മനാമ: കഴിഞ്ഞ 9 മാസത്തിനിടെ വിവിധ നിയമലംഘനങ്ങളുടെ പേരിൽ കുവൈത്ത് നാടുകടത്തിയത് 20,000 വിദേശികളെ.റെസിഡന്റ്‌സ്, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാണ് നാടുകടത്തപ്പെട്ടത്.

ജോലിയില്ലാത്തവർ, ഒറ്റപ്പെട്ട ജോലികൾ ചെയ്യുന്നവർ, യാചകർ, മദ്യവില്പന നടത്തിയവർ, സംശയകരമായ പ്രവർത്തനങ്ങൾക്ക് ഫ്‌ലാറ്റുകൾ ഉപയോഗിച്ചവർ, അധാർമ്മീക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ തുടങ്ങിയവരാണ് ഇവർ. വിവിധ രാജ്യക്കാരും ഇതിൽ
ഉൾപ്പെടും.

അതേസമയം, 7,000 പേരെ ഉടൻ നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു. ഇവരുടെ പേപ്പർ വർക്കുകൾ പുരോഗമിക്കുകയാണ്. അത്പൂർത്തിയായാലുടൻ നാടുകടത്താനാണ് തീരുമാനം.ലോകകപ്പുകളിൽ കഴിയുന്നവരെ എത്രയും പെട്ടെന്ന് സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുന്നതിനുള്ള നീക്കത്തിലാണ് ആഭ്യന്തര മന്ത്രാലയം. ഇവരുടെ യാത്രാ ടിക്കറ്റ് ലഭ്യമാക്കുന്നതിനു സ്‌പോൺസർമാരുമായി ബന്ധപ്പെട്ടു വരുന്നതായും അധികം വൈകാതെ മുഴുവൻ പേരെയും കയറ്റി അയക്കാൻ കഴിയുമെന്നുമാണ് സുരക്ഷാ വിഭാഗത്തിന്റെ കണക്കു കൂട്ടൽ.എഴായിരത്തോളം വിദേശികൾ നാടുകടത്തൽ നടപടി കാത്തു പൊലീസ് ലോക്കപ്പുകളിൽ കഴിയുന്നതായും സുരക്ഷാ വിഭാഗം വെളിപ്പെടുത്തി.

പലപ്പോഴും ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ നൽകുന്ന വിസയിലാണ് ഇത്തരക്കാർ കുവൈത്തിലേക്ക് എത്തുന്നത്. രാജ്യത്തെ തൊഴിൽ വിപണിയെ അപകീർത്തി പെടുത്തുന്ന ഇത്തരം സംഘങ്ങളെ പൂർണമായി ഇല്ലാതാക്കുകയാണ് പ്രശ്‌ന പരിഹാരമായി നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഉത്പാദനപരമായ യാതൊരു പ്രവർത്തനവും ഇല്ലാതെ വിസക്കച്ചവടത്തിനു വേണ്ടി മാത്രം 200 ലേറെ ഊഹക്കമ്പനികൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതായി തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹ് മാസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. നിയമങ്ങൾ അനുസരിക്കാത്ത മുഴുവൻ വിദേശികളെയും നാടുകടത്തുമെന്നാണ് അധികൃതരുടെ നിലപാട്.