കുവൈത്തിൽ പുകവലിക്കാരെയും മാലിന്യം വലിച്ചെറിയുന്നവരെയും പിടികൂടാൻ പരിസ്ഥിതി പൊലീസ് നിരീക്ഷണം വ്യാപിപ്പിക്കുന്നു. ഇതോടെ പൊതുസ്ഥലങ്ങളിലെ പുകവലിക്കുന്നവരും മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കും കർശന നടപടി നേരിടേണ്ടി വരും.

രാജ്യത്തു പൊതുസ്ഥലങ്ങളിലെ പുകവലി നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് കടുത്ത നടപടികൾ ഉണ്ടാകാത്തത് മൂലം നിരോധനം പൂർണാർഥത്തിൽ നടപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് അടുത്തിടെ രൂപീകരിക്കപ്പെട്ട പരിസ്ഥിതി പൊലീസിന്റെ സഹായത്തോടെ പുകവലി നിരോധനം കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്. ഷോപ്പിങ് മാളുകളും മറ്റും കേന്ദ്രീകരിച്ചു ആണ് ബോധവല്ക്കരണം നടത്തുകയും പുകവലിക്കാർക്ക് മുന്നറിയിപ്പ് നല്കുകയും ആണ് പരിസ്ഥിതി പൊലീസ് ആദ്യഘട്ടത്തിൽ ചെയ്യുക .

ബോധവല്ക്കരണ ക്യാമ്പയിന് കഴിഞ്ഞ ദിവസം അവന്യൂസ് മാളിൽ ആരംഭിച്ചു. പരിസ്ഥിതി പൊലീസ് മേധാവി മേജർ ജനറൽ ഹമദ് സരീഅ്, പരിശോധക വിഭാഗം തലവന്മാരായ ഹുസൈൻ അൽഅജ്മി, സഊദ് അൽഉതൈബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പയിൻ . പുകവലിക്കുന്നവരെ കണ്ടെത്തി ബോധവത്ക്കരണം നടത്തുകയും ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരെയും പരിസ്ഥിതി മലിനീകരണം നടത്തുന്നവരെയും കണ്ടെത്താനുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് . കഴിഞ്ഞ ദിവസം സുലൈബിയ പച്ചക്കറി മാർക്കറ്റിലും കബദിലെ കാംബിങ് പ്രദേശത്തും പൊലീസ് പരിശോധന നടത്തി. നിരവധി നിയമ ലംഘകർക്ക് പിഴയിടുകയും അനധികൃതമായി പ്രവർത്തിച്ച മൂന്നു പച്ചക്കറി സ്റ്റാളുകൾ അടച്ചു പൂട്ടുകയും ചെയ്തു.