വടക്കഞ്ചേരി: കുതിരാൻ തുരങ്കനിർമ്മാണം നിലച്ചിട്ട് 4 മാസമാകുന്നു. 2019 ജനുവരിയിൽ തുരങ്കം തുറക്കുമെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകന്റെ പ്രഖ്യാപനമാണ് അട്ടമിറിക്കപ്പെടുന്നത്. ആറുവരി നിർമ്മാണകമ്പനിയായ കെ.എം.സി 45 കോടി രൂപയാണ് തുരങ്കനിർമ്മാണം നടത്തുന്ന പ്രഗതി ഗ്രൂപ്പിന് നൽകാനുള്ളത്. ഇത് മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. കുതിരാനിൽ തുരങ്കത്തിനു സമീപത്തും പരിസര പ്രദേശങ്ങളിലും മണ്ണിടിയാനുള്ള സാധ്യത കൂടുതലായതിനാൽ തുരങ്കത്തിലെ സ്ഥിതി അതീവഗുരുതരമാണെന്ന് നിയമസഭ പരിസ്ഥിതി സമിതി വിലയിരുത്തിയിരുന്നു. ഇതും തുരങ്കത്തിന്റെ ഉദ്ഘാടനം വൈകിക്കാൻ കാരണമാകും.

കൂലി കിട്ടാതെ തൊഴിലാളികൾ സമരം തുടങ്ങിയതോടെ നാല് മാസം മുമ്പ് നിർമ്മാണം നിലക്കുകയായിരുന്നു. ഇടത് തുരങ്കത്തിലെ ജോലികൾ 90 ശതമാനവും വലത് തുരങ്കത്തിലേത് 70 ശതമാനവും പൂർത്തിയായപ്പോഴാണ് പ്രതിസന്ധി തുടങ്ങിയത്. കൂലി കിട്ടാതായതോടെ 250 തൊഴിലാളികളും മുപ്പതോളം ജീവനക്കാരും സമരം തുടരുകയാണ്. തുരങ്കമുഖത്തേക്ക് മണ്ണ് ഇടിഞ്ഞ് വീണ ഭാഗങ്ങൾ നീക്കം ചെയ്ത് ബലപ്പെടുത്താനും സമയമെടുക്കും. തുരങ്കത്തിനുള്ളിൽ കോൺക്രീറ്റ് ചെയ്ത സ്ഥലങ്ങളിൽ പോലും വെള്ളം കിനിഞ്ഞിറങ്ങി വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.

ഡ്രൈനേജുകളുടെ പണിയും പൂർത്തിയാകാനുണ്ട്. പൊലീസിന് കൺട്രോൾ സ്റ്റേഷൻ നിർമ്മാണവും ഇതുവരെ നടന്നിട്ടില്ല. അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കിവേണം തുരങ്കം തുറന്നുകൊടുക്കാൻ. ഇതിനും സമയമെടുക്കും. പ്രളയത്തിൽ മണ്ണിടിഞ്ഞു ഗതാഗതം താറുമാറായ തുരങ്കത്തിന്റെ കിഴക്കുഭാഗത്തായി ഇനിയും മണ്ണിടിയാനുള്ള അപകടകരമായ അവസ്ഥയുണ്ട്. തുരങ്കത്തിനു മുകളിൽ നിൽക്കുന്ന കട്ടിയില്ലാത്ത മണ്ണ് ഉടൻ മാറ്റണം. ഇവിടുത്തെ മണ്ണിന്റെ ഘടന പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് മൈനിങ് ജിയോളജി വകുപ്പിനോട് സമിതി ആവശ്യപ്പെട്ടു. തുരങ്കത്തിനുള്ളിൽ ശക്തമായ ഉറവയുള്ളതും ചില ഭാഗങ്ങൾ അടരുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

മുഖ്യ നിർമ്മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമായതാണ് തുരങ്ക നിർമ്മാണം പ്രതിസന്ധിയിലാക്കിയത്. സമയത്ത് പണികൾ പൂർത്തീകരിക്കാത്തതിനാൽ ദേശിയപാത നിർമ്മാണ കമ്പനിക്ക് വായ്പ നൽകുന്ന ബാങ്കുകളുടെ കൺസോർഷ്യം വായ്പാ ഗഡുക്കൾ നൽകുന്നത് തടഞ്ഞു വെക്കുക ആയിരുന്നു. ഇതോടെയാണ് തുരങ്കത്തിന്റെ പണി അനിശ്ചിതത്വത്തിലായത്. ഉപകരാറെടുത്ത പ്രഗതി ഗ്രൂപ്പ് ഹിമാചൽ പ്രദേശിൽ പുതിയ തുരങ്ക നിർമ്മാണത്തിന്റെ കരാറെടുത്തതോടെ കമ്പനിയുടെ വിദ്ഗദ തൊഴിലാളികൾ ഉൾപ്പെടെ അവിടേക്ക് പോയിരുന്നു. ഇതും പ്രതിസന്ധിയായി.

കുതിരാനും ശാസ്താവും

ഏകദേശം 200 കോടിയുടെ കുതിരാൻ തുരങ്കങ്ങൾ തുറക്കുമ്പോൾ അത് നാടിന് വലിയ വികസനങ്ങൾ കൊണ്ടുവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ഏറണാകുളത്തുനിന്ന് കോയമ്പത്തൂർക്ക് യാത്ര ചെയ്യുമ്പോൾ മൂന്നു കിലോമീറ്ററിന്റെ സമയലാഭം മാത്രമാണ് ഈ തുരങ്ക നിർമ്മാണം കൊണ്ട് ഉണ്ടാവുന്നതെന്നാണ് വിദഗ്ദർ പറയുന്നത്. കുതിരാൻ കയറ്റങ്ങളും വളവുകളും ദുരന്തങ്ങൾ ഉണ്ടാക്കുന്ന പശ്ചാത്തലത്തിലും വർഷക്കാലത്തെ മലയിടിച്ചലും കണക്കിലെടുക്കുമ്പോൾ കുതിരാൻ തുരങ്കങ്ങൾ പൊതുജനത്തിന്റെ സന്മനസ്സിൽ സ്ഥാനം പിടിക്കേണ്ടതാണ്. അതോടൊപ്പം തന്നെ പ്രകൃതി ഭംഗിയും ആസ്വദിച്ചുകൊണ്ട് കുതിരാന്റെ കയറ്റിറക്കങ്ങളും ആസ്വദിച്ചുകൊണ്ട് കുതിരാൻ മലയിലെ ആശ്വാരൂഡനായ ശാസ്താവിനെ വണങ്ങി കാണിക്കയിട്ട് യാത്ര ചെയ്യുന്നതിന്റെ ഒരു സുഖവും നമുക്ക് ഇവിടെ നഷ്ടമാവുന്നുണ്ട്. ഇപ്പോൾ കുതിരാൻ തുരങ്കങ്ങൾക്ക് ചെലവഴിച്ച 200 കോടികൊണ്ട് കുതിരാൻ കുന്നുകളെ നമ്മുടെ സാങ്കേതിക വിദ്യകൾ കൊണ്ട് സംരക്ഷിക്കാമായിരുന്നില്ലേ എന്ന യുക്തിഭദ്രമായ ചോദ്യവും അവശേഷിക്കുന്നുണ്ട്.

അപ്പോൾപിന്നെ ആർക്കുവേണ്ടിയാണ് കുതിരാൻ തുരങ്കങ്ങൾ പണിതീർക്കുന്നതെന്നും ന്യായമായൊരു ചോദ്യം ഉയർന്നിരുന്നു. ആറുവരിപ്പാത നിർമ്മാണത്തിന് മാത്രം ഏകദേശം 760 കോടി രൂപയാണ് നിലവിൽ വകയിരുത്തിയിരിക്കുന്നത്. ഇതിൽ കുതിരാൻ തുരങ്ക നിർമ്മാണത്തിനുമാത്രം 200 കോടി വകയിരുത്തിക്കാണുന്നു. എന്നാൽ രണ്ടു കിലോമീറ്റർ ദൂരത്തെ കുതിരാൻ കരിങ്കൽ മലകൾ പൊട്ടിച്ചെടുത്ത പാറകളുടെ മൂല്യം ആരെങ്കിലും കണക്കെടുത്തുവോ എന്ന കാര്യം സംശയമാണ്. ഈ ആറുവരിപ്പാതയുടെ നിർമ്മാണത്തിന്റെ മുഴുവൻ ആവശ്യത്തിനും വേണ്ടിവരുന്ന; ഒരുപക്ഷെ ആവശ്യത്തിൽ കൂടുതലും പാറയാണ് ഇവിടെ നിന്ന് കരാറുകാർ പൊട്ടിച്ചെടുത്തത്. ഈ പാറകൾ അവിടെത്തന്നെ നിർമ്മാണാവശ്യത്തിനുതകും വിധം മെറ്റലും കരിങ്കൽ പൊടിയുമായി സംസ്‌കരിച്ചെടുക്കുകയാണ് കരാറു കമ്പനികൾ.

കുതിരാൻ തുരങ്കങ്ങൾക്ക് അരികിലുള്ള, പീച്ചി ഡാമിൽ ചെന്നവസാനിക്കുന്ന ഇരുമ്പുപാലം തോട് ഏതാണ്ട് മാലിന്യങ്ങൾ കൊണ്ട് മൂടിക്കഴിഞ്ഞു. കേരളത്തിന്റെ ചരിത്രത്തിനും അപ്പുറം ചരിത്രമായ കുതിരാൻ ശാസ്താ ക്ഷേത്രവും കുതിരാൻ തുരങ്കം വരുമ്പോൾ ഓർമ്മയാവുമെന്ന വിലയിരുത്തലുമെത്തി. നാടിന്റെ രക്ഷയ്ക്കായി പണ്ട് പരശുരാമൻ 108 ശാസ്താക്ഷേത്രങ്ങൾ നിർമ്മിച്ചതായാണ് ഐതീഹ്യം പറയുന്നത്. പല സങ്കൽപ്പങ്ങളിലായി പ്രതിഷ്ഠിച്ചിട്ടുള്ള ശാസ്താവിനെ ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിലാണ് കുടിയിരിത്തിയിരിക്കുന്നത്. ശബരിമലയിലെ ധർമ്മശാസ്താവായ കലിയുഗ വരദ ഭാവം മുതൽ കുളത്തൂപ്പുഴയിലെ ബാലഭാവവും, അച്ഛൻകോവിലിലെ കൗമാരഭാവവും, ആര്യങ്കാവിലെ പൂർണ പുഷ്‌കല സമേതന്റെ ഭാവവും, ചമ്രവട്ടത്തെ വില്ലാളി ഭാവവും, കുതിരാനിലെ ആശ്വാരൂഡഭാവവും പ്രത്യേകം എടുത്തുപറയത്തക്കതാണ്.

പുരാതന കേരളത്തിലെ 64 ഗ്രാമങ്ങളിൽ വച്ച് പേരുകേട്ട പെരുവനം ഗ്രാമമാണ് നാല് ശാസ്താവിനാൽ കാത്തുസംരക്ഷിക്കുന്നതത്രേ. കിഴക്ക് തൃശൂർ - പാലക്കാട് റൂട്ടിൽ വടക്കഞ്ചേരിക്കടുത്തുള്ള കുതിരാൻ മല ശാസ്താവ്, പടിഞ്ഞാറ് ഇരിങ്ങാലക്കുട എടമുട്ടം റൂട്ടിൽ കാട്ടൂരിനടുത്തുള്ള എടത്തുരുത്തി ശാസ്താവ്, വടക്ക് തൃശൂർ ഷൊർണൂർ റൂട്ടിൽ വടക്കാഞ്ചേരിക്കടുത്തുള്ള അകമല ശാസ്താവ്, തെക്ക് കൊടുങ്ങല്ലൂർ ബൈപ്പാസിൽ പടാകുളത്തുള്ള ഉഴുവത്ത് ശാസ്താവ്. അശ്വാരൂഢനായി വേട്ടുയ്ക്ക് പുറപ്പെടുന്ന രൂപത്തിലാണ് ശാസ്താവിനെ കുതിരാനിൽ കുടിയിരിത്തിയിരിക്കുന്നത്. ഈ പ്രദേശം മുമ്പ് അറിയപ്പെട്ടിരുന്നത് കുതിരകേറാത്ത മല എന്നായിരുന്നു. പിന്നീട് അത് ലോപിച്ച് കുതിരകേറാ മലയായി. പിന്നീട് കുതിരാൻ മലയുമായി. അങ്ങനെയാണത്രേ ഈ പ്രദേശത്തിന് കുതിരാൻ എന്ന പേര് ലഭിച്ചത്. ഒരുകൈയിൽ അമ്പും വില്ലും മറുകൈയിൽ കടിഞ്ഞാണുമായി രക്ഷക ഭാവത്തിലാണ് ശാസ്താവ് ഇവിടെ വസിക്കുന്നത്.

ഈ വഴി കടന്നുപോകുന്ന അനേകം യാത്രക്കാരും ശബരിമലയ്ക്കു പോകുന്ന അയ്യപ്പഭക്തന്മാരും ഈ അശ്വാരൂഡന് അർപ്പിക്കുന്ന വഴിപാടുകൾക്ക് കയ്യും കണക്കുമില്ല. ശാസ്താവിന് രക്ഷകഭാവം ഉള്ളതുകൊണ്ടായിർക്കണം ഈ വാഹനമോടിക്കുന്ന എല്ലാവരും കാണിക്ക സമർപ്പിക്കും. ഇങ്ങനെ കിട്ടുന്ന വരുമാനം കൊണ്ട് ദിവസവും അന്നദാനം നടക്കുന്നുണ്ട്. പിന്നെ ഭക്തജനങ്ങൾക്കുള്ള സഹായങ്ങളും നല്കിപ്പോരുന്നു. ഒരുപക്ഷെ കേരളത്തിലെ സാമാന്യം ഭേദപ്പെട്ട വരുമാനമുള്ള ഒരു ക്ഷേത്രമാണ് കുതിരാനിലെ ഈ ശാസ്താ ക്ഷേത്രം. കുതിരാനിലെ ക്ഷേത്ര ഭരണ സമിതിയും ഭക്തരും ചേർന്ന് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും പരാതികൾ സമർപ്പിച്ചിട്ട് രണ്ടുമൂന്നു വർഷങ്ങളായി. ഹൈന്ദവ വിശ്വാസത്തേയും സംസ്‌കാരത്തേയും ഉയർത്തിപ്പിടിക്കുന്ന നരേന്ദ്ര മോദിയും വികസനത്തിന്റെ പേരിൽ കുതിരാനിലെ അശ്വാരൂഡനായ ശാസ്താവിനെ കയ്യൊഴിഞ്ഞു. എന്നാൽ കവിഹൃദയമുള്ള പൊതുമരാമത്ത് മന്ത്രി സുധാകരൻ മാത്രം കുതിരാനിലെ ശാസ്താവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് ക്ഷേത്ര ഭരണ സമിതിക്കും അയ്യപ്പ ഭക്തർക്കും രേഖാമൂലം വാക്കുകൊടുത്തിട്ടുണ്ട്.