കോതമംഗലം:കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഹിൽട്രാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടതായി എം എൽ എ. ഇതു സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ. ഭൂമിപ്രശ്‌നം പരിഹരിക്കപ്പെടുന്ന സാധാരണക്കാരുടെ ശുഭപ്രതീക്ഷക്ക് വീണ്ടും തിരിച്ചടി.

കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിനെ ഗവൺമെന്റ് ഹിൽട്രാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായും ഇതുസംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയതായും ടി യു കുരുവിള എം എൽ എ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി അറിയിച്ചിരുന്നു. ഇതുമൂലം പഞ്ചായത്ത് നിവാസികളായ ആയിരക്കണക്കിന് വരുന്ന സാധാരണക്കാരുടെ ഭൂമിപ്രശ്‌നത്തിന് പരിഹാരമാവുമെന്നും എം എൽ എ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതു സംബന്ധിച്ച മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങളിൽ കൂടുതലൊന്നും അറിയില്ലെന്നും സർക്കാർ വിജ്ഞാപനം ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് ബന്ധപ്പെട്ട അധികൃതരിൽനിന്നും ലഭിക്കുന്ന വിവരം. ഇതോടെ ഈ പഞ്ചായത്ത്പരിധിയിലെ സാധാരണക്കാരുടെ ദശാബ്ദങ്ങളായിത്തുടരുന്ന ഭൂമിപ്രശ്‌നം വീണ്ടും കീറാമുട്ടിയായി.

ഏതാനും വർഷംമുൻപ് ഇടുക്കിയിൽ നിന്നും വേർപെടുത്തി എറണാകുളം ജില്ലയോട് കൂട്ടിച്ചേർക്കപ്പെട്ടതോടെയാണ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന് ഹിൽട്രാക്ക് പദവി നഷ്ടമായത്. ഇതുമുലം പ്രദേശവാസികൾക്ക് ലഭച്ചിരുന്ന നിരവധി സർക്കാർ ആനൂകൂല്യങ്ങൾ നഷ്ടമായി. സർക്കാർ ജീവനക്കാരുടെ ഹിൽ അലവൻസും നഷ്ടമായി. പഞ്ചായത്ത് ഹിൽട്രാക്ക് ലിസ്റ്റിൽ ഉൾപെട്ടതോടെ ഇത് പുനഃസ്ഥാപിക്കുമെന്നതാണ് മേഖലയിലെ ഗവൺമെന്റ് ജീവനക്കാർക്ക് ലഭിക്കുന്ന പ്രധാന നേട്ടം. ഹിൽട്രാക്ക് വിജ്ഞാപനം നിലവിൽ വന്നാൽ പഞ്ചായത്ത് നിവാസികൾക്ക് ഒരേക്കർ മുതൽ നാലേക്കർ വരെ കൈവശഭൂമി പതിച്ചു നല്കാൻ കഴിയുമെന്നാണ് എം എൽ എയുടെ അവകാശവാദം. നേരത്ത ഇത്തരത്തിൽപ്പെട്ട 15 സെന്റ് ഭൂമിയാണ് പതിച്ച് നൽകിയിരുന്നത്.

ഹിൽട്രാക്കിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ കുടിയേറ്റക്കാരുടെ ഭൂമിപ്രശ്‌നം പരിഹരിക്കുന്നതിന് ഗവൺമെന്റ് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരം 1/1/1977 ന് മുമ്പുള്ള റവന്യൂഭൂമിയിലെ കുടിയേറ്റക്കാർക്ക് ഒരേക്കർ ഭൂമിയും വനഭൂമിയിലെ കുടിയേറ്റക്കാർക്ക് 4 ഏക്കർ ഭൂമിയും പതിച്ചുനൽകാം. എന്നാൽ കുട്ടംപുഴ പഞ്ചായത്തിന്റെ കാര്യത്തിൽ ഇത് അടുത്തെങ്ങും നടക്കാനിടയില്ലെന്നാണ് ലഭ്യമായ സൂചന. ഏകദേശം ആലപ്പുഴ ജില്ലയുടെ അത്രയും തന്നെ വിസ്തീർണ്ണമുള്ള പഞ്ചായത്തിൽ കുടിയേറ്റക്കാരുടെ കൈവശമുള്ള ഭൂമിയെക്കുറിച്ച് റവന്യൂ-വനം വകുപ്പധികൃതർക്ക് ഇതുവരെ ഒരെത്തും പിടിയുമില്ല. കൈവശരേഖയുടെയും ഇടുക്കിയിലെ വൃന്ദാവൻ പട്ടയത്തിന്റെയും മറ്റും ബലത്തിലാണ് ഒരു കൂട്ടർ സർക്കാർ ഭൂമി കൈവശം വച്ച് അനുഭവിച്ചുവരുന്നത്. യാതൊരുരേഖകളുമില്ലാതെ കൈയൂക്കിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും പേരിൽ വനമേഖലയിലും മറ്റും ഏക്കറുകണക്കിന് ഭൂമി കൈവശം വച്ച് അനുഭവിച്ചുവരുന്ന ഒരു വിഭാഗവും ഇവിടെയുണ്ട്. ടി യു കുരുവിള എം എൽ എ യുടെ വടാട്ടുപാറ ആനക്കയത്തെ റിസോർട്ട് വനഭൂമി കൈയേറി നിർമ്മിച്ചതാണെന്ന ആരോപണം അടുത്തകാലത്ത് ശക്തമായിരുന്നു.

ജോയിന്റ് വെരിഫിക്കേഷൻ നടത്തിയാൽ മാത്രമേ മേഖലയിൽ കൈവശക്കാരുടെ പക്കലുള്ള റവന്യു-വനംവകുപ്പുകളുടെ ഭൂമിയെക്കുറിച്ചുള്ള യഥാർത്ഥ കണക്ക് വിവരങ്ങൾ ലഭ്യമാവു. എന്നാൽ ഇതിന് ഗവൺമെന്റ് ഭാഗത്തുനിന്നും ഇതുവരെ യാതൊരു നീക്കവും നടത്തിയിട്ടില്ല. ഇടക്കാലത്ത് ഇത്തരത്തിലൊരു നീക്കം നടന്നെങ്കിലും ഫലവത്തായില്ല. ഇരുവകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെതുടർന്ന് ചില ഭാഗങ്ങളിൽ അളന്നുതിരിക്കലും മറ്റും നടന്നെങ്കിലും ഇതൊന്നും രേഖയിലായില്ല. ഗവൺമെന്റ് വിജ്ഞാപനം പുറത്തിറങ്ങാതിരുന്നതിനെത്തുടർന്ന് അനുബന്ധ ജോലികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവാതിരുന്നതാണ് ഇതിന് കാരണം.

ദശാബ്ദങ്ങളായി നിലനിൽക്കുന്ന കുട്ടംപുഴയിലെ കുടിയറ്റക്കാരുടെ ഭൂമിപ്രശ്‌നം പരിഹരിക്കുന്നതിൽ മാറി മാറി അധികാരത്തിലെത്തിയ സർക്കാരുകൾ തയ്യാറായില്ലെന്നതാണ് വസ്തുത. വനഭൂമിയിലാണ് താമസിക്കുന്നതെന്നാരോപിച്ച് ഇഞ്ചത്തൊട്ടിയിലെ നൂറുകണക്കിന് കുടുംബങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിന് ഗവൺമെന്റ് തലത്തിൽ നിരവധി തവണ നടന്ന നീക്കങ്ങൾ പ്രദേശവാസികളുടെ ചെറുത്തുനിൽപ്പിനെത്തുടർന്ന് പരാജയപ്പെടുകയായിരുന്നു. ഇവിടുത്തുകാരിൽ ഭൂരിപക്ഷവും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. കാർഷിക ഉത്പ്പന്നങ്ങളുടെ വിലയിടിവ് ഇവിടെയും നന്നായി ബാധിച്ചിട്ടുണ്ട്. ആകെ കൈയിലുള്ള വസ്തു എടുക്കാച്ചരക്കായി അവശേഷിക്കുന്നതാണ് ഇക്കൂട്ടരെ ഏറെ വിഷമിപ്പിക്കുന്നത്. ശരിയായ രേഖകളുണ്ടെങ്കിൽ വസ്തു ഈടിന്മേൽ ലക്ഷങ്ങൾ ലോൺ നൽകാൻ ബാങ്കുകൾ തയ്യാറാണ്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ കൈവശമുള്ളത് ഈ ഒരു തുണ്ടുഭൂമി മാത്രമാണെന്നും ഇത് മനസ്സിലാക്കി പൊള്ളയായ വാഗ്ദാനങ്ങൾ മാറ്റി നിർത്തി ഗവൺമെന്റ് ഉണർന്നു പ്രവർത്തിക്കണമെന്നുമാണ് ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ആവശ്യം.

സർക്കാർ ലാൻഡ് ബാങ്കിൽ മുതൽകൂട്ടാവേണ്ട നൂറുകണക്കിനേക്കർ ഭൂമിയാണ് ഇവിടെ വൻകിടക്കാരായ കയ്യേറ്റക്കാരുടെ പക്കലുള്ളത്. നിലവിലെ നിയമത്തിന്റെ പഴുത് പ്രയോജനപ്പെടുത്തി അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമി കുത്സിതമാർഗത്തിലുടെ സ്വന്തമാക്കുന്നതിനാണ് ഇവരുടെ നീക്കം .ഇതിന് രാഷ്ട്രീയ ഉദ്യോഗസ്ഥമാഫിയയുടെ ചരടുവലികളും രൂക്ഷമായിട്ടുണ്ട്.