തിരുവനന്തപുരം: സർക്കാരിൽ നിന്ന് പോലും വിമർശനം നേരിടുകയും ക്ഷഏത്ര അധികാരികൾ ശക്തമായ നിലപാട് എടുക്കുകയും ചെയ്തതോടെ കുത്തിയോട്ട വിവാദത്തിൽ നിലപാട് മയപ്പെടുത്തി ജയിൽ ഡിജിപി ആർ ശ്രീലേഖ. തന്റെ പ്രസ്താവന വിവാദമായതോടെ ഇപ്പോൾ കുത്തിയോട്ടം നിരോധിക്കണമെന്ന ആഗ്രഹമൊന്നും ശ്രീലേഖയ്ക്ക് ഇല്ല. കുത്തുന്നതിന് പകരം അവിടെ കുങ്കുമം തേച്ചു പ്രതീകാത്കമായി ഒരു ചരട് കെട്ടി ആചാരത്തെ സംരക്ഷിക്കാമെന്നാണ് ഇപ്പോൾ അവർ പറയുന്നത്. എന്നാൽ ചരടു കെട്ടുന്നത് എങ്ങിനെ എന്നും ശ്രീലേഖ തന്റെ ഫേസ്‌ബുക്കിൽ കുറിച്ച ലേഖനത്തിൽ പറയുന്നില്ല.

ആറ്റുകാൽ പൊങ്കാല സമയത്ത് ഇത്തരത്തിൽ ഒരു വിവാദത്തിന് തിരികൊളുത്തിയ ശ്രീലേഖയ്ക്ക് ഇന്നലെ ചീഫ് സെക്രട്ടറി പോൾ ആന്റണി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 15 ദിവസത്തിനകം വിശദീകരണം നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് നിലപാടിൽ അൽപ്പം മയം വരുത്തി ശ്രീലേഖ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോഴും തന്റെ നിലപാടിൽ അവർ ഉറച്ച് നിൽക്കുന്നുണ്ട്. ചൂരൽ കുത്തിനെ നിശിതമായ എതിർത്തിരുന്ന അവർ ഇത്തവണ ചൂരൽ കുത്തിനെ മാറ്റി നിർത്തി ഏഴു ദിവസത്തെ വ്രതത്തെ മാത്രമാണ് നിശിതമായി വിമർശിച്ചിരിക്കുന്നത്.

ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന, ആചാര-അനുഷ്ഠാനങ്ങൾ ബഹുമാനിക്കുന്ന ഒരു ഹിന്ദു നായർ സ്ത്രീയാണ് ഞാൻ. സന്ധ്യക്ക് വിളക്ക് കൊളുത്തി നാമം ചൊല്ലി വളർന്നവൾ. എന്നും ഇഷ്ടദൈവമായ ഗണപതിയെ ഓർക്കുകയും ഗണേശ പ്രാർത്ഥനകൾ മനസ്സിലെങ്കിലും ഉരുവിടുന്നവൾ. വർഷങ്ങളായി ആറ്റുകാൽ അമ്മയെ ആരാധിക്കുന്നവൾ.

കുത്തിയോട്ടത്തിനെത്തുന്ന കുട്ടികളെ കുറിച്ചോർത്ത് തനിക്ക് വല്ലാത്ത വിഷമം തോന്നിയതുകൊണ്ടാണ് ബ്ലോഗിൽ താൻ അങ്ങനെ കുറിച്ചതെന്നും അവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ലേഖനത്തിൽ പറയുന്നു. വീണ്ടും വീണ്ടും ദൈവത്തിന്റെ പ്രതീമായ കുഞ്ഞുങ്ങൾ ഇത് സഹിക്കേണ്ടി വരുമല്ലോ എന്നോർത്തിട്ടാണ്താൻ ഇങ്ങനെ കുറിച്ചത്. അതിൽ മതവും ജാതിയും ഒന്നുമില്ലെന്നും അവർ പറയുന്നു.

ചൂരൽ കുത്തിനെ എതിർത്ത് ഇനി താൻ ഒരിക്കലും പൊങ്കാല ഇടില്ല എന്നു പറഞ്ഞ അവർ കുട്ടികൾക്ക് അമ്പലത്തിൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന കഠിന വ്രതത്തെ മാത്രമാണ് ഇത്തവണ എതിർത്തത്.

ആചാരവും അനുഷ്ഠാനവും ഒന്നും നിർത്തണ്ട. പൊങ്കാല ഇനിയും കോടിക്കണക്കിനു സ്ത്രീകൾ വര്ഷം തോറും ദേവിക്ക് നൽകണം. പക്ഷെ പെൺകുട്ടികളുടെ താലപ്പൊലി പോലെയാക്കിക്കൂടെ ആൺകുട്ടികളുടെ കുത്തിയോട്ടവും? ഒരു ദിവസം മാത്രം, കുത്തുന്നതിനു പകരം അവിടെ കുങ്കുമം തേച്ചു പ്രതീകാത്കമായി ഒരു ചരട് കെട്ടി മാത്രം? എന്തിനീ ദിവസങ്ങളോളമുള്ള കഠിന വൃതവും ശരീരം കുത്തിമുറിക്കലും? കുറ്റകരമല്ല ഇത്? ഇങ്ങനെയാണ് അവർ നിലപാട് മയപ്പെടുത്തിയത്.

സർക്കാർ ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കേണ്ടവരാണെന്നും വിവാദ പരാമർശങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നലെ പോൾ ആന്റണി ശ്രീലേഖയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഈ വിഷയത്തിൽ ശ്രീലേഖയ്‌ക്കെതിരെ പൊതുജന വികാരവും എതിരായിരുന്നു. വിഷയത്തിൽ ചില ഹൈന്ദവ സംഘടനകൾ കേന്ദ്ര സർക്കാരിനെ സമീപിക്കാനും സാധ്യതയുണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞാണ് സംസ്ഥാന സർക്കാർ സ്വമേധയാ നടപടി എടുത്തത്.

ഇടതുപക്ഷത്തിന്റെ മൗനാനുവാദത്തോടെയാണ് ശ്രീലേഖ ആറ്റുകാൽ ക്ഷേത്ര ചടങ്ങിനെ വിമർശിച്ചതെന്ന് ഹൈന്ദവ സംഘടനകൾ പ്രചരണം തുടങ്ങിയിരുന്നു. വർഗ്ഗീയമായി ആളുകളെ ചേരി തിരിപ്പിക്കുന്ന സാഹചര്യവും ഉണ്ടായി. ബാലാവകാശ കമ്മീഷൻ കേസെടുത്തതും ചർച്ചയായി. ഇതിനൊപ്പം സുന്നത്തിനെതിരേയും പ്രതികരണങ്ങളും പരാതികളും ഉണ്ടാക്കി. ഇങ്ങനെ രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ പോന്ന വിഷയമാണ് ശ്രീലേഖ ചർച്ചയാക്കിയത്. ഇത് ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്. ജേക്കബ് തോമസിനെതിരെ കലാപം ഉണ്ടാക്കാൻ പ്രസ്താവന നടത്തിയെന്ന കുറ്റം ആരോപിച്ച് നടപടിയെടുത്ത സർക്കാരിന് ശ്രീലേഖയുടെ നടപടിയേയും ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണ് ഉള്ളത്-സിപിഎമ്മിലെ പ്രമുഖൻ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

ആറ്റുകാൽ ക്ഷേത്ര ഉത്സവത്തിന് സർക്കാർ എല്ലാ സഹായവും നൽകുന്നുണ്ട്. കാലാകാലങ്ങളായി നടക്കുന്നതാണ് കുത്തിയോട്ടം. അതിൽ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥ വിവാദം കണ്ടത് അനവസരത്തിലാണെന്നാണ് സർക്കാർ പക്ഷം. ഈ സാഹചര്യത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

സർക്കാരിന്റെ സൽപേരിനു കളങ്കം വരുത്തുന്ന നിലപാടുകൾ ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകരുതെന്നും ഇതിൽ പറയുന്നു. മറുപടി തൃപ്തികരമല്ലെങ്കിൽ ശ്രീലേഖയെ സസ്പെന്റ് ചെയ്യാനും സാധ്യതയുണ്ട്. വിജിലൻസ് മേധാവി സ്ഥാനത്തേക്ക് സർക്കാർ പരിഗണിച്ച പേരുകളിൽ ഒന്നായിരുന്നു ശ്രീലേഖ. കേഡർ പദവിയില്ലാത്തതു കൊണ്ട് മാത്രമാണ് നൽകാത്തത്. അതിനിടെയാണ് വിവാദം ഉണ്ടാകുന്നത്.