- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിറ്റാണ്ടുകൾക്ക് മുൻപ് കണ്ടെത്തിയ അടിസ്ഥാന പ്രശ്നം ഇന്നും പരിഹരിച്ചിട്ടില്ല; മറ്റൊരു മഴക്കാലം പടിവാതിൽക്കൽ നിൽക്കെ രക്ഷക്കായി കേണ് കുട്ടനാട്; വേനൽമഴ കൂടിയതോടെ ആശങ്ക ഇരട്ടിയായി; പാക്കേജുകൾ ഫലംകാണതെ കായൽവെള്ളത്തിൽ കുട്ടനാടിന്റെ കണ്ണീര് പടരുമ്പോൾ
കുട്ടനാട്: പാക്കേജുകൾ പ്രഖ്യാപനങ്ങളായോ പാതിവഴിയിലോ നിലയ്ക്കുമ്പോൾ മറ്റൊരു മഴക്കാലത്തെയും ഭീതിയോടെയല്ലാതെ കാണാൻ കുട്ടനാട് നിവാസികൾക്കാവില്ല.പ്രഖ്യാപനങ്ങൾ മാത്രം കേട്ട് മനസ്സുമടുത്തൊരു ജനതയായി മാറിയിരിക്കുന്നു കുട്ടനാടിലേത്.അത്രയെ കഷ്ടതകളാണ് സർക്കാറിന്റെ പ്രഖ്യാപനങ്ങൾ മാത്രം വിശ്വസിച്ച് കഴിയുന്ന ഈ ജനത അനുഭവിക്കുന്നത്. ഇവിടെയാണ് സേവ് കുട്ടനാട് എന്നൊരു ക്യാമ്പയിൻ രൂപം കൊളേളണ്ടതിന്റെ അനിവാര്യത. ജലനിരപ്പു താഴ്ന്നിട്ടും പാടശേഖരങ്ങളിലെ വെള്ളക്കെട്ടു തുടരുന്നു; കാലവർഷം അടുത്തെത്തിയപ്പോൾ ഉറക്കം നഷ്ടപ്പെട്ട് കുട്ടനാട്. കഴിഞ്ഞ മാസം 2 വെള്ളപ്പൊക്കങ്ങൾ കുട്ടനാട് കണ്ടു. മൂന്നാഴ്ച മുൻപു പെയ്ത മഴയിൽ പാടശേഖരങ്ങളിൽ കയറിയ വെള്ളമാണ് ഇപ്പോഴും നിറഞ്ഞുകിടക്കുന്നത്. ജനവാസം കൂടുതലുള്ള മേഖലയിലെ പാടശേഖരങ്ങളിൽ രണ്ടാംകൃഷി (വർഷക്കൃഷി) ഇറക്കാത്തതാണു പ്രതിസന്ധി രൂക്ഷമാക്കുന്നത്.
2018ലെ പ്രളയത്തോടെ, കണക്കുകൂട്ടലുകൾക്ക് അപ്പുറം ജലനിരപ്പ് ഉയരുമെന്നു കുട്ടനാട്ടുകാർ മനസ്സിലാക്കുന്നു. ആ പ്രളയത്തിൽ പമ്പാ നദിയിലെ മാലക്കര ഭാഗത്ത് 8.46 മീറ്ററാണു ജലനിരപ്പു രേഖപ്പെടുത്തിയത്. മുൻപ്, 8 മീറ്ററാണ് ഏറ്റവും ഉയർന്ന നിരപ്പ് രേഖപ്പെടുത്തിയത്. രാജ്യാന്തര കായൽ കൃഷി ഗവേഷണ കേന്ദ്രം 125 വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചു നടത്തിയ പഠന റിപ്പോർട്ടിൽ 2018 ജൂൺ മുതൽ ജൂലൈ വരെ 27% അധിക മഴയാണു കുട്ടനാട്ടിൽ പെയ്തത്.കുട്ടനാട്ടിൽ ശരാശരി 2849 മില്ലിമീറ്റർ മഴയാണു വർഷത്തിൽ ലഭിക്കുന്നത്. ഇതിന്റെ 64% മഴയും പ്രളയമുണ്ടായ 3 മാസത്തിനിടെയാണ് പെയ്തത്. 2018 ജൂൺ മുതൽ ഓഗസ്റ്റ് വരെ മാത്രം 1877 മില്ലീമീറ്റർ മഴ കുട്ടനാട്ടിൽ ലഭിച്ചു. ഇതു പ്രളയക്കെടുതി കൂട്ടാൻ ഇടയാക്കി.കാര്യങ്ങൾ ഇതേ പടി തുടർന്നാൽ ഈ മഴക്കാലത്തെ എങ്ങിനെ അതിജീവിക്കുമെന്നാണ് ഇവിടുത്തുകാരുടെ ആശങ്ക.
പാതിവഴിയിലെത്തിയ രണ്ടാം പാക്കേജ്
കുട്ടനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പ്രത്യേക പാക്കേജ് സർക്കാർ അനുവദിച്ച്.രണ്ട് ഘട്ടങ്ങളിലായി സർക്കാർ അനുവദിച്ച പാക്കേജ് ഫലപ്രദമായി നടപ്പാക്കാൻ പറ്റിയില്ലെന്നത് തന്നെയാണ് സത്യം. ചെലവഴിച്ച തുകകളുടെ കണക്കുകൾ സർക്കാർ നിരത്തുമ്പോഴും അതിന് ഉത്തരമായി കുട്ടനാടിട്ടിലുള്ളത് ഒരോ മഴയെയും വെള്ളപ്പൊക്കെത്തെയും അതിജീവിക്കനാകാതെ പുതിയ താമസസ്ഥലം തേടി അലയുന്ന ജനതയാണ്. തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ മനം മടുത്ത് കുട്ടനാട്ടുകാരിൽ പലരും സുരക്ഷിത ഇടങ്ങൾ തേടി ഒഴിഞ്ഞുപോകുന്നു എന്ന വാർത്തകൾക്കിടയിലാണ് രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപനവുമായി എൽ.ഡി.എഫ് സർക്കാർ എത്തുന്നത്. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തിയാണ് പാക്കേജ് നടപ്പാക്കിയത്. അതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച നിർവഹിക്കുകയും ചെയ്തു. 2447 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചത്.
എന്നാൽ ആദ്യഘട്ടം പാക്കേജിനായി 1017 കോടി രൂപ ചെലവഴിച്ച കണക്ക് പറയുമ്പോലെത്തന്നെ രണ്ടാം പാക്കേജും സർക്കാരിന്റെ കണക്കുകളിൽ മാത്രമാണ് ഒതുങ്ങുന്നത്. ഒന്നാംഘട്ടത്തിന് സമാനമായി രണ്ടാംഘട്ടത്തിന്റെയും പ്രയോജനം എത്രത്തോളം അനുഭവവേദ്യമായിട്ടുണ്ടെന്ന കാര്യത്തിൽ തർക്കം നിൽക്കുകയാണ്.സംസ്ഥാനത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ രക്ഷ സർക്കാരിന്റെ മുഖ്യ പരിഗണനയിൽത്തന്നെ എപ്പോഴുമുണ്ടെന്നുള്ളത് കുട്ടനാട്ടുകാർക്കു മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും സന്തോഷം പകരുന്ന കാര്യമായിരുന്നു.പദ്ധതികൾ ആവിഷ്കരിക്കുന്നത് പോലെ അത് നടപ്പാക്കാൻ പറ്റുന്നുണ്ടോ എന്നതാണ് കുട്ടനാടിനെ സംബന്ധിച്ച് പ്രധാന വിഷയം.
കുട്ടനാട് ബ്രാന്റ് അരി ഉത്പാദിപ്പിക്കാൻ ആലപ്പുഴയിൽ സംയോജിത റൈസ് പാർക്ക് ഒരു വർഷത്തിനകം ആരംഭിക്കും.ഒരു നെൽ ഒരു മീൻ പദ്ധതി വരുന്ന സീസൺ മുതൽ നടപ്പാക്കും. മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾക്കിടയിൽ സ്വയംസഹായസംഘങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 89 സംഘങ്ങൾക്ക് 1.79 കോടി രൂപ വായ്പയായി നൽകും.13 പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കിഫ്ബി സഹായത്തോടെ 291 കോടി രൂപ ചെലവഴിച്ച് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ സത്വര നടപടി സ്വീകരിക്കും. ഇതിനായി 1.65 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായിട്ടുണ്ട്. കുട്ടനാട്ടിൽ തടസരഹിത വൈദ്യുതി ഉറപ്പാക്കുന്നതിന് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മൂന്ന് കെ. എസ്. ഇ. ബി സബ് സ്റ്റേഷനുകൾ നിർമ്മിക്കും. 110 കെ. വി സബ് സറ്റേഷന്റെ നിർമ്മാണം പതിനെട്ട് മാസത്തിനുള്ളിൽ കാവാലത്ത് പൂർത്തിയാകും.
33 കെ. വി സബ്സ്റ്റേഷൻ കിടങ്ങറയിൽ ഒരു വർഷത്തിൽ പൂർത്തിയാകും. രണ്ട് സബ്സ്റ്റേഷനുകൾക്കുമുള്ള ഭൂമി ലഭ്യമാണ്. 66 കെ. വി സബ്സ്റ്റേഷൻ 110 കെ. വിയായി ഉയർത്തുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതും ഒരു വർഷത്തിൽ പൂർത്തിയാകും. തോട്ടപ്പള്ളി സ്പിൽവേയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും അടിഞ്ഞു കൂടിയ മൂന്നു ലക്ഷം ക്യുബിക് മീറ്റർ മണൽ നീക്കുകയും ചെയ്യും.കുട്ടനാട്ടിലെ ഐമനത്തെ ഉത്തരവാദിത്ത ടൂറിസം മാതൃകാവില്ലേജായി പ്രഖ്യാപിക്കും. പ്രളയത്തിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാൻ എലിവേറ്റഡ് ക്യാറ്റിൽ ഷെഡ് സ്ഥാപിക്കും. താറാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വെറ്ററിനറി സർവകലാശാലയുടെ നേതൃത്വത്തിൽ ഗവേഷണ കേന്ദ്രം തുങ്ങിയവയൊക്കൊണ് സർക്കാർ രണ്ടാം പാക്കേജിൽ പറഞ്ഞത്.സംസ്ഥാന ആസൂത്രണ ബോർഡും കിഫ്ബിയും ബന്ധപ്പെട്ട വകുപ്പുകളും റീബിൽഡ് കേരള ഇൻഷ്യേറ്റീവും ഏകോപിച്ചാണ് രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നത്.
പക്ഷെ ഇവയൊക്കെ കുട്ടനാടിന് ആവശ്യമാണെങ്കിലും അവിടുത്തെ അടിസ്ഥാന പ്രശനങ്ങൾക്ക് ഇതുവരെയും വഴിതെളിഞ്ഞിട്ടില്ല എന്നതാണ് പാക്കേജിന്റെ ഒന്നും തന്നെ ഫലം കുട്ടനാടിൽ പ്രകടമാകാത്തത്.
2008ലെ രക്ഷാ പാക്കേജ്.. പക്ഷെ രക്ഷ ഇനിയും അകലെ
2008 മുതലാണ് കുട്ടനാടിനായി രക്ഷാപാക്കേജ് നടപ്പാക്കിത്തുടങ്ങിയത്. രാജ്യത്തെത തന്നെ ശ്രദ്ധേയനായ കൃഷിശാസ്ത്രജ്ഞന്മാരിലൊരാളായ ഡോ. എം.എസ്. സ്വാമിനാഥൻ മുൻകൈയെടുത്തായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്.ഡോ. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഏറെ പഠനങ്ങൾക്കു ശേഷം തയ്യാറാക്കിയ റിപ്പോർട്ട് അടിസ്ഥാനമാക്കി ആവിഷ്കരിച്ച ഒന്നാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിൽ ആത്മാർത്ഥത കാണിച്ചിരുന്നെങ്കിൽ കുട്ടനാടിനും അവിടത്തെ കൃഷിക്കാർക്കും ജനങ്ങൾക്കും വളരെയധികം ഗുണം ലഭിക്കുമായിരുന്നു. എന്നാൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയും താത്പര്യക്കുറവും സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ സ്വതേ കാണുന്ന ഉത്തരവാദിത്വമില്ലായ്മയുമെല്ലാം കാരണം ഒന്നാം പാക്കേജ് പരാജയപ്പെടുകയാണുണ്ടായത്.
പാക്കേജിന്റെ ഭാഗമായി ഏറ്റെടുത്ത പല പദ്ധതികളും അപൂർണമായി അവസാനിപ്പിക്കേണ്ടിവന്നു. നടപ്പായവയിൽത്തന്നെ പലതും ഗുണത്തിനു പകരം ഏറെ ദോഷകരമായിത്തീരുകയും ചെയ്തു.അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്ന് കുട്ടനാടിനെ രക്ഷിക്കുക എന്ന പ്രഥമ ലക്ഷ്യം ഇപ്പോഴും പദ്ധതി രേഖകളിൽ ശേഷിക്കുന്നതേ ഉള്ളൂ. 2018ലുണ്ടായ പ്രളയം കുട്ടനാടിനെ അമ്പേ വിഴുങ്ങിയെന്നു പറയാം. അതിന്റെ ദുരിതങ്ങൾ ഒഴിയും മുമ്പേ 2019-ലും പ്രളയം എത്തി. കൃഷിനാശവും ദുരിതവും തുടർക്കഥയായി കഴിഞ്ഞ വർഷകാലത്തും കുട്ടനാട്ടുകാരെ വേട്ടയാടി. അനേകം പേർ ഭവനരഹിതരായി.പ്രളയമുണ്ടായാലും ഇല്ലെങ്കിലും കുട്ടനാട്ടുകാർ നേരിടുന്ന ജീവൽ പ്രശ്നങ്ങളിലൊന്ന് കുടിവെള്ളത്തിന്റെ അഭാവമാണ്. വെള്ളത്താൽ ചുറ്റപ്പെട്ടാണ് കഴിയുന്നതെങ്കിലും ശുദ്ധമായ കുടിവെള്ളം ഇന്നും അവർക്ക് വലിയ സ്വപ്നമാണ്.
കുട്ടനാട്ടിലെ സകല ജലാശയങ്ങളും അതിതീവ്രമായ തോതിൽ മലിനീകരണം നേരിടുന്നവയാണ്. എക്കലും ചെളിയും മാലിന്യങ്ങളും അടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കുന്നത്. വേമ്പനാട്ടു കായൽ നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്കു അടിയന്തര പരിഹാരം കാണുന്നതിനൊപ്പം കുട്ടനാട്ടിലെ എല്ലാ ജലവാഹിനികളുടെയും ഒഴുക്ക് സുഗമമാക്കാനാവശ്യമായ പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ടതുണ്ട്. സ്വാഭാവിക ജലനിരപ്പിൽ നിന്നും താഴെ കൃഷിയിറക്കുന്ന ലോകത്തെ തന്നെ അപൂർവം പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. അതുകൊണ്ടുതന്നെ കുട്ടനാടിന്റെ വികസനവുമായി ബന്ധപ്പെട്ട ഏതു പദ്ധതിയും അതീവ സൂക്ഷ്മതയോടും ഉൾക്കാഴ്ചയോടും കൂടി വേണം നടപ്പിലാക്കാൻ. ഒന്നാം കുട്ടനാടു പാക്കേജിൽ ഉൾപ്പെടുത്തി കരിങ്കല്ലിൽ നിർമ്മിച്ച പുറം ബണ്ടുകൾ എത്രമാത്രം ദോഷം ചെയ്തുവെന്ന് ബോദ്ധ്യപ്പെട്ടതാണ്. പ്രകൃതിദത്തമായ സവിശേഷതകൾ നിലനിറുത്തിവേണം ഏതു പുതിയ സംരക്ഷണ മാർഗവും സ്വീകരിക്കാൻ.കുട്ടനാടിന്റെ ഉന്നമനം ഉദ്ദേശിച്ചുള്ള ഏതു പദ്ധതിയുടെയും ലക്ഷ്യങ്ങളിലൊന്ന് കർഷകരുടെയും അവിടത്തെ ജനങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുക എന്നുള്ളതു തന്നെയാണ്.
കൃഷി കഴിഞ്ഞാൽ വിനോദസഞ്ചാരത്തിനുള്ള അനന്തസാദ്ധ്യതകളുള്ള പ്രദേശമാണ് കുട്ടനാട്. ഭാവനാപൂർണമായ പദ്ധതികളിലൂടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിച്ചാൽ ഇപ്പോഴുള്ളതിന്റെ ഇരട്ടി വരുമാനമുണ്ടാക്കാം. എത്രയോ അധികം പേർക്ക് തൊഴിലവസരങ്ങളുണ്ടാകും. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നൽ നൽകി റോഡുകളും പാലങ്ങളും ബോട്ട് ജെട്ടികളും വിശ്രമകേന്ദ്രങ്ങളുമൊക്കെ നിർമ്മിക്കണം. ഇതിനൊക്കെ വേണ്ടിവരുന്ന പണം കുറഞ്ഞ നാളുകൾ കൊണ്ട് തിരികെ പിടിക്കാനാകും. പക്ഷെ ചുമരുണ്ടെങ്കിൽ അല്ലെ ചിത്രമെഴുതാനാകൂ എന്നു പറഞ്ഞത് പോലെ നാടുണ്ടെങ്കിൽ അല്ലെ ബാക്കിയെല്ലാം.. അപ്പോൾ അതിനാകട്ടെ പ്രഥമ പരിഗണന.
മറുനാടന് മലയാളി ബ്യൂറോ