കുവൈത്ത് സിറ്റി: വിദേശികൾക്ക് വ്യക്തിഗത വായ്പകൾ നൽകുന്നതിന് കുവൈത്ത് സെൻട്രൽ ബാങ്ക് പുതിയ നിബന്ധന ഏർപ്പെടുത്തി. വായ്പ നൽകുമ്പോൾ വിവിധയിനങ്ങളിലെ തിരിച്ചടവിന്റെ ഭാഗമായുള്ള ശമ്പളത്തിലെ കുറവ് കൂടി കണക്കിലെടുക്കണമെന്നാണ് സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

ഇതോടെ, വിദേശികൾക്ക് വായ്പ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ രാജ്യത്തെ ബാങ്കുകൾ നിർബന്ധിതമാവും. ഇത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി മാറും.വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ സാധാരണയായി ബാങ്കുകളും ഫിനാൻഷ്യൽ സ്ഥാപനങ്ങളും പ്രവാസികളോട് ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ആവശ്യപ്പെടാറുണ്ട്. കഴിഞ്ഞ മൂന്നോ മുതൽ ആറ് മാസം വരെയുള്ളതോ ഒരു വർഷത്തെയോ സ്‌റ്റേറ്റ്‌മെന്റ് ആവശ്യപ്പെടാറുണ്ട്. വളഞ്ഞവഴിയിൽ പ്രവാസികൾ ലോൺ നേടിയെടുക്കുന്നത് ഒഴിവാക്കുന്നതിനാണ് അധികൃതരുടെ ശ്രമം. ഒരാഴ്ചയ്ക്കുള്ളിൽ ലോൺ പ്രോസസിങ് നടത്താറുണ്ട്.

നിലവിൽ ഒരു വർഷത്തെയോ ആറുമാസത്തെയോ മൂന്നുമാസത്തെയോ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അടിസ്ഥാനമാക്കിയാണ് മിക്ക ബാങ്കുകളും വായ്പ അനുവദിക്കുന്നത്. എന്നാൽ, അതിൽ പലപ്പോഴും വിവിധയിനങ്ങളിലെ തിരിച്ചടവിന്റെ ഭാഗമായുള്ള ശമ്പളത്തിലെ കുറവ് കാണിക്കാറില്‌ളെന്ന് സെൻട്രൽ ബാങ്ക് നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് പരിഹരിക്കുന്ന രീതിയിലുള്ള സ്റ്റേറ്റ്‌മെന്റ് വേണം ബാങ്കുകൾ വായ്പഅനുവദിക്കുന്നതിനായി ആവശ്യപ്പെടാൻ എന്നാണ് നിർദേശത്തിൽ പറയുന്നത്.

വിദേശികൾക്ക് വ്യക്തിഗത വായ്പകൾ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തി മറ്റൊരു നിർദ്ദേശം കഴിഞ്ഞ നവംബറിൽ സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ചിരുന്നു. തുക പൂർണമായും രാജ്യത്തിനകത്തുതന്നെ ചെലവഴിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വായ്പ അനുവദിച്ചാൽ മതിയെന്നായിരുന്നു ഇത്. രാജ്യത്തിനകത്ത് തന്നെ വായ്പ തുക ചെലവഴിക്കുമെന്നതിനുള്ള രേഖകൾ കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇത്
ഹാജരാക്കാത്തവർക്ക് വായ്പ നൽകരുത് തുടങ്ങിയവയായിരുന്നു നിർദേശത്തിലുണ്ടായിരുന്നത്. എന്നാൽ, ഇത് എങ്ങനെ ഹാജരാക്കുമെന്നതിലെ സാങ്കേതിക പ്രശ്‌നം പ്രയാസം സൃഷ്ടിക്കുന്നതായി ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇതുകൊണ്ടുതന്നെ മിക്ക ബാങ്കുകളും വിദേശികൾക്ക് വ്യക്തിഗത വായ്പകൾ നൽകുന്നത് നിർത്തിവച്ചിരിക്കുകയാണ്.