കോതമംഗലം: കുട്ടംപുഴ ആനവേട്ട കേസിനെക്കുറിച്ചുള്ള തുടരന്വേഷണത്തിൽ വനംവകുപ്പ് അധികൃതർക്കു ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ മാത്രമായി 11 ആനകളെ കൊന്ന് കൊമ്പെടുത്ത കേസ്സിൽ നടത്തി വരുന്ന തുടർ അന്വേഷണത്തിലാണ് വനൃമൃഗവേട്ടയെക്കുറിച്ച് വനംവകുപ്പ് അധികൃതർക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്. ആനവേട്ടയ്ക്ക് കുപ്രസിദ്ധിയാർജ്ജിച്ച മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ വർഷങ്ങളായി നായാട്ടുസംഘങ്ങൾ സജീവമായിരുന്നുയെന്നാണ് ഫോറസ്റ്റ് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. അനധികൃതമായി സൂക്ഷിച്ചിട്ടുള്ളതും നായാട്ടിന് ഉപയോഗിച്ചുവരുന്നതുമായ 120-ൽപ്പരം തോക്കുകളെക്കുറച്ചും വനംവകുപ്പിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അടിമാലിക്ക് സമീപത്തും കോതമംഗലത്തിനടുത്തും തോക്ക് നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തിച്ചുവന്നിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കരിമരുന്ന് നിറച്ച് വെടി ഉതിർക്കാവുന്ന നാടൻ തോക്കുകളാണ് ഇവിടങ്ങളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. മരുന്നിനൊപ്പം 8 എം എം കമ്പിക്കഷണങ്ങളും കുഴലിനുള്ളിൽ നിക്ഷേപിച്ചാണ് ആനവേട്ട സംഘം വെടിയുതിർത്തിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. അനുബന്ധ സാധന - സാമഗ്രികൾ ആവശ്യക്കാർ തന്നെ സ്ഥലത്തെത്തിച്ചു നൽകിയാണ് തോക്കുകൾ നിർമ്മിച്ചിരുന്നത്. തോക്കുകളുടെ അറ്റകുറ്റപ്പണികൾക്കും നായാട്ടുസംഘം സമീപിക്കുന്നത് ഈ തോക്ക് നിർമ്മാതാക്കളെ തന്നെ.

അന്വേഷണം ശക്തിപ്പെട്ടതോടെ തോക്കുനിർമ്മാതാക്കൾ നാട്ടിൽനിന്നും അപ്രത്യക്ഷരായതായാണ് വനംവകുപ്പ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. അടുത്ത കാലത്ത് വനമേഖലയിൽ ആനകൾക്ക് പുറമെ കരടി, കാട്ടുപോത്ത്, കേഴമാൻ, മുള്ളൻപന്നി തുടങ്ങിയ മൃങ്ങളെ നായാട്ടുസംഘം കൊന്നൊടുക്കിയിട്ടുണ്ട്. കാട്ടിറച്ചി എന്ന പേരിൽ വേട്ടയാടിയ മൃഗങ്ങളുടെ ഇറച്ചി നഗരത്തിലും സമീപപ്രദേശങ്ങളും നായാട്ടു സംഘങ്ങളുടെ ഇടനിലക്കാർ വൻ തുകയ്ക്ക് വിറ്റഴിച്ചതായും ഉദ്യോഗസ്ഥസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇതുവരെ ലഭിച്ചിട്ടുള്ളത് കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ നടന്ന ആനവേട്ടയുടെ ഹൃസ്വചരിത്രം മാത്രമാണെന്നും ദശാബ്ദങ്ങളായി ഈ വനമേഖലയിൽ കൊല്ലപ്പെട്ട ആനകളുടെ എണ്ണം നൂറുകണക്കിനു വരുമെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനിടെ കണ്ടെത്തിയ 11 ആനകളുടെ അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധന നടത്താൻ വനം വകുപ്പ് നടത്തി വരുന്ന നീക്കത്തിന് ഒച്ചിഴയും വേഗമാണെന്നാണ് പരക്കേയള്ള ആക്ഷേപം. ഈ വഴിക്ക് വനംവകുപ്പ് ആരംഭിച്ച നീക്കം തുടങ്ങിയിടത്തുതന്നെ അവസാനിച്ചതായിട്ടാണ് ലഭ്യമായ വിവരം. ഇതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായാൽ മാത്രമെ കൊല്ലപ്പെട്ട ആനകളെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ലഭ്യമാകൂ.

കേസിലെ പ്രതികളിലൊരാളായ അജി ബ്രൈറ്റിന്റെ തിരുവനന്തപുരത്തെ വീട്ടിൽനിന്നും കണ്ടെടുത്ത 32 കിലോ ആനക്കൊമ്പ് സംസ്ഥാനത്തുകൊല്ലപ്പെട്ട ആനകളുടേതാണോയെന്ന വസ്തുതയും ഈ പരിശോധനകൾ പൂർത്തിയാലേ വ്യക്തമാകു. ഈ രാസപരിശോധനാറിപ്പോർട്ട് കേസിൽ നിർണായകമായിരിക്കുമെന്നാണ് നിയമവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആനവേട്ട കേസിലെ മുഖ്യ പ്രതി ഐക്കരമറ്റം വാസുവും ആണ്ടിക്കുഞ്ഞും, എൽദോസും, റെജിയും ആഴ്‌ച്ചകളോളം വനമേഖലകളിൽ തമ്പടിച്ചാണ് ആനവേട്ട നടത്തിയിരുന്നതെന്നും ആനകളുടെ മസ്തകം പൊളിച്ച് കൊമ്പെടുക്കുന്നതിൽ വിരുതൻ ആണ്ടിക്കുഞ്ഞായിരുന്നെന്നും തെളിവെടുപ്പിൽ വ്യക്തമായിട്ടുണ്ട്.

എന്നാൽ ഒരു തവണ നായാട്ടിനു പോകുമ്പോൾ ഏതാനും ആയിരങ്ങൾ മാത്രം പ്രതിഫലം പറ്റിയിരുന്ന ഇവർ ഈ ഗൂഢസംഘത്തിലെ താഴത്തെ കണ്ണികൾ മാത്രമായിരുന്നു. ഇവരെക്കൊണ്ടു ഇതു ചെയ്യിച്ചിരുന്ന ഇടനിലക്കാരും ആനക്കൊമ്പു വ്യാപാരികളും ലക്ഷങ്ങളും കോടികളുമാണ് ഈ ഏർപ്പാടിലൂടെ ഉണ്ടാക്കിയിരിക്കുന്നത്. അവരിലേക്ക് അന്വേഷണം എത്തുന്നതിനു മുമ്പേ അട്ടിമറിക്കപ്പെടുകയാണ്. അതിന്റെ ഭാഗമായാണ് പ്രതികളെ കസ്റ്റഡിയിൽ മൂന്നാംമുറ പ്രയോഗിച്ചെന്നു കാട്ടി ഐഎഫ്എസ് ദമ്പതിമാർക്കെതിരേ കേസെടുത്തിരിക്കുന്നത്്.

ആനവേട്ട കേസിൽ പ്രതികളുടെ എണ്ണം ഇനിയും ഉയരുമെന്നും അന്തർസംസ്ഥാന വ്യാപകമായി നടന്നുവരുന്ന അന്വേഷണത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ആനക്കൊമ്പ് കടത്തിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചുവരുന്ന കൽക്കട്ട സ്വദേശിനി തങ്കച്ചിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ കേസിലെ ഉന്നത ബന്ധങ്ങൾ വ്യക്തമാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.