മീ ടു ക്യാംപയിൻ വഴി തങ്ങൾ നേരിട്ട ലൈംഗികാതിക്രമത്തിന്റെ അനുഭവങ്ങൾ സിനിമാ നടിമാൾ ഉൾപ്പടെയുള്ളവർ തുറന്ന് പറയുന്ന അവസരത്തിൽ പ്രതികരണവുമായി നടി ഖുശ്‌ബു. കവിയും ഗാന രചയിതാവുമായ വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ആരോപണവുമായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് ഖുശ്‌ബുവിന്റെ പ്രതികരണം. 40 വർഷത്തിനിടയ്ക്ക് തനിക്ക് മീ ടു അനുഭവഭങ്ങൾ ഉണ്ടായിട്ടില്ലെന്നും എന്തു മോശം കാര്യത്തോടും ശക്തമായി പ്രതികരിക്കാനാണ് താൻ പഠിച്ചിരിക്കുന്നതെന്നും ഖുശ്‌ബു പ്രതികരിച്ചു.

എന്തെങ്കിലും തുറന്ന് പറയണമെന്ന് കരുതി വെളിപ്പെടുത്തൽ നടത്തുന്ന സ്ത്രീകളെ കുറിച്ചോർത്ത് കഷ്ടം തോന്നുന്നു. നിങ്ങൾ ഇരയാണെങ്കിൽ ഇരപിടിയന്മാരെ വെളിച്ചത്തുകൊണ്ടുവരാനുള്ള ധൈര്യം കാണിക്കണമെന്നും ഖുശ്‌ബു പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഖുശ്‌ബു ഇക്കാര്യം തുറന്ന് പറഞ്ഞത്.

ശക്തമായ ഭാഷയിലാണ് ഖുശ്‌ബു ട്വിറ്ററിൽ തന്റെ അഭിപ്രായം കുറിച്ചത്. '40 വർഷത്തോളം നീണ്ട എന്റെ കരിയറിൽ എപ്പോഴെങ്കിലും മീ ടൂ അനുഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ എന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ എനിക്ക് നിങ്ങളെ നിരാശരാക്കേണ്ടി വരും. ഞാനെപ്പോഴും എന്റേതായ യുദ്ധം നയിക്കുന്ന ആളാണ്. ശക്തമായി തന്നെ പ്രതികരിക്കാറുമുണ്ട്. പ്രതികരിക്കാറുണ്ട് എന്നു പറഞ്ഞത് മീടൂവിന്റെ കാര്യത്തിൽ മാത്രമല്ല, എന്റെ പ്രതിഫലം സമയത്തിന് ഉറപ്പുവരുത്തുന്ന കാര്യത്തിനും അതെ.

ലൈംഗിക അതിക്രമം കാണിക്കുന്നവർ എല്ലാ രംഗത്തും ഉണ്ട്, സിനിമാ ഇൻഡസ്ട്രിയിൽ മാത്രമല്ല. സ്ത്രീകൾ തിരിച്ചടിക്കുമ്പോൾ രക്ഷാർത്ഥം അവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നു. ആത്മാഭിമാനവും അന്തസ്സും കോംപ്രമൈസ് ചെയ്തിട്ട് ലഭിക്കുന്ന ഒരു സ്ഥാനമാനവും അത്ര പവർഫുൾ ആയിരിക്കില്ല. നമുക്ക് എല്ലായ്‌പ്പോഴും ഒരു ചോയ്സ് ഉണ്ടെന്ന് ഓർക്കുക.

എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി തുറന്ന് പറച്ചിലുകൾ നടത്തുന്ന സ്ത്രീകളെ കാണുന്നത് എന്ത് ദയനീയമാണ്. നിങ്ങൾ ഇരയാണെങ്കിൽ ഇരപിടിയന്മാരെ വെളിച്ചത്തുകൊണ്ടുവരാനുള്ള ആർജവം കാണിക്കണം .അതിന് കഴിയില്ലെങ്കിൽ മിണ്ടാതിരിക്കൂ! അല്ലാതെ, ഒരു ക്യാമ്പയ്നിന്റെ ഭാഗമായി മാത്രം നിങ്ങൾ പറഞ്ഞുപോകുമ്പോൾ നേരേ നിന്ന് പോരാടുന്ന കരുത്തരായ സ്ത്രീകളുടെ യുദ്ധങ്ങളെ കൂടി നിങ്ങൾ തോൽപ്പിക്കുകയാണ്.'