മൂവാറ്റുപുഴ: തമിഴ്‌നാട്ടിലെ തിരുട്ട് സംഘം പാലക്കാട് നിന്ന് മറ്റ് ജില്ലകളിലേക്കും എത്തി. പകൽ അമ്മിക്കല്ലു കൊത്തലും ആക്രി പെറുക്കലുമായി നടക്കും. ഇതിനിടെ തിരഞ്ഞെടുക്കുന്ന വീടുകൾ രാത്രി കുത്തിത്തുറന്നു കുടുംബാംഗങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തി കവർച്ച നടത്തലായിരുന്നു രീതിയാണ് കുറവ സംഘത്തിന്റേത്. ഈ ടീം വീണ്ടും പാലക്കാട് എത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പാലക്കാടും കടന്ന് മറ്റ് ജില്ലകളിലേക്കും ഇവരെത്തിയെന്ന സൂചനയാണ് ലഭിക്കുന്നത്. മൂവാറ്റു പുഴയിലെ ആക്രമണമാണ് ഈ സംശയം സജീവമാക്കുന്നത്.

വീട്ടുകാരെ ആക്രമിച്ചു മോഷണം നടത്തുന്ന നാടോടി സംഘമാണ് മൂവാറ്റുപുഴയിലും ഭീതി പടർത്തുന്നത്. മൂവാറ്റുപുഴ കടാതിയിൽ മോഷണം തടയാൻ ശ്രമിച്ച എൽഎൽബി വിദ്യാർത്ഥിനിയെ ആക്രമിച്ച ഇവർ രക്ഷപ്പെടുകയും ചെയ്തു. മൂവാറ്റുപുഴ കടാതി നടുക്കുടിയിൽ എൻ.എൻ. ബിജുവിന്റെ മകൾ കൃഷ്ണയെ ആണ് നാടോടി സംഘത്തിലെ സ്ത്രീ ആക്രമിച്ചത്. കൃഷ്ണയ്ക്കു കഴുത്തിലും കാലിലും പരുക്കേറ്റിട്ടുണ്ട്.

കമ്പിവടിയും വാളുമായി നീങ്ങുന്ന ഇവർ ആയുധ പരിശീലനം നേടിയവരാണ്. ഏതു സമയത്തും ആരെയും എതിർത്തു തോൽപിച്ചു കവർച്ച നടത്താനുള്ള ശേഷിയുണ്ട്. നൂറോളം വരുന്ന കവർച്ചക്കാരാണു കുറുവ സംഘം. ശരീരത്തിൽ മുഴുവൻ എണ്ണതേച്ചു മുഖംമൂടി ധരിച്ച് രാത്രിയിൽ മാരകായുധങ്ങളുമായി വീടുകളിലെത്തും. എതിർക്കാൻ ശ്രമിക്കുന്നവരെ ആയുധം വച്ച് കീഴ്പ്പെടുത്തി കവർച്ച നടത്തി മടങ്ങുന്നതാണ് ഇവരുടെ ശൈലി. ഇവർ പകൽ സമയത്തും രണ്ടും കൽപ്പിച്ച് മോഷണത്തിന് എത്താറുണ്ട്. ഇത്തരത്തിലെ ആക്രമണമാണ് കൃഷ്ണയും നേരിട്ടത്. അതുകൊണ്ടാണ് കുറു സംഘമാണ് ഇതെന്ന സംശയം ശക്തമാക്കുന്നത്.

ഇന്നലെ വൈകിട്ടു മൂന്നരയോടെയാണ് നാടോടി സംഘത്തിലെ സ്ത്രീ വീടിനകത്തു കയറിയത്. കടാതിയിൽ സ്‌കൂട്ടർ ഷോറൂം നടത്തുന്ന ബിജുവിന്റെ വീട്ടിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന കൃഷ്ണ മാത്രമാണു ഉണ്ടായിരുന്നത്. ക്ലാസിനിടെ അമ്മയുടെ മുറിയിൽനിന്നുള്ള ശബ്ദം കേട്ട് എത്തിയപ്പോഴാണ് അലമാര പരിശോധിക്കുന്ന നാടോടി സ്ത്രീയെ കണ്ടത്. സ്വർണാഭരണം സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയും പഴ്‌സും ഈ സമയം സ്ത്രീയുടെ കയ്യിലുണ്ടായിരുന്നു.

ഇവർ ബ്ലൂടൂത്ത് ഹെഡ് ഫോണിലൂടെ മറ്റാരോ ആയി ആശയ വിനിമയം നടത്തിയിരുന്നു മോഷ്ടാവ്. ഇവരിൽ നിന്ന് ആഭരണവും പഴ്‌സും തിരിച്ചു വാങ്ങാൻ ശ്രമിച്ചെങ്കിലും ആദ്യം ഇവർ വിട്ടുകൊടുക്കാൻ തയാറായില്ല. പിന്നീടു വീടിനകത്തു കിടന്ന വടി എടുത്ത് ഇവരെ ആക്രമിച്ചപ്പോൾ ഇവർ കൃഷ്ണയുടെ കാലിൽ പ്രത്യേക രീതിയിൽ പിടിത്തമിട്ടു. ഇതോടെ അൽപ നേരത്തേക്കു കൃഷ്ണയ്ക്ക് നടക്കാൻ കഴിയാതെ ആയി. എങ്കിലും സ്ത്രീയിൽ നിന്ന് ആഭരണപ്പെട്ടി കൃഷ്ണ പിടിച്ചുവാങ്ങി.

പിന്നീട് അൽപ നേരം കഴിഞ്ഞാണ് കൃഷ്ണയ്ക്ക് എഴുന്നേൽക്കാൽ കഴിഞ്ഞത്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും നാടോടി സംഘത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. മർമ വിദ്യ അറിയുന്നവരാകണം കുറുവ സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസും ഏതാണ്ട് സ്ഥിരീകരിക്കുന്നു. ഇവർ വീട്ടിൽ കയറിയപ്പോൾ വീടിനു മുന്നിലുണ്ടായിരുന്ന നായ കുരയ്ക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സംശയം ഉയർന്നിട്ടുണ്ട്.

2008 ലും 2010ലുമായാണ് പതിനഞ്ചോളം മോഷ്ടാക്കളെ പിടികൂടിയത്. ഇവർക്കെതിരായ കേസുകളെല്ലാം ഇപ്പോഴും കോടതിയിലാണ്. ഒറ്റപ്പാലം അമ്പലപ്പാറയിൽ നിന്ന് 2008ൽ പത്തിലേറെ പേരും, മറ്റൊരു സംഘം 2010ൽ മലപ്പുറം മക്കരപറമ്പിൽ നിന്നുമാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വിഴിപ്പുറം, കല്ലക്കുറുച്ചി സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാക്കളിൽ പരുത്തിവീരനു പുറമേ കൃഷ്ണൻ, വീരൻ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിരുന്നു.

ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, ചെർപ്പുളശ്ശേരി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇവരുടെ പേരിൽ അൻപതോളം കേസുകൾ ഉണ്ടെന്നായിരുന്നു. സംസ്ഥാനത്താകെ നൂറോളം കേസുകളും. ഐജി വിജയ് സാഖറെ ജില്ലാ പൊലീസ് മേധാവിയായിരുന്ന കാലത്താണ് ഈ കള്ളന്മാരെ പിടികൂടിയത്. അന്നും കുറുവ സംഘത്തലവനായിരുന്ന മലയാളത്താനെ പോലുള്ള കുപ്രസിദ്ധരെ പിടികൂടാനായിരുന്നില്ല. ഈ സംഘം വീണ്ടും കേരളത്തിലെത്തിയെന്ന സംശയമാണ് മൂവാറ്റുപുഴയിലെ കവർച്ചാ ശ്രമവും ഉയർത്തുന്നത്.

വീട്ടുകാരെ ആക്രമിച്ചു മോഷണം നടത്തുന്ന സംഘമാണിത് എന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. ഇവർ അത്യാധുനിക രീതിയിലുള്ള ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിക്കുന്നതായാണു വിവരം. ആഭരണ പെട്ടിയും പഴ്‌സും തിരിച്ചു പിടിക്കാൻ സർവ ശക്തിയും എടുത്ത് പയറ്റിയിട്ടും നാടോടി സ്ത്രീ അൽപം പോലും ഭയന്നില്ലെന്ന് കൃഷ്ണ പറയുന്നു.ഇവരുമായി മല്ലിടുന്നതിനിടെ കൃഷ്ണയുടെ കഴുത്തിൽ പരുക്കേറ്റു. ഇതിനു ശേഷമാണ് വീട്ടിൽ കിടന്നിരുന്ന വടിയെടുത്ത് ഇവരെ തല്ലിയത്.

എന്നാൽ ഒരു ശബ്ദം പോലും ഇവരിൽ നിന്നുണ്ടായില്ല. മുഖത്തു ഭാവമാറ്റവും ഉണ്ടായില്ല. വലിയ ശബ്ദത്തിൽ നിലവിളിച്ചപ്പോഴാണ് കൃഷ്ണയുടെ കാലിൽ പ്രത്യേക രീതിയിൽ പിടിച്ചത്. അതോടെ കൃഷ്ണയ്ക്ക് കാൽ ചലിപ്പിക്കാൻ കഴിയാതെ വന്നു. ഇതിനിടയിൽ ഇവർ സാവധാനം വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി പോകുകയും ചെയ്തു. ഗേറ്റിനു പുറത്ത് മറ്റൊരു സ്ത്രീയെയും ഇതിനിടെ കണ്ടിരുന്നുവെന്ന് കൃഷ്ണ പറയുന്നു. ആഭരണങ്ങൾ കിട്ടിയെങ്കിലും പഴ്‌സിലെ പണം നഷ്ടപ്പെട്ടു. വീടിനു പിറകിലെ അടച്ചിട്ടിരുന്ന വാതിൽ തുറന്ന നിലയിലായിരുന്നു.

പാലക്കാട് ഈ സംഘം എത്തിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കവർച്ചാ സംഘം നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ കേരള തമിഴ്‌നാട് പൊലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു.