കുവൈത്തിൽ ഗാർഹിതൊഴിലാളികൾക്കുള്ള കുറഞ്ഞ പ്രതിമാസ ശമ്പളം 60 കുവൈറ്റ് ദിനാറായി നിശ്ചയിച്ചു. ജോലി സമയം എട്ട് മണിക്കൂറായിരിക്കും. അധിക സമയം ജോലി ചെയ്താൽ അധിക വേതനം ആവശ്യപ്പെടാമെന്നും അധികൃതർ അറിയിച്ചു.

ഹൗസ് ഡ്രൈവർമാർ, വീട്ടുവേലക്കാർ, കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവർ, പാചകക്കാർ എന്നിവരാണ് ഗാർഹിക തൊഴിലാളികളുടെ ഗണത്തിൽപ്പെടുന്നത്. ആറുലക്ഷം ഗാർഹിക തൊഴിലാളികളു ള്ളതായാണ് രാജ്യത്ത് ഉള്ളത്. ഇവരുടെ പ്രതിമാസം 60 ദിനർ ശമ്പളവും, ഇവരുമായി ബന്ധപ്പെട്ട തർക്കങ്ങൾ മൂന്നു മാസത്തിനകം പരിഹരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ ഗാർഹിക തൊഴിലാളി വകുപ്പിന് അധികാരം നൽകിയിട്ടുള്ളതായി വകുപ്പ് മന്ത്രി ഷേഖ് മൊഹമ്മദ് അൽ ഖാലിദ് അൽ സാബാ അറിയിച്ചത്.

നാലു പ്രധാന വകുപ്പുകളിലായാണ് മന്ത്രിയുടെ ഉത്തരവ്. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുവേണ്ട ലൈസൻസ് ലഭിക്കുന്നതിനും ഉള്ള ലൈസൻസ് പുതുക്കുന്നതിനും ബന്ധപ്പെട്ട കമ്പനി പ്രാദേശിക ബാങ്കുകൾ വഴി ലക്ഷം ദീനാർ സെക്യൂരിറ്റി കെട്ടിവെക്കണമെന്നതാണ് ഒന്നാം വകുപ്പിലുള്ളത്. ഇത്തരം കമ്പനികളുടെ ഏതെങ്കിലും ശാഖകൾ തുടങ്ങുന്നതിനാണെങ്കിൽ തുടങ്ങുന്ന ഓരോ ബ്രാഞ്ചുകൾക്കും 40,000 ദീനാർ എന്ന തോതിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റിൽ സെക്യൂരിറ്റി നൽകണമെന്നും പുതിയ ഉത്തരവിലുണ്ട്.

കമ്പനി ആരംഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചതുമുതൽ രണ്ടു വർഷത്തേക്കായിരിക്കും ഇത്തരത്തിൽ സമ്പാദിക്കുന്ന ലൈസൻസിന്റെ കാലാവധി. ഇത്തരത്തിൽ ലൈസൻസ് കരസ്ഥമാക്കി ആരംഭിക്കുന്ന ഗാർഹിക തൊഴിലാളി റിക്രൂട്ടിങ് കമ്പനി വഴിയത്തെുന്ന തൊഴിലാളികൾക്ക് 60 ദീനാർ അടിസ്ഥാന ശമ്പളം നൽകണമെന്നാണ് രണ്ടാമത്തെ പ്രധാന ഉത്തരവ്.

ഇത്തരത്തിൽ കൊണ്ടുവരപ്പെടുന്ന ഗാർഹിക തൊഴിലാളികളും കമ്പനിയും തമ്മിൽ തർക്കങ്ങൾ ഉടലെടുക്കുകയാണെങ്കിൽ സർക്കാറിന് കീഴിലെ ബന്ധപ്പെട്ട ഗാർഹിക തൊഴിലാളി ഡിപ്പാർട്ട്‌മെന്റ് വഴിയാണ് പരിഹരിക്കപ്പെടേണ്ടത്.കരാറിലേർപ്പെട്ട തൊഴിലാളിയും തൊഴിൽ ദായകനും തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുത്താൽ ആർക്കുവേണമെങ്കിലും മന്ത്രാലയത്തിന് കീഴിലെ ഗാർഹിക തൊഴിലാളി ഡിപ്പാർട്ട്‌മെന്റിൽ നേരിട്ട് പരാതി നൽകാൻ അവകാശമുണ്ടായിരിക്കും.ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചാൽ എതിർ കക്ഷിയെ വിളിപ്പിച്ച് മൂന്നു മാസത്തിനുള്ളിൽ തീരുമാനം കൈക്കൊള്ളാൻ ഡിപ്പാർട്ട്‌മെന്റ് ബാധ്യസ്ഥമായിരിക്കും. തൊഴിലുടമക്കും തൊഴിലാളിക്കുമിടയിലെ പ്രശ്‌നങ്ങളിൽ തീർപ്പ് കൽപിച്ചുകൊണ്ട് ഡിപ്പാർട്ട്‌മെന്റ് നൽകുന്ന രേഖ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വഴി എവിടെവച്ചും കൈപ്പറ്റാൻ ഇരുവിഭാഗവും ബാധ്യസ്ഥരായിരിക്കും.

ഏതെങ്കിലും കാരണവശാൽ ഡിപ്പാർട്ട്‌മെന്റ് നൽകുന്ന നോട്ടീസ് കൈപ്പറ്റാതിരുന്നാൽ സമീപത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയാണ് ചെയ്യുക.പൊലീസായിരിക്കും പിന്നീട് പരാതി കൊടുക്കപ്പെടുന്നയാൾക്ക് നോട്ടീസ് കൈമാറുക. എതിർകക്ഷിയുടെ പരാതിയെതുടർന്ന് ഡിപ്പാർട്ട്‌മെന്റ് വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്നാൽ തൊഴിലാളിയാവട്ടെ തൊഴിൽ ദായകനാവട്ടെ കേസ് കോടതിയിലേക്ക് മാറ്റുകയാണ് പിന്നീട് ചെയ്യുക.

അതേസമയം, ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സ്ഥാപനം തുടങ്ങുന്നതിനുള്ള പുതിയ ലൈസൻസ് ഇഷ്യൂചെയ്യുന്നതിന് 100 ദീനാർ, ലൈസൻസ് പുതുക്കുന്നതിന് വർഷം പ്രതി 50 ദീനാർ, കേടുവന്നതോ നഷ്ടപ്പെട്ടതോ ആയ ലൈസൻസിന് പകരം ലഭിക്കുന്നതിന് 50 ദീനാർ, ലൈസൻസിൽ പുതിയ വിവരം കൂട്ടിച്ചേർക്കുന്നതിനും മാറ്റുന്നതിനും 50 ദീനാർ എന്ന തോതിൽ പിഴ ഒടുക്കണമെന്നും പുതിയ ഉത്തരവിലുണ്ട്.

കഴിഞ്ഞവർഷമായിരുന്നു ദേശീയ അസംബ്ലി ഗാർഹിക തൊഴിലാളികൾക്കുള്ള അവകാശങ്ങൾ പുതുക്കി നിശ്ചയിച്ചത്. ഇതനുസരിച്ച്, പ്രതിദിന ജോലിസമയം എട്ടുമണിക്കൂർ, ആഴ്ചയിലൊരിക്കൽനിർബന്ധിത അവധി, ശമ്പളത്തോടുകൂടി 30 ദിവസം വാർഷിക അവധി തുടങ്ങിയ ആനുകൂല്യങ്ങളും അനുവദിച്ചിരുന്നു.നാല് അംഗങ്ങൾ വരെയുള്ള കുടുംബത്തിന് ഒരു തൊഴിലാളിയുടെ സേവനം പ്രയോജനപ്പെടുത്താം.