കോട്ടയം: ക്‌നാനായ സമുദായത്തിന്റെ മഹാആചാര്യൻ മാർ കുര്യാക്കോസ് കുന്നശ്ശേരി അന്തരിച്ചു. ക്‌നാനായ സമുദായം ഉൾപ്പെടുന്ന കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തെള്ളകം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉച്ചകഴിഞ്ഞ് 4.45 ഓടെയായിരുന്നു അന്ത്യം. 2006ൽ അതിരൂപതാ ഭരണനിർവഹണത്തിൽനിന്നു വിരമിച്ച പിതാവ് തെള്ളകത്തെ ബിഷപ് തറയിൽ മെമോറിയൽ ഭവനത്തിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

1928 സെപ്റ്റംബർ 11-ന് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണു ജനനം. കോട്ടയം ഇടയ്ക്കാട്ടു സ്‌കൂളിലും സി.എൻ.ഐ. സ്‌കൂളിലും കടുത്തുരുത്തി സെന്റ് മൈക്കിൾസ് മിഡിൽ സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും തിരുഹൃദയക്കുന്ന് ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ പഠനവും പൂർത്തിയാക്കി. തിരുഹൃദയക്കുന്നിലുള്ള മൈനർ സെമിനാരിയിൽ ആരംഭിച്ച വൈദികപഠനം ആലുവാ മംഗലപ്പുഴ സെമിനാരിയിലും റോമിലെ പ്രാപ്പഗാന്താ കോളജിലുമായാണു പൂർത്തിയാക്കിയത്.

1955 ഡിസംബർ 21-ന് റോമിൽ വച്ച് ക്ലമന്റ് മിക്കാറിയിൽനിന്നാണു പൗരോഹിത്യം സ്വീകരിക്കുന്നത്. റോമിലെ ഊർബൻ യൂണിവേഴ്‌സിറ്റി, ലാറ്ററൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽനിന്നു ദെവശാസ്ത്രത്തിലും കാനൻ നിയമത്തിലും ഉന്നത ബിരുദങ്ങളും കാനോൻ നിയമത്തിൽ ഡോക്ടറേറ്റും നേടി. കേഫയിലെ മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ബിഷപ് തോമസ് തറയിലിന്റെ സെക്രട്ടറിയായും രൂപതയുടെ ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് അമേരിക്കയിലെ ബോസ്റ്റൺ കോളജിൽനിന്നു രാഷ്ട്രമീമാംസയിൽ മാസ്റ്റർബിരുദം കരസ്ഥമാക്കി. 1967 ഡിസംബർ 9-ന് കോട്ടയം രൂപതയുടെ സഹായ മെത്രാനായി നിയമിതനായി. ബി.സി.എം. കോളജിൽ അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു.

ക്‌നാനായ സഭയുടെ മുഖപത്രമായ അപ്നാദേശ് ദ്വൈവാരികയുടെ പത്രാധിപരായും കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാപ്ലയിനായും പ്രവർത്തിച്ചു. തിരുഹൃദയക്കുന്ന് മൈനർ സെമിനാരിയുടെ റെക്ടറായി പ്രവർത്തിക്കുന്ന അവസരത്തിലാണ് പോൾ ആറാമൻ മാർപാപ്പാ കോട്ടയം രൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. 1968 ഫെബ്രുവരി 24-ന് മെത്രാനായി അഭിഷേകം ചെയ്തു. 1974 മേയിൽ മാർ തോമസ് തറയിൽ വിരമിച്ചപ്പോൾ രൂപതയുടെ ഭരണം ഏറ്റെടുത്തു. കോട്ടയം രൂപത 2005-ൽ അതിരൂപതായി ഉയർത്തിയപ്പോൾ മെത്രാപ്പൊലീത്തയായി ഇദ്ദേഹം നിയമിതനായി. 2006 ജനുവരി 14 തൽസ്ഥാനത്തുനിന്നും വിരമിച്ചു.

മലബാറിലെയും ഹെറേഞ്ചിലെയും ക്‌നാനായ ഇടവകകളിൽ പകുതിയിലധികവും ഇദ്ദേഹത്തിന്റെ കാലത്താണ് ആരംഭിച്ചത്. മലബാർ മേഖലയ്ക്കു മാത്രമായി സഹായമെത്രാനെ നിയമിക്കുന്നതിനും മുൻകൈയെടുത്തു.