തിരുവനന്തപുരം: കുറ്റിച്ചൽ രാധാകൃഷ്ണന്റേതാണ് തിരുവനന്തപുരം ഓവർബ്രിഡ്ജിലെ ആ ഹോട്ടൽ. കോട്ടൂരിൽ നിന്ന് വളർന്ന് ഗൾഫിൽ സ്വന്തമായ സാമ്രാജ്യം സൃഷ്ടിച്ച വ്യവസായി. തയ്യക്കടക്കരനായ കുറ്റിച്ചൽ രാധാകൃഷ്ണൻ ഗൾഫിലേക്ക് ജോലി തേടി പോയി. അറബിയുടെ വിശ്വസ്തനായി മാറിയ രാധാകൃഷ്ണൻ അതിവേഗം കോടീശ്വരനായി. കോട്ടൂരും കുറ്റിച്ചലും കീഴടക്കി തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്തും തന്റെ സ്ഥാപനങ്ങളുണ്ടാക്കി. കുറ്റിച്ചൽ രാധാകൃഷ്ണന്റെ വിശ്വസ്തനായിരുന്നു അയ്യപ്പൻ. ആ അയ്യപ്പനെയാണ് അജീഷ് വെട്ടിക്കൊന്നത്. അതുകൊണ്ട് തന്നെ അജീഷിന്റെ പ്രതികാര കുറ്റസമ്മതം പൊലീസ് വിശ്വസിക്കുന്നില്ല.

റോഡിലെ വാഹനങ്ങളുടെ തിരക്കിൽ അയ്യപ്പന്റെ നിലവിളി പുറംലോകംകേട്ടില്ല. അപ്രതീക്ഷിത ആക്രമണത്തിൽ അയ്യപ്പന് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുമ്പ്തന്നെ കൊലപാതകം നടന്നു. കൊലപാതക സമയത്ത് കഞ്ചാവ് ലഹരിയിലായിരുന്നു അജീഷെന്ന് പൊലീസ് പറയുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടത്. അതുവരെ ഹോട്ടലിൽ ആരും അയ്യപ്പന്റെ കൊലപാതകം അറിഞ്ഞതുമില്ല. നെടുമങ്ങാട് കേന്ദ്രീകരിച്ചാണ് അജീഷിന്റെ ഗൂണ്ടാ പ്രവർത്തനം. കുറ്റിച്ചലിൽ നിന്ന് പത്തു കിലോമീറ്റർ അകലെയുള്ള നെടുമങ്ങാട്. അതുകൊണ്ട് തന്നെ അയ്യപ്പന്റെ കൊലപാതകത്തിന് കുറ്റിച്ചൽ-നെടുമങ്ങാട് ഗൂഢാലോചനയുണ്ടെ എന്ന സംശയം പൊലീസിനുണ്ട്.

കഴിഞ്ഞ ഒക്ടോബർ 28ന് ഭാര്യ ലക്ഷ്മിയുമായി ഹോട്ടലിൽ മുറി എടുക്കാനെത്തിയ അജീഷുമായി അയ്യപ്പൻ വഴക്ക് കൂടിയിരുന്നു. നെടുമങ്ങാട് താമസിക്കുന്ന നിങ്ങൾ എന്തിന് ഇവിടെ മുറിയെടുക്കുന്നുവെന്നായിരുന്നു അയ്യപ്പൻ അന്വേഷിച്ചത്. ഭാര്യാഭർത്താക്കന്മാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളും ആവശ്യപ്പെട്ടു. തുടർന്ന് വാക്കുതർക്കവും തെറിവിളിയുമായി. കുടുംബപ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും അജീഷ് ഇവിടെ എത്തി മുറിയെടുത്തിരുന്നതായി പൊലീസ് പറയുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അജീഷ് നൽകുന്ന മൊഴി. എന്നാൽ പണത്തിന് വേണ്ടി എന്തും ചെയ്യുന്ന അജീഷിന്റെ ക്രിമിനൽ പശ്ചാത്തലം ഞെട്ടിപ്പിക്കുന്നതാണ്. പലരുടേയും ക്വട്ടേഷനുകൾ ഇയാൾ ഏറ്റെടുക്കാറുണ്ട്.

എന്നാൽ തിരുവനന്തപുരത്തെ ഹോട്ടലിൽ അയ്യപ്പൻ സ്ഥിരമായി മുറി എടുത്തതിന് പിന്നിൽ മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അയ്യപ്പനെ കൂടാതെ റൂം ബോയി രാജാജിനഗർ സ്വദേശി ശ്യാമാണ് കൊലപാതകസമയത്ത് ഹോട്ടലിൽ ഉണ്ടായിരുന്നത്. ഹോട്ടൽ മുറികളിൽ നിന്നുള്ള മാലിന്യം പിറകുവശത്തുകൊണ്ടുപോയി കളഞ്ഞ് തിരികെ വന്നപ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന അയ്യപ്പനെ ശ്യാം കാണുന്നത്. തുടർന്ന് ഹോട്ടൽ അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് കുറ്റിച്ചൽ രാധാകൃഷ്ണൻ വിദേശത്തേക്ക് പോയത്. കഴിഞ്ഞ ദിവസം രാത്രിയും അയ്യപ്പനുമായി സംസാരിച്ച ശേഷമാണ് വീട്ടിലേക്ക് പോയതെന്ന് രാധാകൃഷ്ണന്റെ ബന്ധു ബിന്ദു പറഞ്ഞു. എന്നാൽ എന്തെങ്കിലും പ്രശ്‌നമുള്ളതായി അയ്യപ്പൻ പറഞ്ഞിരുന്നില്ലെന്നും അത്തരത്തിലൊന്നും തങ്ങളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും ബിന്ദു പ്രതികരിച്ചു.

മൂന്നുവർഷത്തോളം സിറ്റി ടവർ ഹോട്ടലിൽ ജോലി ചെയ്ത അയ്യപ്പൻ ലോക്ഡൗൺ ആയതോടെ നാട്ടിലേക്കു മടങ്ങിയിരുന്നു. ഒമ്പതുമാസം മുമ്പാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. സിറ്റി ടവർ ഹോട്ടലുടമ രാധാകൃഷ്ണന്റെ അകന്ന ബന്ധുകൂടിയാണ് അയ്യപ്പൻ. ഹോട്ടൽ ജീവനക്കാർക്കും ഉടമയ്ക്കും അയ്യപ്പനെക്കുറിച്ച് നല്ല അഭിപ്രായവും വിശ്വാസവുമായിരുന്നു.

ഒരാളുമായുള്ള തർക്കത്തിനു പ്രതികാരമായി മൂന്നുമാസത്തിനുശേഷം കൊലപ്പെടുത്തുക എന്നത് പൊലീസിനും വിശ്വസിക്കാനായിട്ടില്ല. പിടിയിലായപ്പോൾ നെടുമങ്ങാട് പൊലീസിനോടും പിന്നീട് തമ്പാനൂർ പൊലീസിനോടും ഇതേ കാരണം തന്നെയാണ് പ്രതി അജീഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇയാൾ രാവിലെ മുതൽ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയിൽ അജീഷിന്റെ പെരുമാറ്റത്തിലും അസ്വാഭാവികതയുണ്ടായിരുന്നു. ഇടയ്ക്ക് അക്രമാസക്തനാവുന്ന പ്രതി വാഹനത്തിൽവെച്ച് പൊലീസിനെ ആക്രമിക്കാനും ശ്രമിച്ചിരുന്നു.

പൊലീസ് പിടിയിലാവുമ്പോഴും ഇയാൾ ലഹരിയുപയോഗിക്കുന്നുണ്ടായിരുന്നു. കഞ്ചാവിന്റെ കടുത്ത ലഹരിയിലായിരുന്ന ഇയാൾ ചോദ്യങ്ങൾക്കെല്ലാം അവ്യക്തമായ ഭാഷയിലാണ് മറുപടി പറഞ്ഞത്. ഇടയ്ക്കിടയ്ക്ക് അക്രമാസക്തനാവുന്ന പ്രതിയെ ചോദ്യം ചെയ്യാൻ പൊലീസിനായിട്ടില്ല. ഇടയ്ക്ക് ശാന്തനാകുമ്പോഴാണ് അയ്യപ്പനുമായുള്ള തർക്കത്തിന്റെ കാര്യം പറയുന്നത്. അജീഷ് മുമ്പും പലതവണ ഓവർബ്രിഡ്ജിലെ ഹോട്ടലിൽ വന്ന് താമസിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയുമായും തമ്പാനൂരിലെ സിറ്റി ടവർ ഹോട്ടലിൽ താമസിച്ചിരുന്നു.

ഭാര്യയുമായി വന്നപ്പോൾ അസഭ്യം പറഞ്ഞതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ, ഇതിനപ്പുറം അയ്യപ്പനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. അപ്രതീക്ഷിതമായ തർക്കമല്ല, അയ്യപ്പനും അജീഷുമായി മുമ്പും പരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.