കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ എന്തും നടക്കുമെന്നതിന് തെളിവായി അവിടെ നിന്ന് 2 അന്തേവാസികൾ ചാടിപ്പോയി. മാനസിക പ്രശ്നമുള്ള പുരുഷനും സ്ത്രീയുമാണ് ചാടിപ്പോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞയാഴ്ച ഇവിടെ അന്തേവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം സുരക്ഷ കൂട്ടുകയും ചെയ്തു. ഇവിടെയാണ് വീണ്ടും ചാടിപോകൽ.

ചാടിപ്പോയവർ അടുത്തിടെയാണ് ഇവിടെ എത്തിയത്. സുരക്ഷാ ജീവനക്കാരുടെ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെയും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്തേവാസിയുടെ കൊലപാതകത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിനിടെയാണ് പുതിയ ചാടിപോകലും. മലപ്പുറം സ്വദേശിയായ 42 കാരിയും 39 വയസുള്ള കോഴിക്കോട്ടുകാരനുമാണ് ചാടിയത്.

യുവതി കൊല്ലപ്പെട്ട അതേ വാർഡിലെ അന്തേവാസിയായ സ്ത്രീ ഭിത്തി തുരന്നാണ് പുറത്ത് ചാടിയത്. അഞ്ചാം വാർഡിലെ പത്താം സെല്ലിലായിരുന്നു കൊലപാതകം നടന്നത്. അന്തേവാസികൾ ചാടിപ്പോയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അതേ സമയം രണ്ടാം വാർഡിലെ അന്തേവാസിയായ പുരുഷൻ കുളിക്കാനായി വാർഡിൽ നിന്നിറങ്ങിയതാണ്. തിരിച്ചെത്താത്തത് അന്വേഷിച്ചപ്പോഴാണ് കാണാതായത് അറിഞ്ഞത്. പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു.

ഇന്ന് അതിരാവിലെ ഇവർ ചാടിപ്പോയെങ്കിലും അൽപം വൈകിയാണ് ഇത് പുറത്തറിഞ്ഞത്. അടുത്തിടെയാണ് ഇരുവരേയും മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ കുറവാണ് ഇതിന് കാരണമായത് എന്നാണ് വിലയിരുത്തൽ. ഇവർക്ക് വേണ്ടി ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ തെരച്ചിൽ ആരംഭിച്ചു. മെഡിക്കൽ കോളേജ് പൊലീസാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇവിടുത്തെ അന്തേവാസിയായ യുവതിയെ ബംഗാൾ സ്വദേശിനി കൊലപ്പെടുത്തിയിരുന്നു. കട്ടിലിനെചൊല്ലിയുള്ള തർക്കത്തിലാണ് ജിയറാം ജിലോട്ട് എന്ന യുവതി കൊല്ലപ്പെട്ടത്. പശ്ചിമബംഗാൾ സ്വദേശിയായ തസ്മി ബീവിയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ തെളിവെടുപ്പും മൊഴിയെടുപ്പും തുടരുകയാണ്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ മാനസികാരോഗ്യ കേന്ദ്ര സൂപ്രണ്ടിനും സിറ്റി പൊലീസ് കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. അന്തേവാസികളെ പരിചരിക്കുന്നതിൽ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്‌ച്ചകൾ സംഭവിച്ചോയെന്നും കമ്മീഷൻ പരിശോധിക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ ചാടിപോകൽ.