- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ വീട്ടമ്മയുടെ ബാഗിൽ നിന്ന് 40,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചു: മോഷ്ടാക്കളെ പിടിച്ചത് അടൂരിൽ 65കാരി: പലപ്പോഴും തെന്നി മാറുന്ന തമിഴ്നാട് മോഷണ സംഘത്തിലെ മൂന്നു സ്ത്രീകൾ വലയിൽ; പത്തനംതിട്ടയിലും കുറുവ സംഘം? കേരളം കവർച്ചാ ഭീതിയിൽ
അടൂർ: തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിൽ നിന്നുള്ള മോഷ്ടാക്കൾക്ക് മോഷണം ഒരു കലയാണ്. സംഘം ചേർന്ന് തിരക്കുള്ള ബസിൽ കയറുന്ന സ്ത്രീകൾ യാത്രക്കാരുടെ ബാഗ് തുറന്ന് മോഷണം നടത്തും. നിമിഷങ്ങൾക്കുള്ളിൽ തൊണ്ടി മുതൽ കിലോമീറ്റർ അകലെയുള്ള സംഘാംഗങ്ങളിൽ എത്തിച്ചേരും. ഇത്തരക്കാരെ പിടികൂടാൻ പ്രയാസമാണ്. ഇനി പിടിച്ചാലാകട്ടെ തൊണ്ടി മുതൽ കണ്ടെത്താത്തത് കാരണം കോടതി വെറുതെ വിടുകയും ചെയ്യും.
പ്രത്യേക പരിശീലനം സിദ്ധിച്ച ഈ സംഘത്തിലെ മൂന്നു സ്ത്രീകൾ ഇന്നലെ ഒരു അറുപത്തഞ്ചുകാരിയുടെ സാമർഥയത്തിന് മുന്നിൽ കീഴടങ്ങി. മോഷണം നടത്തി പണം ഒളിപ്പിക്കാൻ കഴിയുന്നതിന് മുൻപ് തന്നെ വയോധിക കള്ളികളെ പിടികൂടി. തൊണ്ടിയും കണ്ടെത്തി. പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ മൂന്നും പഠിച്ച കള്ളികളാണെന്ന് മനസിലായി. കഴിഞ്ഞ ദിവസം ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ നിന്ന് യാത്രക്കാരിയുടെ ബാഗിൽ നിന്ന് 40,000 രൂപയും മൊബൈൽ ഫോണും അപഹരിച്ച അതേ മൂന്നംഗ സംഘമാണിതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
തമിഴ്നാട്ടിലെ തിരുട്ട് സംഘം പാലക്കാട് നിന്ന് മറ്റ് ജില്ലകളിലേക്കും എത്തിയെന്നാണ് സംശയിക്കുന്നത്. പകൽ അമ്മിക്കല്ലു കൊത്തലും ആക്രി പെറുക്കലുമായി നടക്കും. ഇതിനിടെ തിരഞ്ഞെടുക്കുന്ന വീടുകൾ രാത്രി കുത്തിത്തുറന്നു കുടുംബാംഗങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തി കവർച്ച നടത്തലായിരുന്നു രീതിയാണ് കുറവ സംഘത്തിന്റേത്. ഈ ടീം വീണ്ടും പാലക്കാട് എത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പാലക്കാടും കടന്ന് മറ്റ് ജില്ലകളിലേക്കും ഇവരെത്തിയെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. മൂവാറ്റു പുഴയിലും കുറുവ മോഡൽ ആക്രമണം നടത്തിയിരുന്നു.
വീട്ടുകാരെ ആക്രമിച്ചു മോഷണം നടത്തുന്ന നാടോടി സംഘമാണ് മൂവാറ്റുപുഴയിലും ഭീതി പടർത്തുന്നത്. മൂവാറ്റുപുഴ കടാതിയിൽ മോഷണം തടയാൻ ശ്രമിച്ച എൽഎൽബി വിദ്യാർത്ഥിനിയെ ആക്രമിച്ച ഇവർ രക്ഷപ്പെടുകയും ചെയ്തു. മൂവാറ്റുപുഴ കടാതി നടുക്കുടിയിൽ എൻ.എൻ. ബിജുവിന്റെ മകൾ കൃഷ്ണയെ ആണ് നാടോടി സംഘത്തിലെ സ്ത്രീ ആക്രമിച്ചത്. കൃഷ്ണയ്ക്കു കഴുത്തിലും കാലിലും പരുക്കേറ്റു. ഈ ആക്രമണത്തിന് പിന്നിലെ സംഘത്തെയാണോ പത്തനംതിട്ടയിൽ പിടിച്ചതെന്നും പൊലീസ് പരിശോധിക്കും.
തമിഴ്നാട് പളനി മുരുകൻ തെരുവ് ഡോർ നമ്പർ 113 ൽ നന്ദിനി (49), സരസ്വതി (45), സുമതി (40) എന്നിങ്ങനെയാണ് ഇവർ പൊലീസിൽ നൽകിയിരിക്കുന്ന വിലാസം. ഇത് കൃത്യമാണോയെന്ന് പൊലീസിനും ഉറപ്പില്ല. ഇന്നലെ ഉച്ച കഴിഞ്ഞ് 2.30 ന് ഏനാത്ത് നിന്ന് അടൂരിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത കടമ്പനാട് മേമണ്ണടി മുല്ലേലിമുക്ക് ചരുവിലയ്യത്ത് വീട്ടിൽ രാധ(65)യുടെ പഴ്സിൽ നിന്നാണ് ഇവർ പണം അപഹരിച്ചത്.
750 രൂപയാണ് പഴ്സിലുണ്ടായിരുന്നത്. പണം പോയെന്ന് മനസിലാക്കിയ രാധ ബഹളം വച്ചു. ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയപ്പോൾ തന്നെ മൂന്നു സ്ത്രീകളെയും മറ്റു യാത്രക്കാർ ചേർന്ന് തടഞ്ഞു വച്ചു. തൊണ്ടി മാറ്റാൻ സമയവും കിട്ടിയില്ല. ഇതോടെ ഇവർ പൊലീസ് കസ്റ്റഡിയിലായി. അറസ്റ്റ് രേഖപ്പെടുത്തി രാത്രി തന്നെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം ഇവർ ചങ്ങനാശേരിയിൽ വീട്ടമ്മയുടെ ബാഗിൽ നിന്ന് പണം മോഷ്ടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് മൂവരുടെയും ചിത്രങ്ങൾ പൊലീസ് ഔദ്യോഗിക ഗ്രുപ്പുകളിലും പൊതുജനങ്ങൾക്കിടയിലും പങ്കു വച്ചു. ചിത്രത്തിലുള്ളവർ തന്നെയാണ് അടൂരിൽ പിടിയിലായത് എന്ന് മനസിലാക്കിയ പൊലീസ് വിവരം ചങ്ങനാശേരി പൊലീസിന് കൈമാറി. അവിടെ നിന്നുള്ള ഉദ്യോഗസ്ഥർ എത്തി മോഷ്ടാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഇനി ചങ്ങനാശേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
അടൂർ മരുതിമൂട് പള്ളിയിലെത്തുന്നവരുടെ പഴ്സും ബാഗും മുറിച്ച് പണവും സ്വർണവും മോഷ്ടിച്ചിരുന്നതും ഇതേ സംഘമാണെന്ന് മനസിലായിട്ടുണ്ട്. കോവിഡിനെ തുടർന്ന് പള്ളിയിലേക്ക് വിശ്വാസികൾ വരുന്നത് കുറഞ്ഞപ്പോൾ ഇവർ നാട്ടിലേക്കിറങ്ങി മോഷണം നടത്തുകയായിരുന്നു. ഗർഭിണികൾ, അതി സുന്ദരികൾ എന്നിവരെയാണ് മോഷണം നടത്താൻ കൊള്ളസംഘം നിയോഗിക്കുന്നത്.
കമ്പിവടിയും വാളുമായി നീങ്ങുന്ന കുറുവ ആയുധ പരിശീലനം നേടിയവരാണ്. ഏതു സമയത്തും ആരെയും എതിർത്തു തോൽപിച്ചു കവർച്ച നടത്താനുള്ള ശേഷിയുണ്ട്. നൂറോളം വരുന്ന കവർച്ചക്കാരാണു കുറുവ സംഘം. 2008 ലും 2010ലുമായാണ് പതിനഞ്ചോളം മോഷ്ടാക്കളെ പിടികൂടിയത്. ഇവർക്കെതിരായ കേസുകളെല്ലാം ഇപ്പോഴും കോടതിയിലാണ്. ഒറ്റപ്പാലം അമ്പലപ്പാറയിൽ നിന്ന് 2008ൽ പത്തിലേറെ പേരും, മറ്റൊരു സംഘം 2010ൽ മലപ്പുറം മക്കരപറമ്പിൽ നിന്നുമാണ് പിടിയിലായത്.
തമിഴ്നാട്ടിലെ വിഴിപ്പുറം, കല്ലക്കുറുച്ചി സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാക്കളിൽ പരുത്തിവീരനു പുറമേ കൃഷ്ണൻ, വീരൻ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്