തൃശൂർ: കുതിരാനിലെ രണ്ടാം തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുത്തു. ഉച്ചയ്ക്ക് 12 മണിയോടെയാണ് കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഗതാഗതത്തിന് ഭാഗീകമായി തുറന്ന് നൽകിയത്. തൃശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് ഇപ്പോൾ കടത്തി വിടുന്നത്. ഇതോടെ ഒന്നാം തുരങ്കത്തിലെ രണ്ടുവരി ഗതാഗതം ഒഴിവാക്കിയിട്ടുണ്ട്. പ്രധാന അപ്രോച്ച് റോഡിന്റെ പണി ഇനിയും പൂർത്തിയാകാനിരിക്കെയാണ് തുരങ്കത്തിന്റെ ഒരു ഭാഗം നാഷണൽ ഹൈവേ അഥോറിറ്റി ഗതാഗതത്തിന് തുറന്ന് നൽകാൻ തീരുമാനിച്ചത്.

ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും ഇപ്പോൾ ടോൾ പിരിക്കാൻ അനുമതി നൽകിയിട്ടില്ലെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രണ്ടാം തുരങ്കം തുറക്കുന്നത് സംബന്ധിച്ച് ചേർന്ന ഓൺലൈൻ യോഗത്തിൽ അറിയിച്ചു.'രണ്ടാം തുരങ്കം പണി നടക്കുന്ന സമയത്ത് തുടർച്ചയായി മന്ത്രിമാർ പങ്കെടുത്ത് യോഗം നടത്തി സ്ഥിതി വിലയിരുത്തിയിരുന്നു'. എന്നാൽ ടണൽ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ നാഷണൽ ഹൈവേ അഥോറിറ്റി മന്ത്രിമാരെ അറിയിച്ചില്ലെന്നും ടോൾ പിരിവ് എന്ന വർത്ത ദൗർഭാഗ്യകരമാണെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി.

'പണികൾ പൂർത്തിയാക്കാനുള്ളതിനാൽ തുരങ്കത്തിന്റെ കുറച്ചു ഭാഗം തുറക്കുകയാണെന്നാണ് ഹൈവേ അഥോറിറ്റി പറയുന്നത്. കൂടിയാലോചനകൾക്ക് ശേഷമേ ഇനി പ്രഖ്യപനങ്ങൾ ഉണ്ടാകൂ എന്ന് ഹൈവേ അഥോറിറ്റി അറിയിച്ചു. പൂർണമായി തുരങ്കം തുറന്ന് നൽകുന്നത് റോഡ് സുഗമമായി ഗതാഗതത്തിന് സജ്ജമായതിന് ശേഷം മാത്രമാകുമെന്നും ഏപ്രിൽ മാസത്തോടെ പൂർണമായി തുറക്കുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി.

972 മീറ്ററാണ് രണ്ടാം തുരങ്കത്തിന്റെ നീളം. 14 മീറ്റർ വീതിയിലും 10 മീറ്റർ ഉയരത്തിലുമാണ് തുരങ്കത്തിന്റെ നിർമ്മാണം. സിസിടിവി, എൽഇഡി ലൈറ്റുകൾ, ഡീസൽ, ഇലക്ട്രിക്ക് പമ്പുകൾ എന്നിവയടക്കം തുരങ്കത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രമാണ് പണി പൂർത്തിയായെന്ന കത്ത് ദേശീയ പാതാ അതോരിറ്റി ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ഇത് സർക്കാർ തലത്തിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രണ്ടാം തുരങ്കം ഏപ്രിലിൽ പൂർണമായും തുറന്ന് നൽകാമെന്നായിരുന്നു സർക്കാർ നിലപാട്. തുരങ്കം സഞ്ചാരയോഗ്യമായ സാഹചര്യത്തിലാണ് തുറന്നു നൽകാമെന്ന തീരുമാനം ദേശീയപാതാ അഥോറിറ്റി മുന്നോട്ട് വെച്ചത്. 2009 ലാണ് കുതിരാനുൾപ്പെട്ട ദേശീയ പാതയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. ഒന്നാം തുരങ്കം നേരത്തെ തുറന്ന് നൽകിയിരുന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച രാവിലെ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, ഡോ ആർ ബിന്ദു, ടി എൻ പ്രതാപൻ എം പി, ജില്ലാ കലക്ടർ ഹരിത വി കുമാർ, സിറ്റി പൊലീസ് കമ്മീഷ്ണർ ആർ ആദിത്യ, നാഷണൽ ഹൈവേ അഥോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.