന്ന് മുഹമ്മദ് ഷാഫി നാട്ടിലെത്തിയത്. തന്റെ സാമ്പത്തിക ബാധ്യത തീർക്കാനാണ് കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടിൽ മോഷണത്തിനായി കയറിയത്. ഭാര്യയുമായുള്ള ബന്ധം ഒഴിയുന്നതിന്റെ ഭാഗമായി നൽകാനുള്ള നഷ്ടപരിഹാരത്തുക കണ്ടെത്താനായിരുന്നു മോഷണം ആസൂത്രണം ചെയ്തത്. കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടിൽ നിന്ന് ആറാമത്തെ വീടാണ് പ്രതിയുടേത്. വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന കുഞ്ഞിപ്പാത്തുമ്മയുടെ കൈവശം പണമുണ്ടെന്നത് ഷാഫിക്ക് അറിയാമായിരുന്നു.
സുഹൃത്തുക്കൾക്കൊപ്പം രാത്രി വരെ മദ്യപിച്ചിരുന്ന ദിവസം മോഷണത്തിന് ഉറപ്പിച്ചു. 17ന് രാത്രി പന്ത്രണ്ടരയോടെയാണ് മറ്റുള്ളവർ വീട്ടിലേക്ക് പോയശേഷം മുഹമ്മദ് ഷാഫി റോഡരികിലുള്ള കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടിൽ എത്തുന്നത്. കുഞ്ഞിപ്പാത്തുമ്മയുടെ മുറിയിൽ പല പഴ്സുകളിലായി മൂന്നര ലക്ഷത്തോളം രൂപ ഉണ്ടായിരുന്നു. ഇതിൽ ഏഴുപതിനായിരത്തോളം രൂപ മോഷ്ടിച്ചു. പിന്നെ കൊലപാതകവും.
കുഞ്ഞിപ്പാത്തുമ്മ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർക്കൊപ്പം ഒന്നുമറിയാത്തവനെ പോലെ പ്രതിയും ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെയും നാട്ടിലെ സുഹൃത്തുക്കൾക്കളുടെയും ഇടയിലാണ് പ്രതി ഭാവവ്യത്യാസവുമില്ലാതെ നിന്നത്. മാസ്ക് ധരിക്കാതെ എത്തിയ ഇയാൾക്ക് സമീപത്തെ വീട്ടിലെ ചിലർ മാസ്ക് നൽകുകയും ചെയ്തു. എന്നാൽ പൊലീസ് നായ സ്ഥലത്ത് എത്തുന്നതിന് തൊട്ടുമുൻപായി പ്രതി ബൈക്കിൽ സ്ഥലം വിട്ടു. നായ മണംപിടിച്ച് ഓടിയ ഭാഗത്തു തന്നെയായിരുന്നു മുഹമ്മദ് ഷാഫിയുടെ വീട്. എന്നാൽ അവിടേക്ക് നായ കയറാതിരുന്നതോടെ രക്ഷപ്പെട്ടെന്ന് കണക്കുകൂട്ടി. പക്ഷേ, കൃത്യമായ തെളിവുകളിലൂടെ പൊലീസ് പ്രതിയെ കണ്ടെത്തി.
കൊലപാതകം രാവിലെ പത്തരയോടെയാണ് അയൽവാസികൾ അറിയുന്നത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പ്രാഥമിക പരിശോധന നടത്തുമ്പോൾ ഉച്ച തിരിഞ്ഞിരുന്നു.അന്വേഷണ സംഘത്തിന് പിടിവള്ളിയായത് 10 ഇഞ്ച് വലുപ്പമുള്ള ചെരുപ്പിന്റ പാടാണ്. കുഞ്ഞിപ്പാത്തുമ്മയുടെ രക്തത്തിൽ മുങ്ങിയ കാൽപാടുകൾ മുറിയിൽ ഉണ്ടായിരുന്നു. ഇത് പ്രാഥമിക പരിശോധയിൽ തന്നെ കണ്ടെത്തി.
തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം പണം മോഷ്ടിക്കാൻ അകത്തു കയറിപ്പോഴാണ് രക്തം കലർന്ന ചെരുപ്പിന്റെ പാടുകൾ മുറിയിൽ പതിഞ്ഞത്. ഈ അളവിലുള്ള ചെരുപ്പ് ധരിക്കുന്നവരെ കണ്ടെത്താൻ നാട്ടുകാരിൽ ചിലരുടെ സഹായവും പൊലീസ് തേടി. രാത്രി പ്രദേശത്ത് മദ്യപിച്ച സംഘത്തിലെ 2 പേർ വലിയ ചെരുപ്പാണ് ഉപയോഗിച്ചിരുന്നത്. അതിൽ ഒന്ന് മുഹമ്മദ് ഷാഫിയായിരുന്നു. ഈ ചെരുപ്പ് പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇതോടെയാണ് മുഹമ്മദ് ഷാഫി കുടുങ്ങുന്നത്.
ഷാഫി തികഞ്ഞ മദ്യപാനിയാണെന്നാണ് പൊലീസ് പറയുന്നത്. സ്വഭാവദൂഷ്യം കാരണം ഭാര്യ പിണങ്ങിപ്പോയി. പണിക്കൊന്നും പോകാത്തതിനാൽ മദ്യപിക്കാൻ പണമുണ്ടായിരുന്നില്ല. ഇതോടെയാണ് മോഷ്ടിക്കാനായി കുഞ്ഞിപ്പാത്തുമ്മയുടെ വീട് ലക്ഷ്യമിട്ടത്. പണമാണ് ആവശ്യമെങ്കിൽ മോഷണം മാത്രം നടത്തിയാൽ പോരേയെന്ന് ഷാഫിയോട് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചിരുന്നു. 'കൊല്ലണമെന്ന് തോന്നി, അതിനാലാണ് കൊന്ന ശേഷം മോഷ്ടിച്ചതെന്ന്'പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വാതിലിൽ മുട്ടി കുഞ്ഞിപ്പാത്തുമ്മയെ വിളിച്ചുണർത്തി തലയ്ക്കടിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. കൂട്ടുകാരുമൊത്ത് മദ്യപിച്ചെങ്കിലും ഉദ്ദേശ്യം മറ്റാരോടും വെളിപ്പെടുത്തിയില്ല. കൂട്ടത്തിലെ എല്ലാവരും വീട്ടിൽ പോകുംവരെ അവിടത്തന്നെത്തുടർന്നു. അവസാനമാണ് മുഹമ്മദ്ഷാഫി പോകുന്നത്.
വടിയുമായി ബൈക്കിൽ കുഞ്ഞിപ്പാത്തുമ്മയുടെ വീടിനു മുന്നിലെത്തി. അവിടെനിന്ന് കരിങ്കൽ കഷണവും കൈയിലെടുത്തു. ഈ സമയം കുഞ്ഞിപ്പാത്തുമ്മ ഉറങ്ങാതെ ഉമ്മറത്തിരിക്കുകയായിരുന്നു. ഉമ്മറത്ത് കയറിയ മുഹമ്മദ് ഷാഫി കൈയിൽ കരുതിയിരുന്ന വടി കൊണ്ട് തലയ്ക്ക് അടിക്കുകയും മുഖത്ത് കരിങ്കല്ലുപയോഗിച്ച് കുത്തുകയും ചെയ്തു. അടിയേറ്റ് കുഞ്ഞിപ്പാത്തുമ്മ വീണതോടെ വീടിനകത്ത് കയറി പണംതിരയാൻ തുടങ്ങി. കുഞ്ഞിപ്പാത്തുമ്മ എഴുന്നേൽക്കാൻ നോക്കിയപ്പോൾ വീണ്ടും തലയ്ക്കടിച്ചുവീഴ്ത്തി. മരണം ഉറപ്പാകുംവരെ അടി തുടർന്നു. തുടർന്ന് കിടപ്പുമുറിയിലെ പഴ്സിലുണ്ടായിരുന്ന പണമെടുത്ത് രക്ഷപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ