മലമ്പുഴ: ട്രെക്കിങിനു പറ്റിയ സ്ഥലമല്ല കുറുമ്പാച്ചി മല. മലകയറ്റത്തിൽ പരിശീലനം ലഭിച്ചവർ ആധുനിക ഉപകരണങ്ങൾ ഉണ്ടെങ്കിലേ ഇത്തരം സ്ഥലങ്ങളിൽ പോകാവൂ. ട്രെക്കിങ് പ്രഫഷനലായി പഠിപ്പിക്കുന്ന സ്ഥലങ്ങൾ ഉണ്ട്. സുരക്ഷ ഒരുക്കി മാത്രമേ ട്രക്കിങ് ചെയ്യാവൂമലയാളികൾക്ക് ഹേമന്ദ് രാജ് നൽകുന്ന നിർദ്ദേശം ഇതാണ്. പരിശീലനം ലഭിച്ചവർക്ക് സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. അതാണ് പരിശീലനം ലഭിച്ചവരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം. ആയിരം മലയുണ്ടെങ്കിൽ ആയിരം ഘടനയായിരിക്കും-ഹേമന്ത് രാജ് പറയുന്നു.

ബാബുവിൽ നിന്നും നമ്മൾ പഠിക്കണം. ബാബു കാട്ടിയ ആത്മധൈര്യവും പ്രായോഗികമായി എങ്ങനെ കാര്യങ്ങളെ നേരിടണമെന്നതും മറ്റുള്ളവർക്കു മാതൃകയാണ്. ''നമ്മൾ പല പ്രശ്‌നത്തിലും ചെന്നു ചാടുമ്പോൾ അതിനെക്കുറിച്ച് ചിന്തിച്ചു വിഷമിച്ച് പ്രശ്‌നത്തെ വലുതാക്കും. പക്ഷേ ബാബു അതിൽനിന്ന് പുറത്തു വരാനുള്ള കാര്യങ്ങളാണ് നോക്കിയത്. പോസിറ്റീവായി കാര്യങ്ങളെ കാണുന്ന, മാനസികമായി നല്ല ധൈര്യമുള്ളയാളാണ്. രണ്ടു ദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞുകൂടുന്നതു തന്നെ വലിയ കാര്യമാണ്. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ബാബു അതേപോലെ പിന്തുടർന്നു-ഇതായിരുന്നു കൂമ്പാച്ചിയിലെ സൈനിക ഓപ്പറേഷനെ വിജയത്തിലെത്തിച്ചത്. ബാബുവിനെ മരണത്തിന്റെ വക്കിൽനിന്ന് കോരിയെടുത്ത സൈനിക സംഘത്തിന്റെ തലവനായ ഹേമന്ത് രാജ് പ്രളയസമയത്തും കേരളത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കോട്ടയം ഏറ്റുമാനൂർ സ്വദേശി.

ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിപ്പ് ലഭിച്ച് 15 മിനിട്ടിനുള്ളിൽ തന്നെ ഊട്ടി വെല്ലിങ്ടണിലെ മദ്രാസ് റെജിമെന്റിലുള്ള സൈനികർ രക്ഷാദൗത്യത്തിനായി ഹേമന്തിന്റെ നേതൃത്വത്തിൽ കേരളത്തിലേക്കു പുറപ്പെടാൻ തയാറായി. ബെംഗളൂരിലെ പാരാ റജിമെന്റൽ സെന്ററിലുള്ള കമാൻഡോകളും ഇതോടൊപ്പം കേരളത്തിലേക്കു പുറപ്പെട്ടു. മലമ്പുഴയിലെത്തി കലക്ടറുമായും എസ്‌പിയുമായ ചർച്ച നടത്തിയപ്പോൾ അവർ ഡ്രോണുകൾ ഉപയോഗിച്ച് പകൽ ചിത്രീകരിച്ച മലയുടെ ദൃശ്യങ്ങൾ കാണിച്ചു. ഗൂഗൂൾ മാപ്പും എർത്തും ഉപയോഗിച്ച് സ്ഥലത്തെക്കുറിച്ച് പഠിച്ചു. മലയിലേക്കു കയറേണ്ട വഴികൾ അടയാളപ്പെടുത്തി ഓപ്പറേഷൻ പ്ലാൻ തയാറാക്കി. ബാബുവിന്റെ ജീവൻ അപകടത്തിലായതിനാൽ രാത്രി 10.30ന് തന്നെ മലകയറ്റം തുടങ്ങി. പാരാകമാൻഡോകളും ഒപ്പമുണ്ടായിരുന്നു.

മലയുടെ മുകളിൽനിന്ന് 410 മീറ്റർ താഴ്ചയിലാണ് ബാബു കുടുങ്ങി കിടന്നത്. താഴേക്കിറക്കുന്നതായിരുന്നു എളുപ്പം. പക്ഷെ, മലയുടെ ഘടന അതിനു അനുയോജ്യമായിരുന്നില്ല. അതിനാൽ മുകളിലേക്കു വലിച്ചു കയറ്റാൻ തീരുമാനിച്ചു. മലകയറ്റത്തിൽ വിദഗ്ധനായ ബാലയെന്ന സൈനികൻ സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് റോപ്പിൽ താഴേക്ക് ഇറങ്ങി. ഡ്രോൺ ദൃശ്യങ്ങൾ നിരീക്ഷിച്ച് മലയുടെ മുകളിലുള്ള സംഘം റേഡിയോ സെറ്റിലൂടെ നിർദേശങ്ങൾ നൽകി. 40 മിനിട്ട് നീണ്ട ദൗത്യത്തിനൊടുവിൽ സൈനികൻ ബാബുവിനെ തന്റെ ശരീരത്തോട് ചേർത്ത് ബന്ധിച്ച് മുകളിലേക്കെത്തി. അപ്പോൾ വിജയിച്ചത് സംഘതലവനായ മലയാളി ഹേമന്ദ് രാജിന്റെ നിർദ്ദേശങ്ങളായിരുന്നു.

ഹൈ ആൾട്ടിറ്റിയൂഡ് വാർഫെയർ സ്‌കൂൾ സൈനികർക്കായുണ്ട്. മലമ്പുഴയിലെത്തിയ മദ്രാസ് റജിമെന്റിലെ സൈനികരെല്ലാം അവിടെ പരിശീലനം നേടിയവരാണ്. ആധുനിക ഉപകരണങ്ങളുമായാണ് സംഘം എത്തിയത്. എവറസ്റ്റ് കീഴടക്കിയ ആളുകളും സിയാച്ചിൻ ബാറ്റിൽ സ്‌കൂളിലെ ആളും സ്വിറ്റ്‌സർലൻഡിൽ പോയി മലകയറ്റത്തിൽ പരിശീലനം നേടിയ ആളും ഈ സംഘത്തിൽ ഉണ്ടായിരുന്നു.