- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് മാസം മുൻപ് പ്രദേശം നോട്ടമിടും; പകൽ സമയങ്ങളിൽ ഉരൽ, ചൂൽ വിൽപ്പനകളിലൂടെ സ്ഥലത്തെ പരിചയപ്പെടും; രാത്രി കാലങ്ങളിൽ വീടിന് പുറത്ത് നിന്ന് കൂട്ടക്കരച്ചിൽ; മൂന്നംഗസംഘമായി അകത്ത് കയറി അക്രമിക്കും; ചോര കണ്ട് അറപ്പ് മാറിയ കൊടുംക്രിമിനലുകൾ; മോഷണത്തിനൊപ്പം അക്രമവും ശീലമാക്കിയ കുറുവാസംഘത്തിന്റെ രീതികൾ
തിരുവനന്തപുരം: തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുറുവാ സംഘം കേരളത്തിലേക്ക് കടന്നതായി പൊലീസ്. അപകടകാരികളായ എഴുപത്തിയഞ്ചോളം പേർ അടങ്ങുന്ന സംഘമാണ് പാലക്കാട് അതിർത്തി വഴി കേരളത്തിലേക്ക് കടന്നിരിക്കുന്നതെന്നാണ് സൂചന. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.അതിർത്തികളിൽ അസ്വാഭാവികമായി അപരിചിതരെ കാണുകയാണെങ്കിൽ വിവരം അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.ഈ ആവസരത്തിൽ വീണ്ടും വാർത്തകളിൽ നിറയുകയാണ് മോഷണത്തിനൊപ്പം അക്രമവും ശീലമാക്കിയ കുറുവസംഘം
മോഷണത്തെ കലയാക്കിയ തിരുട്ട് ഗ്രാമം
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് സമീപമാണ് തിരുട്ട് ഗ്രാമം. ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടും കൂടി മോഷണം നടത്തുന്നവരുടെ നാട്. ഗ്രാമത്തിന്റെ മുഴുവൻ ചുമതല മൂപ്പനാണ്. കവർച്ചാ സംഘങ്ങൾ പിടിക്കപ്പെട്ട് ജയിലിലായാലും ബന്ധുക്കൾ പട്ടിണിയിലാകില്ല. അവരുടെ കുടുംബത്തെ നോക്കേണ്ട ചുമതലയും ജയിലിൽ നിന്ന് ഇറക്കാനുള്ള കാര്യങ്ങൾ ചെയ്യേണ്ടതും മൂപ്പനാണ്. തിരുട്ട് ഗ്രാമത്തിലെ മൂപ്പന്റെ അറിവോടെയാണ് ഓരോ സംഘവും കവർച്ചയ്ക്ക് എത്തുന്നത്.
ഓരോ മോഷണം നടത്തുമ്പോഴും ഇതിന്റെ വിവരങ്ങളും ആരെങ്കിലും പിടിയിലായിട്ടുണ്ടെങ്കിൽ ആ വിവരവും അപ്പപ്പോൾ ഗ്രാമത്തിലേക്ക് കൈമാറും. അവിടെനിന്നും ഇടപെടലുകൾ നടത്തിയാണ് നിയമ സഹായമുൾപ്പെടെ നല്കുക. കവർച്ചനടത്തി ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതവിഹിതം മൂപ്പനെ ഏല്പിക്കണം. ഈ തുക ഉപയോഗിച്ചാണ് കവർച്ചയ്ക്കിടെ ജയിലിലാകുന്ന കുടുംബങ്ങളെ സഹായിക്കുന്നത്.
അങ്ങനെ ചെയ്യാത്തവരെ ഗ്രാമത്തിലേക്ക് അടുപ്പിക്കുകയോ അവരുടെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയോ ചെയ്യില്ല. കുടുംബത്തിലെ ഒരംഗം ജയിലിലായാൽ പകരം മറ്റൊരംഗം മോഷണമേഖലയിലേക്ക് സജീവമാകണമെന്ന നിബന്ധനയും ഈ ഗ്രാമത്തിലുണ്ട്.
ആരാണ് കുറുവസംഘം
ഒരു നാട്ടിലെത്തി, മോഷണത്തിനായി ടാർജറ്റിട്ടാൽ, ഒന്നും ബാക്കി വയ്ക്കാതെ എല്ലാം കവർന്നു മടങ്ങുന്ന കൊടും ക്രിമിനലുകൾ. രക്തം കണ്ടാൽ പോലും അറപ്പില്ലാത്ത, അരിഞ്ഞു വീഴ്‌ത്തിയ, രക്തം ചിതറിക്കിടക്കുന്ന, കൊലക്കളങ്ങളിൽ നിന്നു പോലും സ്വർണവും പണവും അതിവേഗം കവർന്നു മടങ്ങുന്ന കൊലയാളി സംഘം.കൊടും കുറ്റവാളികളായ കുറുവാ സംഘത്തെ ഇങ്ങനെ വിശേഷിപ്പിക്കേണ്ടി വരും. ഒരു നാട്ടിലെത്തിയാൽ അതിവേഗം മിന്നൽ പോലെ മോഷണം നടത്തി മടങ്ങുന്ന തമിഴ്‌നാട്ടിലെ കുറുവാ സമുദായക്കാരാണ് കുറുവാ സംഘം എന്ന പേരിൽ അറിയപ്പെടുന്നത്.
എന്നാൽ ഇവർ ഒരു സമുദായമോ സമൂഹമോ അല്ലെന്നും ആക്രമണവും കവർച്ചയും തൊഴിലാക്കിയ വ്യക്തികളുടെ ഒരു കൂട്ടം മാത്രമാണ് കുറുവ സംഘമെന്നും പറയുന്നുണ്ട്. പഠിച്ച കള്ളന്മാർ. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമങ്ങളാണ് ഇവരുടെ കേന്ദ്രം. കരുത്തുറ്റ ആളുകളുടെ കൂട്ടമെന്ന നിലയിലാണ് തമിഴ്‌നാട് ഇന്റലിജൻസ് സംഘം ഈ കവർച്ചാ സംഘത്തിന് കുറുവ സംഘമെന്ന പേര് നൽകിയത്.
പകൽ ഉരൽ നിർമ്മാണവും ചൂൽ വിൽപനയും, രാത്രി വീട് പൊളിച്ച് മോഷണം. എതിർത്താൽ തിരിച്ചടിക്കും കുറുവ സംഘത്തിന്റെ രീതികളാണിത്.കേരള തമിഴ്‌നാട് അതിർത്തിയിലാണ് കുറുവ സംഘത്തിന്റെ താവളം. കുറുവ എന്നാണ് പറയുന്നതെങ്കിലും നരിക്കുറുവയെന്നാണ് തമിഴ്‌നാട്ടിൽ ഇവർ അറിയപ്പെടുന്നത്.
കമ്പം, ബോഡിനായ്ക്കന്നൂർ, കോമ്പൈ, മധുര, തഞ്ചാവൂർ എന്നിവിടങ്ങളാണ് ഇവരുടെ കേന്ദ്രങ്ങൾ. മോഷണമെന്ന കുലത്തൊഴിലിൽ നിന്ന് ഇവരെ മോചിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ വീടുകൾ അടക്കം നൽകിയിട്ടും ഫലമുണ്ടായില്ല. വീടുകളിൽ താമസിക്കാതെ ഷെഡുകളിലാണ് ഇപ്പോഴും വാസം.നാളിതുവരെ തമിഴ്‌നാട്ടിലും പാലക്കാടിന്റെ അതിർത്തി ഗ്രാമങ്ങളിലും മാത്രമാണ് കവർച്ച നടത്തിയിരുന്നതെങ്കിലും ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വേട്ട വ്യാപിപ്പിച്ചിരിക്കുകയാണ് .
ചോരമണക്കുന്ന വന്യമായ മോഷണ രീതികൾ
ആമ, കാട്ടുകോഴി, കാട്ടുപന്നി, കാട്ടുമുയൽ എന്നിവയെ വേട്ടയാടുക, മീൻപിടിത്തം എന്നിവയാണ് പകൽ സമയം സംഘത്തിന്റെ വിനോദങ്ങൾ. ഇവർ ക്യാംപ് ചെയ്യുന്ന സ്ഥലങ്ങളിൽ പകൽ സമയങ്ങളിൽ പുരുഷന്മാരെ കാണാറില്ല. സ്ത്രീകളും കുട്ടികളും മാത്രമാണ് പ്രത്യക്ഷപ്പെടുക. ഉരൽ നിർമ്മാണം, ചൂൽ വിൽപന, ഭിക്ഷാടനം, ആക്രിപെറുക്കൽ, ധനസഹായ ശേഖരണം എന്നിങ്ങനെയുള്ള പ്രവർത്തനവുമായി സ്ത്രീകളുടെ സംഘം വീടുകളിൽ കറങ്ങും.
വീടുകൾ നോക്കിവച്ച ശേഷം 6 മാസം മുതൽ ഒരു വർഷം വരെ കാത്തിരുന്നാണ് മോഷണം. മോഷണത്തിന് 6 മാസം മുൻപുതന്നെ ഇവർ ക്യാംപ് ചെയ്ത സ്ഥലത്തു നിന്നു മാറും. പിന്നീട് മടങ്ങിയെത്തി കവർച്ച നടത്തി കടന്നുകളയും. സംഘം ക്യാംപ് ചെയ്യുന്ന സ്ഥലത്തു നിന്ന് 10 കിലോമീറ്ററെങ്കിലും അപ്പുറമാണ് മോഷണം നടത്തുക.
വീടുകളുടെ പിൻവാതിൽ തകർത്ത് അകത്തു കയറുകയാണ് പതിവ്. പിൻവാതിലുകളുടെ ബലക്കുറവ് സംഘം മുതലാക്കും. 3 പേരുടെ സംഘമായിരിക്കും പലപ്പോഴും മോഷണത്തിന് എത്തുക. മദ്യപിച്ചിരിക്കും. കണ്ണുകൾ മാത്രം പുറത്തു കാണാവുന്ന വിധത്തിൽ തോർത്ത് തലയിൽ കെട്ടാറുണ്ട്. ഷർട്ടും കൈലിയും അരയിൽ ചുരുട്ടിവച്ച ശേഷം അതിനു മുകളിൽ കൂടി നിക്കർ ധരിക്കും. ശരീരത്തിൽ എണ്ണയും കരിയും പുരട്ടും. പിടികൂടിയാൽ വഴുതി രക്ഷപ്പെടാനാണിത്. പുറത്ത് കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്ന് വെള്ളം ഒഴുക്കി വിടുകയോ ചെയ്യാറുണ്ട്.
ശബ്ദം കേട്ട് വീട്ടിലുള്ളവർ വാതിൽ തുറന്നാൽ അടിച്ചുവീഴ്‌ത്തിയ ശേഷം അകത്തേക്ക് ഇരച്ചുകയറും. വീട്ടിൽ കൂടുതലാളുകൾ ഉണ്ടെങ്കിലാണ് ഈ തന്ത്രം. വീട്ടിനുള്ളിൽ മദ്യമോ തേനോ ഉണ്ടെങ്കിൽ അകത്താക്കും. വീടുകളിൽ താമസമുണ്ടെങ്കിലും ഇല്ലെങ്കിലും സംഘത്തിന് പ്രശ്‌നമല്ല. സ്ഥിരമായ മേൽവിലാസമോ താമസ സൗകര്യമോ ഇവർക്കില്ല. വീട്ടിൽ കയറുന്ന സംഘത്തിലെ ഒരാൾക്കു മാത്രമാണ് സ്ഥലത്തെക്കുറിച്ചു പരിചയമുണ്ടാകുക. വീടിനകത്തു കയറി കഴുത്തിൽ കത്തി വച്ചു വിരട്ടുന്നതോടെ വീട്ടുടമസ്ഥർ പണവും ആഭരണവും കൈമാറും. സ്ത്രീകൾ ധരിച്ചിരിക്കുന്ന ആഭരണങ്ങൾ മുറിച്ചെടുക്കുകയാണ് പതിവ്.
ഇതിനായി കട്ടിയുള്ള കത്രിക ഉപയോഗിക്കും. കമ്പത്ത് ആങ്കുർപാളയം സൗത്ത് പൊലീസ് സ്റ്റേഷന് സമീപം ഇവർ തമ്പടിക്കുന്ന താവളമുണ്ട്. കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് ഇവർ കൂടുതലായും മോഷണത്തിനെത്തുന്നത്. കുറുവ സംഘക്കാർ നന്നായി മലയാളം സംസാരിക്കും. ചെറുപ്പം മുതലേ ഇവർ മക്കളെ മലയാളം പഠിപ്പിക്കും. മോഷണം നടക്കുന്ന സ്ഥലങ്ങളിൽ മലയാളം മാത്രമേ സംഘം സംസാരിക്കൂ.
കേരളത്തിൽ മാത്രം 400 ഓളം കേസുകൾ
വർഷങ്ങൾക്കു മുമ്പ് കുറുവസംഘം കേരള പൊലീസിന്റെ വലയിലായിട്ടുണ്ട്. 2008ൽ ഒറ്റപ്പാലം അമ്പലപ്പാറയിൽ നിന്ന് പത്തിലധികം ആളുകളെ പിടികൂടിയിരുന്നു. അതായിരുന്നു ആദ്യ സംഭവം. ശേഷം, മലപ്പുറം മക്കരപറമ്പിൽനിന്ന് 2010ൽ മറ്റൊരു സംഘത്തെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ആലത്തൂർ പൊലീസിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ പിടികൂടിയിരുന്നു. അതാണ് ഒടുവിലത്തെ സംഭവം. തമിഴ്‌നാട്ടിലെ വിഴിപ്പുറം, കല്ലക്കുറുച്ചി സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാക്കൾ പരുത്തിവീരൻ, കൃഷ്ണൻ, വീരൻ എന്നിവർ അന്ന് അറസ്റ്റിലായവരിൽ ഉൾപ്പെട്ടിരുന്നു. ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, ചെർപ്പുളശ്ശേരി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇവരുടെ പേരിൽ 50 ലധികം കേസുകളുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംസ്ഥാനത്താകെ നൂറോളം കേസുകളും.
ജാമ്യമെടുത്താൽ പിന്നെ പൊടിപോലുമില്ല
വർഷങ്ങൾക്കു മുൻപ് പാലക്കാട് ജില്ലയിൽ തമിഴ് കുറുവ സംഘത്തെ പിടികൂടിയ കഥ പഴയ പൊലീസുകാർക്ക് ഓർമയുണ്ട്. ഒറ്റപ്പാലം അമ്പലപ്പാറയിൽനിന്ന് 2008ൽ പത്തിലേറെ പേരും മലപ്പുറം മക്കരപറമ്പിൽനിന്ന് 2010ൽ മറ്റൊരു സംഘവും പിടിയിലായി. ജാമ്യത്തിൽ ഇറങ്ങിയ ഇവർ ഇന്ന് എവിടെയാണെന്ന് പൊലീസിനു പോലും കൃത്യമായ ഉത്തരമില്ല.
സംസ്ഥാനത്താകെ നൂറോളം കേസുകളും. പകൽ അമ്മിക്കല്ലു കൊത്തലും ആക്രി പെറുക്കലുമായി നടക്കും. ഇതിനിടെ തിരഞ്ഞെടുക്കുന്ന വീടുകൾ രാത്രി കുത്തിത്തുറന്നു കുടുംബാംഗങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തി കവർച്ച നടത്തലായിരുന്നു രീതി. അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന്റെ കയ്യിൽ പോലുമില്ലെന്നാണു സൂചന.
മറുനാടന് മലയാളി ബ്യൂറോ