കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനവും കർശനമായി നടപ്പാക്കാൻ അധികൃതർ പുതിയ പദ്ധകളുമായി രംഗത്തെത്തുന്നു.ഇതിനായി പരിസ്ഥിതി പൊലീസ് വിഭാഗത്തെ നിയമിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി ഷൈഖ് മുഹമ്മദ് അൽ സബാഹ് ഉത്തരവ് ഇറക്കി.

ഇത് പ്രകാരം ഓരോ പ്രദേശത്തും ഈ പൊലീസ് സേനയിലെ അംഗങ്ങളെ വിന്യസിക്കും. പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നവരെ പിടികൂടാനായി ആണ് ഇവർക്ക് ആദ്യ നിർദ്ദേശം നല്കിയിരിക്കുന്നത്. പുക വലിക്കുന്നത് പിടിക്കപ്പെട്ടാൽ ആദ്യ തവണ 50 ദിനാറും,രണ്ടാം തവണ 100 ദിനാറും പിഴയായി ഈടാക്കും.

മാളുകളിലും ഷോപ്പിങ് കോംപ്ലക്‌സുകളിലെ ഉടമകളുമായി ബന്ധപ്പെട്ട് പുകവലി നിരോധനം കർശനമായി നടപ്പാക്കും. മാളുകളിലെ റസ്റ്ററന്റുകളിൽ പുകവലിക്കാർ വേണ്ടിയുള്ള ആഷ്ട്രേകൾ നൽകുന്നില്ലായെന്ന് ഉറപ്പ് വരുത്തും. നിയമലംഘനം കണ്ടെത്തിയാൽ ഇവരിൽനിന്ന് 50,000 ദിനാർ വരെ പിഴ ഈടാക്കും. നിരോധനം ലംഘിച്ചു പുകവലിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കേണ്ട ചുമതല പൊലീസിനാണ്.