തിരുവല്ല: കുറ്റൂർ തെങ്ങേലിയിൽ സ്വന്തം പാർട്ടിക്കാരന്റെ മതിലും വസ്തുവും തകർത്ത് ബിജെപി പ്രവർത്തകർക്ക് വീട്ടിലേക്കുള്ള വഴി വെട്ടിക്കൊടുക്കാൻ ക്വട്ടേഷൻ എടുത്ത് പുലിവാൽ പിടിച്ച സിപിഎം നടത്തിയ മറ്റൊരു വഴിവെട്ട് അക്രമം കൂടി പുറത്ത്. ഇക്കുറി രണ്ടു വയോധിക ദമ്പതികൾക്ക് മേലാണ് കടന്നു കയറ്റം.

അയൽവാസിക്ക് പറഞ്ഞതിലും കൂടുതൽ വീതിയിൽ ഭൂമി വഴിക്കായി വിട്ടു കൊടുത്ത ദമ്പതികളോട് വഴി വെട്ടിയതിന്റെ ചെലവ് കൂടി വാങ്ങിയിരിക്കുകയാണ് സിപിഎം നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ. അയൽവാസിയാകട്ടെ വിട്ടു കിട്ടിയ വഴി ഒഴിവാക്കി വയോധിക ദമ്പതികളുടെ പറമ്പിന്റെ നടുവിലൂടെയുള്ള നടപ്പ് തുടരുകയും ചെയ്യുന്നു. സിപിഎം ഭരിക്കുന്ന ഇരവിപേരൂർ പഞ്ചായത്തിൽ ഓതറ ചേന്നമംഗലത്ത് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന നിർധന വൃദ്ധ ദമ്പതികളാണ് പാർട്ടിക്കാരുടെയും അയൽവാസിയുടെയും മാനസിക പീഡനം മൂലം വലയുന്നത്.

ഇവരുടെ പറമ്പിന്റെ മധ്യത്തിലൂടെയായിരുന്നു അയൽവാസി നടന്നിരുന്നത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട് പൊളിച്ച് പുതിയത പണിയാൻ തയ്യാറെടുക്കുമ്പോഴാണ് ഉടമയ്ക്ക് പറമ്പിന് നടുവിലൂടെയുള്ള നടപ്പു വഴി ബാധ്യതയായത്. ഇക്കാര്യം പഞ്ചായത്ത് അധികൃതരെ ധരിപ്പിച്ച ശേഷം മറ്റൊരു ഭാഗത്തു കൂടി അയൽവാസിക്ക് വഴി നൽകി. നേരത്തേയുണ്ടായിരുന്ന നടപ്പു വഴി മൂന്നടിയായിരുന്നെങ്കിൽ പുതിയ വഴിക്ക് അഞ്ചരയടി വീതിയുണ്ട്. 250 മീറ്റർ ദൂരത്തിൽ വഴി വിട്ട് നൽകിയപ്പോൾ ദമ്പതികൾക്ക് നഷ്ടമായത് മൂന്നു സെന്റ് ഭൂമിയാണ്.

വഴി വെട്ടാനുള്ള ചെലവും സ്ഥലം ഉടമ വഹിക്കേണ്ടി വന്നു. വൃക്ഷങ്ങൾ വെട്ടിമാറ്റുന്നതടക്കം വഴി തെളിക്കുന്നതിന് 16,000 രൂപ ചെലവായി. കല്ലിട്ട് വഴി തിരിച്ച് മുള്ളുവേലിയും സ്ഥാപിച്ചു. എന്നിട്ടും പ്രശ്നങ്ങൾ തുടരുകയാണ്. അയൽവാസി പഴയ വഴി തന്നെ ഉപയോഗിക്കുന്നു. പുതിയ വഴിയിൽ 6000 രൂപ മുടക്കി പാറമക്ക് ഇട്ട് നിരപ്പാക്കി കൊടുത്താലേ അതു വഴി പോകൂവെന്നാണ് അയൽവാസിയുടെ ഡിമാൻഡ്.

സിപിഎം ഭരിക്കുന്ന ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് സംഭവം. ഫെബ്രുവരി മുതൽ പ്രശ്ന പരിഹാരത്തിനായി പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ പിള്ള, സിപിഎം ലോക്കൽ സെക്രട്ടറി അനികുമാർ, സിപിഎം പ്രവർത്തകനായ രാഹുൽരാജ്, വാർഡ് മെമ്പർ ജിൻസൺ വർഗീസ്, എന്നിവരെ സമീപിച്ചിട്ടും പരിഹാരമില്ലാതെ തുടരുകയാണ്.

വഴിക്കായി 10 മൂട് തെങ്ങ് വെട്ടിമാറ്റി. ഇതിന് വെട്ടുകൂലി ഇനത്തിൽ 1600 രൂപ വീതം കണക്കിൽ 16000 രൂപ ചെലവായി. ഇതിന് പുറമേയാണ് ഇപ്പോൾ വെട്ടിയ വഴി ശരിയാക്കാൻ പാറമക്ക് കൂടി ഇറക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ സെക്രട്ടറിയും വാർഡ് മെമ്പറും ആവശ്യപ്പെട്ടിരിക്കുന്നത്. വാർഡ് അംഗം സിപിഐയുടെ പ്രതിനിധിയാണ്. പാർട്ടി അനുഭാവം വ്യക്തമാക്കാനായിരിക്കണം. വഴി കിട്ടിയ ആൾ ചിറ്റയം ഗോപകുമാറിന്റെ ചിത്രം വച്ച ടീ ഷർട്ടുമായാണ് നെഞ്ച് വിരിച്ച് നടക്കുന്നത്.

എന്തായാലും പരാതി പറയാൻ ഫോൺ വിളിച്ചാൽ ഇപ്പോൾ വാർഡ് മെമ്പർ ഫോൺ എടുക്കാറുമില്ല. മസിൽ പവറിന് മുൻപിൽ എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് വൃദ്ധ ദമ്പതികൾ.