കോതമംഗലം: കൂട്ടത്തിൽ നിന്നും ഒരാൾ പഞ്ചായത്ത് പ്രസിഡന്റായതിന്റെ ആഹ്ളാദം പങ്കിട്ട് കൂട്ടമ്പുഴയിലെ ആദിവാസികൂട്ടം.പരമ്പരാഗത കലാരൂപങ്ങൾ പാതയോരത്ത് അവതരിപ്പിച്ചും കെട്ടിപ്പിടിച്ചും ഉമ്മവച്ചും മധുരം വിളമ്പിയും മറ്റുമാണ് തങ്ങളുടെ മനസ്സുനിറഞ്ഞ സന്തോഷം അവർ പങ്കിട്ടത്. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റായി തലവച്ചപാറ കോളനിവാസി കാന്തി വെള്ളക്കയ്യൻ തിരഞ്ഞെടുക്കപ്പെട്ടതാണ് ഇവർക്ക് സന്തോഷത്തിന് വകനൽകിയിരിക്കുന്നത്.

ഊരിലെ കാണി അല്ലി കൊച്ചലങ്കാരന്റെ നേതൃത്വത്തിൽ പ്രായം ചെന്നവരുൾപ്പെടെ കോളനിവാസികളിൽ വലിയൊരുവിഭാഗം കാന്തി പ്രസിഡന്റ് സ്ഥാനമേൽക്കുന്നത് കാണാനെത്തിയിരുന്നു.രാവിലെ 10 മണിയോടെ തന്നെ ഇവിരിൽ പലരും തിരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേയ്ക്ക് എത്തിയിരുന്നു.തിരഞ്ഞെടുപ്പ് സമയമായപ്പോഴേയ്ക്ക് പുറത്ത് ചെറിയൊരുജനക്കൂട്ടം തന്നെ രൂപപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായി ഹോളിൽ നിന്നും പുറത്തേയ്ക്കിറങ്ങിയപാടെ ഊരുനിവാസികൾ സ്നേഹപ്രകടനങ്ങൾകൊണ്ട് കാന്തിയെ പൊതിഞ്ഞു.പിന്നെ സെൽഫിക്കാരുടെ ബഹളമായി.ഊരിലെ ന്യൂജെൻ താരങ്ങങ്ങളായിരുന്നു മുന്നിൽ.പൂച്ചെണ്ട് നൽകലും ഹാരാർപ്പണവുമൊക്കെയായി പാർട്ടിക്കാരും കൂട്ടം കൂടിയതോടെ അൽപ്പനേരം പഞ്ചായത്ത് പരിസരം തിക്കുംതിരക്കും മൂലം വീർപ്പുമുട്ടി.

പിന്നാലെ ആഹ്ളാദപ്രകടനത്തിനായി യൂഡി എഫ് നേതാക്കൾ തയ്യാറായി.ഇതിനുള്ള നീക്കം നടക്കവെ ഊരിൽ നിന്നെത്തിയ സ്ത്രീകളിൽ ഒരു വിഭാഗം പഞ്ചായത്തിന് മുന്നിൽ പാതയോരത്ത് നൃത്തം അവതരിപ്പിക്കുകയും കാന്തി ഇതിൽ പങ്കാളി ആവുകയും ചെയ്തു.തുടർന്ന് ടൗണിൽ നടന്ന ആഹ്ളാദ പ്രകടനത്തിലും ഊരിൽ നിന്നെത്തിയവർ ആഹാളാദപൂർവ്വം പങ്കെടുത്തു. ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികളുള്ളത് കുട്ടമ്പുഴ പഞ്ചായത്തിലാണ്.

അടുത്തകാലം വരെ കാന്തി തലവച്ചപാറയിലാണ് കുടംബസഹിതം ജീവിച്ചിരുന്നത്.ഇപ്പോൾ താമസം പൂയംകൂട്ടിയിലാണ്.ഈ പ്രദേശം ഉൾക്കൊള്ളുന്ന പഞ്ചായത്തിന്റെ എട്ടാം വാർഡിലാണ് ഇത്തവണ കാന്തി മത്സരിച്ചത്. കഴിഞ്ഞതവണ ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്.ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം.ഇക്കുറി ഭൂരിപക്ഷം 76 ആയി.ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികളുള്ളത് കുട്ടമ്പുഴ പഞ്ചായത്തിലാണ്.

പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം പട്ടികജാതി -പട്ടിക വർഗ്ഗസംവരണമാണ്. ഭൂരിപക്ഷം നേടിയ യൂഡിഎഫ് പക്ഷത്തുനിന്നും ഈ വിഭാഗത്തിൽ നിന്നും മറ്റാരും വിജയിച്ചിരുന്നില്ല.ഇതാണ് പ്രസിഡന്റ് സ്ഥാനം കാന്തിക്ക് ലഭിക്കാൻ തുണയായത്.17 വാർഡുള്ള പഞ്ചായത്തിൽ 10 സീറ്റ് നേടിയാണ് യൂ ഡി എഫ് എൽ ഡി എഫിൽ നിന്നും ഭരണം പിടിച്ചെടുത്തത്.