കൊച്ചി: കായംകുളം, കൊച്ചുണ്ണിയുടെ നാടാണെങ്കിൽ കുന്നംകുളം എന്തിന്റേയും ഡ്യൂപ്ലിക്കേറ്റ് കിട്ടുന്ന നാടാണെന്നും എന്തിന്റേയും വ്യാജനുണ്ടാക്കി മൊത്തമായി വിതരണം ചെയ്യുന്ന നാടാണെന്നും വിചാരിക്കുന്ന മലയാളികൾ ഏറെയുണ്ട്. പല മലയാള സിനിമയിലും വ്യാജനെ കാണിക്കാൻ കുന്നംകുളം എന്ന സ്ഥലനാമം കാണിച്ചാണ് ഡയലോഗു വരെ പടച്ചു വിടുന്നത്. ഈ പ്രചരണത്തിൽ കുന്നംകുളത്തുകാർക്ക് പ്രതിഷേധവുമുണ്ട്.

എന്നാൽ കുന്നംകുളം എന്ന പേരിൽ പോലും വ്യാജൻ വന്നുകയറി കുന്നംകുളം കുന്ദംകുളമായി. കുന്ദംകുളം എന്ന വ്യാജൻ ഇപ്പോൾ സർക്കാർ ചെലവിലാണ് കഴിയുന്നതെന്ന് കുന്നംകുളത്തുകാർ പറയും. സർക്കാർ ബോർഡുകൾ, സ്ഥലപ്പേര് കാണിക്കുന്ന ബോർഡുകൾ എന്നിവിടത്തെല്ലാം വ്യാജനാണ് താരം. കുന്നംകുളത്തെ ബസ് സ്റ്റാൻഡിൽ കുന്ദംകുളം കൂടുതലാണ്. എന്നാൽ ലോകത്ത് ആദ്യമായിട്ടാവും സ്ഥലപ്പേരിലെ വ്യാജനേയും സ്ഥലത്തിന്റെ ഡ്യൂപ്ലിക്കേറ്റ് കുപ്രസിദ്ധിയും ഇല്ലാതാക്കാൻ ഒരു ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങുന്നത്. അതും കുന്നംകുളത്ത് സംഭവിച്ചു.

വ്യാജനെ ഓടിച്ചു പടിയടച്ചു പിണ്ഡം വയ്ക്കാൻ കുന്നംകുളത്തുകാരുടെ ഫേസ് ബുക്ക് കൂട്ടായ്മ ശ്രമം തുടങ്ങിയിട്ട് വർഷം അഞ്ചായി. ഐ.ടി.എഞ്ചിനിയറായ ലിജോ ചീരൻ ജോസ് എന്ന കുന്നംകുളത്തുകാരൻ ഉണ്ടാക്കിയ ഗ്രൂപ്പിൽ ഇപ്പോൾ പതിനായിരത്തിനടുത്ത് അംഗങ്ങളായി. എന്നാൽ ഇപ്പോൾ ഗ്രൂപ്പിനും വ്യാജനായി. നാലഞ്ച് വ്യാജ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി ഗ്രൂപ്പ് അഡ്‌മിൻ ലിജോ ചീരൻ ജോസ പറഞ്ഞു. ഫേസ് ബുക്ക് കൂ്ട്ടായ്മയുടെ പ്രവർത്തനം കൊണ്ടു 2011 ൽ കുന്നംകുളം നഗരസഭ സ്ഥലനാമം കുന്ദംകുളം എന്നത് കുന്നംകുളമാക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് ചില പത്രങ്ങൾ സ്ഥലനാമം കൊടുക്കുന്നത് കുന്നംകുളം എന്നാക്കി മാറ്റിയിരുന്നു. പക്ഷെ നഗരസഭ വാക്കാൽ തീരുമാനിച്ചതല്ലാതെ മിനിറ്റ്‌സിൽ രേഖപ്പെടുത്തലുമൊന്നും ഉണ്ടായില്ലത്രെ. ഇപ്പോൾ നഗരസഭയിലും ഇതിന് രേഖയില്ല.

കുറെ വർഷങ്ങൾക്ക് മുമ്പ് ക്യുട്ടിക്കൂറ എന്ന ടാൽകം പൗഡർ വ്യാജമായി കുന്നംകുളത്ത് ചിലർ നിർമ്മിച്ചിരുന്നുവത്രെ. ഇത് പിടികൂടുകയും ചെയ്തു. അന്ന് ചിലർ ചാർത്തി കൊടുത്തതാണ് കുന്നംകുളത്തിന് ഡ്യൂപ്ലീക്കേറ്റിന്റെ കുപ്രസിദ്ധി എന്നാണ് കുന്നംകുളത്തുകാർ പറയുന്നത്. എറണാകുളത്ത് ബ്രോഡ്‌വെ മാർക്കറ്റ്, തിരൂർ,പത്തനംതിട്ട,തലശ്ശേരി,ആറ്റിങ്ങൽ തുടങ്ങിയ സ്ഥലങ്ങളിൽ കിട്ടുന്ന അത്രയൊന്നും ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ കുന്നംകുളത്ത് കിട്ടില്ലെന്നും ഇവർ പറയുന്നു.

കേരളത്തിലെ മിക്ക നഗരങ്ങളിലും കുന്നംകുളത്തുകാരുടെ സ്റ്റേഷനറി കടകൾ ഉണ്ട്. ഹോട്ടലിൽ മാഹി, തലശേരി പെരുമ പോലെയാണ് സ്‌റ്റേഷനറി രംഗത്ത് കുന്നംകുളം. അതുകൊണ്ടു തന്നെ ക്യുട്ടിക്കൂറ പൗഡർ പോലെ ഇതൊക്കെ കുന്നംകുളത്ത് ഉണ്ടാക്കി കൊണ്ടുവന്നു വിൽക്കുകയാണെന്നും ആദ്യ കാലത്ത് ചില അസൂയക്കാർ പറഞ്ഞു പരത്തിയത്രെ. അച്ചടി രംഗത്ത് കുന്നംകുളം ഒരു കൊച്ചു ശിവകാശിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് കുന്നംകുളത്തെ എ.ആർ.പി പ്രസ്സിൽ നിന്നാണ് മനോരമ പത്രം വരെ അച്ചടിച്ചിരുന്നത്. അതുകൊണ്ടു കുന്നംകുളത്ത് നിന്ന് ഒരു കള്ളനോട്ട് പിടിച്ചാൽ അത് കുന്നംകുളത്ത് അടിച്ചതാവുമെന്നാകും പറയുക. മറ്റു നാട്ടിൽ നിന്നു കിട്ടിയാൽ വിദേശ പ്രസ്സിൽ അടിച്ചതാണെന്ന് പറയും.

കുന്നും കുളവും ചേർന്ന നാടായതു കൊണ്ടാണ് കുന്നംകുളം എന്ന പേരു വന്നതെന്നും അത് കുന്ദം വിഴുങ്ങിയാക്കരുതെന്നുമാണ് ഗ്രൂപ്പിലൂടെ കുന്നംകുളത്തുകാരുടെ അഭ്യർത്ഥന. 1763 ൽ കൊച്ചി മഹാരാജാവിന്റെ ഉത്തരവ് പ്രകാരമാണത്രെ കുന്നംകുളത്തിന് കുന്നംകുളങ്ങര എന്ന പേരു വന്നത്. പിന്നീട് അത് കുന്നംകുളമായി മാറി. കുന്നം എന്ന് നാവ് വഴങ്ങാത്ത സായിപ്പ് 'കുന്ദം' എന്നാക്കിയത് സർക്കാർ ഇപ്പോഴും ചുമക്കുകയാണെന്നു കുന്നംകുളം സ്‌നേഹികൾ പറയുന്നു. ഈ കുന്ദം പൊളിക്കാൻ കുന്നംകുളത്തുകാർ വിചാരിച്ചിട്ടും അധികാരികൾ തിരുത്തിയിട്ടില്ല.

ആലപ്പി ആലപ്പുഴയായി, കന്നനൂർ കണ്ണൂരായി, പാൽഘാട്ട് പാലക്കാടായി, ട്രിച്ചൂർ തൃശൂരായി, ട്രിവാൻഡ്രം തിരുവനന്തപുരമായിട്ടും കുന്ദംകുളത്തിന് മാറ്റമില്ല. പക്ഷെ ഡ്യൂപ്ലിക്കേറ്റിന്റെ നാട് എന്ന കുപ്രസിദ്ധിയും സ്ഥലപ്പേരിൽ വരെയുള്ള വ്യാജനേയും പടിക്കു പുറത്താക്കാൻ തന്നെയാണ് ഫേസ് ബുക്ക് കൂട്ടായ്മയുടെ തീരുമാനം.