കോഴിക്കോട്: വടകരയിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരിമാർ മുങ്ങിമരിച്ചു. തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ സന്മയ, വിസ്മയ എന്നിവരാണ് മരിച്ചത്. ശാന്തിനഗർ പുതിയോട്ടിൽ ശശി - സുമ ദമ്പതികളുടെ മക്കളാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കുറ്റ്യാടിപ്പുഴയുടെ നെടുമ്പ്രമണ്ണ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്.

സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ഉച്ചയോടെ പുഴയിൽ ഇറങ്ങിയത്. കുട്ടികൾ ഒഴുക്കിൽപ്പെട്ടതോടെ സ്ത്രീകൾ ബഹളമുണ്ടാക്കി. ഇതുകേട്ടെത്തിയ നാട്ടുകാർ കുട്ടികളെ രക്ഷപെടുത്തി കരയ്ക്കെത്തിച്ചു. ഉടൻ വടകര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരട്ടകളുടെ ജീവൻ രക്ഷിക്കാനായില്ല.