- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർജിക്കൽ സ്ട്രൈക്കിൽ പാക്കിസ്ഥാനെ വിറപ്പിച്ചവർ ഏറ്റെടുത്തത് സാമനതകളില്ലാത്ത രക്ഷാദൗത്യം; മലമ്പുഴയിൽ എത്തി എട്ട് മണിക്കുറിനുള്ളിൽ ബാബുവിന് അടുത്തെത്തിയ ബാല; എല്ലാത്തിനും ചുക്കാൻ പിടിച്ചത് ഏറ്റുമാനൂരുകാരനായ ലെഫ്റ്റന്റ് കേണലും; കുറുമ്പാച്ചി മലയിലും അസാധ്യമായത് സാധ്യമാക്കി വീരജവാന്മാർ
പാലക്കാട്: ബാബുവിനെ രക്ഷിക്കുകയെന്നത് അതിസാഹസികമായിരുന്നു. പക്ഷേ ഇന്ത്യൻ സൈന്യത്തിന് അത് വേഗത്തിൽ പൂർത്തിയാക്കേണ്ട ദൗത്യം. കുറുമ്പാച്ചി മലയിൽ ഇന്ത്യൻ സൈന്യം പുതിയ ചരിത്രം രചിക്കുകയാണ്. ബാബുവിനെ അവർ രക്ഷിച്ചു. മലമ്പുഴ കൂറുമ്പാച്ചിമലയിലെ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഓരോന്നായി പരാജയപ്പെടുന്നതോടെയാണ് സൈന്യത്തെ എത്തിച്ചത്. മലയാളിയായ ലെഫ്റ്റന്റ് കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലെ സംഘം. ഏറ്റുമാനൂരുകാരന്റെ തന്ത്രം പിഴയ്ക്കാതെ വന്നപ്പോൾ ആ ദൗത്യം ഇന്ത്യൻ സൈന്യത്തിന് തങ്കലിപികളിൽ തീർത്ത വിജയമായി.
ബാലയുടെ ധീരതയാണ് ഈ രക്ഷാപ്രവർത്തനത്തിൽ നിഴലിക്കുന്നത്. താഴേക്ക് വടത്തിൽ കുതിച്ച് രണ്ട് കുപ്പി വെള്ളം ബാബുവിന് നൽകുന്നു. സുരക്ഷാ ജാക്കറ്റ് ധരിപ്പിച്ച് ബാബുവിനെ താങ്ങി പിടിച്ച് മുകളിലേക്ക്. ഓരോ ചുവടിലും ബാബുവിനെ ചേർത്ത് പിടിക്കുകയായിരുന്നു ബാല. പാക്കിസ്ഥാനിലേക്ക് സർജിക്കൽ സ്‌ട്രൈക്കിനായി പറന്നിറങ്ങി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ സൈന്യം അതിലും വലിയ വിജയമാണ് ഒരു ജീവൻ രക്ഷിക്കാനുള്ള ദൗത്യത്തിൽ മലമ്പുഴയിൽ നേടുന്നത്. റാപ്പിലിംഗിലെ മികവാണ് വിജയമാകുന്നത്. എല്ലാ പ്രതീക്ഷകളും അവസാനിച്ചപ്പോൾ ഇന്ത്യൻ സൈന്യത്തിന്റെ ധീരത ബാബുവിന് തുണയായി. ജീവന്റെ വില തിരിച്ചറിഞ്ഞ് സൈന്യം നടത്തിയ രക്ഷാപ്രവർത്തനം.
തിങ്കളാഴ്ച വൈകിട്ടോടെയാണ് മലമ്പുഴ ചെറാട് സ്വദേശി ബാബു (23) സുഹൃത്തുക്കൾക്കൊപ്പം മല കയറിയതും കാൽവഴുതി താഴേക്കു വീണ് മലയിടുക്കിൽ കുടുങ്ങിയതും. രാത്രിയോടെ പൊലീസും ദുരന്തനിവാരണ സേനയും അടക്കമുള്ള സംഘം രക്ഷാപ്രവർത്തനത്തിനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്കു പോകാൻ സാധിച്ചില്ല. അതോടെ രാത്രി മലമുകളിൽ തന്നെ സംഘം ക്യാംപ് ചെയ്തു. വന്യമൃഗങ്ങൾ വരാതിരിക്കാൻ തീപ്പന്തങ്ങളും മറ്റും ഉപയോഗിച്ചാണ് സുരക്ഷയൊരുക്കിയത്. രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. അതും വെറുതയായി. ഇതോടെ സൈന്യം എത്തിയത്.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു ബാബു മലയിടുക്കിൽ കുടുങ്ങിയത്. 40 മണിക്കൂറിലേറെയായി ഭക്ഷണമോ വെള്ളമോ കഴിച്ചിട്ടില്ല. ബാബുവിന്റെ ആരോഗ്യ സ്ഥ്തിയെക്കുറിച്ച് ഭയപ്പെടാനില്ലെന്നു കലക്ടർ ഉറപ്പുനൽകുമ്പോഴും ഇത്രയും സമയം ജലപാനമില്ലാതെ കഴിച്ചുകൂട്ടിയതിനാൽ ബാബു അതീവ ക്ഷീണിതനാകാനുള്ള സാധ്യതയുണ്ട്. ഇനിയും വൈകിയാൽ ബാബു ബോധരഹിതനാകാനുള്ള സാധ്യതയും ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഇന്ത്യൻ സൈന്യം അതിവേഗതയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയത്. കേരളത്തിൽ ഇതുവരെ നടന്നിട്ടില്ലാത്ത തരത്തിലെ രക്ഷാപ്രവർത്തനമാണ് ഇത്.
രക്ഷാദൗത്യത്തിനായി മലമ്പുഴയിലെ പരിസര പ്രദേശത്തുള്ള ആദിവാസികളെ നിയോഗിക്കണമെന്ന് നാട്ടുകാരിൽ ചിലർ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തുള്ള മലകളും ഭൂപ്രകൃതിയും കൃത്യമായി അറിയാവുന്ന ഇവർക്ക് രക്ഷാദൗത്യത്തിൽ കാര്യമായി സഹായിക്കാൻ സാധിക്കുമെന്നായിരുന്നു വാദം. ഇതനുസരിച്ച് ആദിവാസികളും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ഇവരുടെ സഹായവും ഉപദേശവും സൈന്യവും സ്വീകരിച്ചു. കരസേനയുടെ ദക്ഷിൺ ഭാരത് ജിഒസി അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
ഹെലികോപ്റ്റർ വഴിയുള്ള രക്ഷാദൗത്യം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സൈനിക നീക്കം തുടങ്ങിയത്. ഇന്നലെ ഹെലികോപ്റ്റർ എത്തി സ്ഥലം നിരീക്ഷിച്ചശേഷം മടങ്ങിയിരുന്നു. മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു ആണ് മലയിടുക്കിൽ കുടുങ്ങിയത്. ബാബു തന്നെയാണ് അപകടത്തിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ എടുത്ത് സുഹൃത്തുക്കളെയും പൊലീസിനെയും വിവരമറിയിച്ചത്. ബാബുവും സുഹൃത്തുക്കളായ 3 പേരും ചേർന്നാണു മല കയറിയത്.
ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല.
ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിനും മുൻപും മല കയറുന്നതിനിടെ കാൽ വഴുതി വീണ് ചെറാട് സ്വദേശിക്ക് പരുക്കേറ്റിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ