കുവൈത്തിൽ നിയമവിരുദ്ധരെ കണ്ടെത്താനുള്ള പൊലീസ് പരിശോധനകളിൽ പിടിയിലായ വിദേശികളെ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പിടിയിലായവരാൽ നാടുകടത്തൽ കേന്ദ്രങ്ങൾ നിറഞ്ഞതോടെയാണ് നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുന്നത്. ഇഖാമ, ലംഘനത്തിന് പുറമേ മറ്റു പല കേസുകളിൽപ്പെട്ടവരും സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ പിടിയിലായി ലോക്കപ്പുകളിൽ കഴിയുന്നുണ്ട്.

വിവിധ കേന്ദ്രങ്ങളിലായി നാടുകടത്തലിനു ഊഴം കാത്തു കഴിയുന്നത് 1,558 വിദേശികൾ ആണ്. നടപടികൾ വേഗത്തിലാക്കാൻ ഗവർണറേറ്റ് സുരക്ഷാ തലവന്മാർക്കു അധികൃതർ നിർദ്ദേശം നൽകി.അടുത്തിടെ ഇഖാമ, താമസ നിയമ ലംഘകരെ കണ്ടത്തെുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതിനെ തുടർന്നാണ് നാടുകടത്താനുള്ളവരുടെ എണ്ണം വർധിച്ചത്. ഇഖാമലംഘകരെ നാടുകടത്തുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ എല്ലാ ഗവർണറേറ്റ് സുരക്ഷാ തലവന്മാർക്കും നിർദ്ദേശം നൽകിയതായി പൊതു സുരക്ഷാ വിഭാഗം മേധാവി മേജർ ജെനറൽ മേജർ ജനറൽ അബ്ദുൽ ഫത്താഹ് അലി പറഞ്ഞു.

രാജ്യത്ത് നിയമലംഘകർക്ക് വേണ്ടിയുള്ള പരിശോധന തുടരുന്ന സാഹചര്യത്തിൽ നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളവരെ ഉടൻ നാടുകടത്തേണ്ടതുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. നടപടികൾ വൈകുന്നതിനുള്ള പ്രധാന കാരണം എംബസികളുടെ നിസ്സഹകരണമാണെന്ന് അടുത്തിടെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പാസ്‌പോർട്ട് കൈവശമില്ലാത്ത വിദേശികൾക്ക് ആവശ്യമായ താൽക്കാലിക ഔട്ട്പാസ് നൽകുന്ന കാര്യത്തിൽ അതത് രാജ്യങ്ങളിലെ എംബസികൾ വേണ്ടത്ര താൽപര്യം കാണിക്കുന്നില്ലെന്നായിരുന്നു അധികൃതരുടെ പരാതി.