- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരങ്ങേറ്റം കമൽഹാസനും ജയഭാരതിക്കുമൊപ്പം; മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം തുടർന്ന അഭിനയ ജീവിതം; വിനയന്റെ അദ്ഭുതദ്വീപിലൂടെ അദ്ഭുതമായ നടൻ കുറിയന്നൂർ ശിവരാമൻ വിടവാങ്ങി
കോഴഞ്ചേരി: കുറിയന്നൂർ എന്ന ഗ്രാമത്തിൽ നിന്നും ഒരു കുറിയ മനുഷ്യന്റെ വളർച്ച സിനിമാ ലോകം അടയാളപ്പെടുത്താതെ പോയിട്ടുണ്ട്. ചെറിയ മനുഷ്യർക്കും സിനിമയിൽ താരമാകാമെന്ന് തെളിയിച്ച നടൻ കുറിയന്നൂർ ശിവരാമൻ വിടവാങ്ങുമ്പോൾ അതൊരു വലിയ വാർത്തയാകാതെ പോയതും അതു കൊണ്ടാകാം.
വിനയന്റെ അത്ഭുത ദ്വീപിലടക്കം നിരവധി മലയാള സിനിമകളിൽ തിളങ്ങിയ ശിവരാമൻ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് കുറിയന്നൂർ നെല്ലിമല വള്ളിയിൽ ശിവരാമൻ. തന്റെ ഏഴ് പതിറ്റാണ്ട് നീണ്ട ജീവിതത്തിനിടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
അപ്പൂപ്പനിൽ തുടങ്ങി നീല സാരി, റൗഡി രാജമ്മ, ഉയരും ഞാൻ നാടാകെ, രതിഭാവം തുടങ്ങി അത്ഭുത ദ്വീപ് വരെയുള്ള കാലത്തിൽ പ്രശസ്തരും മൺമറഞ്ഞവരും ഉൾപ്പടെ നിരവധി പേർക്കൊപ്പം അഭിനയിച്ചു. കമൽഹാസൻ, അടൂർ ഭാസി, ശങ്കരാടി, ജയഭാരതി തുടങ്ങി മലയാള സിനിമയിലെ നിരവധി പ്രമുഖർക്കൊപ്പം വേഷമിട്ടു. ഫാക്ടിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിൽ അഭിനയിക്കാൻ മദ്രാസിലേക്ക് വിളിക്കുന്നത്.
ആദ്യ യാത്ര തന്നെ രാജകീയമെന്ന് ശിവരാമൻ പിന്നീട് പറഞ്ഞിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്നും കാറിലാണ് അന്ന് വാഹിനി സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയത്. ഗോപി കുമാറിന്റെ സംവിധാനത്തിൽ അപ്പൂപ്പനിൽ ശ്രദ്ധേയമായ വേഷം. ഒപ്പം ഗാനരംഗത്തും പ്രത്യക്ഷപ്പെട്ടു.
കമൽഹാസനും ജയഭാരതിക്കുമൊപ്പമായിരുന്നു അഭിനയം. കഥാപ്രസംഗ വേദിയിൽ തിളങ്ങിയ ശേഷമായിരുന്നു സിനിമയിലേക്കുള്ള കാൽവയ്‌പ്പ്. ജന്മനാടായ കുറിയന്നൂരിലും സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ശിവരാമൻ.
മമ്മൂട്ടിക്കും മോഹൻ ലാലിനുമൊപ്പം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ശിവരാമന് ഇരുവരെയും ഒരിക്കൽ കൂടി നേരിൽ കാണണമെന്ന ആഗ്രഹം അവരുടെ തിരക്കുകൾ കാരണം സാധ്യമായില്ല.